സെയ്ഷെം ട്രോഫി അണ്ടർ-19 ക്രിക്കറ്റ്:ഹിമാചൽ പ്രദേശിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയം

സെയ്ഷെം ട്രോഫി അണ്ടർ-19 ക്രിക്കറ്റ്:ഹിമാചൽ പ്രദേശിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയം

പോണ്ടിച്ചേരി: സെയ്ഷെം ട്രോഫി  അണ്ടർ-19 അന്തർ സംസ്ഥാന ദ്വിദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ഹിമാചൽ പ്രദേശിനെതിരെ കേരളത്തിന് 110 റൺസിന്റെ ഉജ്ജ്വല വിജയം (Seychem Trophy U19 Cricket). അമയ് മനോജിന്റെ തകർപ്പൻ സെഞ്ച്വറിയുടെയും മുഹമ്മദ് റെയ്ഹാന്റെ മാരക ബോളിങ് പ്രകടനത്തിന്റെയും കരുത്തിലാണ് കേരളം ഹിമാചലിനെ തറപറ്റിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 353 റൺസിന് ഓൾ ഔട്ടായപ്പോൾ, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹിമാചൽ പ്രദേശിൻ്റെ പോരാട്ടം 243 റൺസിൽ അവസാനിച്ചു.മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. വെറും 76 റൺസെടുക്കുന്നതിനിടെ പ്രമുഖരായ നാല് വിക്കറ്റുകൾ കേരളത്തിന് നഷ്ടമായി. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച അമയ് മനോജും ജയ്ദേവ് ജെ. നായരും ചേർന്ന് 122 റൺസിൻ്റെ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി കേരളത്തെ വലിയ തകർച്ചയിൽ നിന്നും കരകയറ്റി. ജയ്ദേവ് 64 റൺസെടുത്ത് പുറത്തായെങ്കിലും തുടർന്നെത്തിയ ഇഷാൻ കുനാലും (45) തോമസ് മാത്യവും (43) അമയിന് മികച്ച പിന്തുണ നൽകി സ്കോർ ഉയർത്തി. മറുഭാഗത്ത് ക്രീസിൽ ഉറച്ചുനിന്ന് ബാറ്റ് ചെയ്ത അമയ് മനോജ് 104 റൺസെന്ന തകർപ്പൻ സെഞ്ച്വറി തികച്ചു. ഹിമാചൽ പ്രദേശിന് വേണ്ടി സാഹിൽ കുമാർ മൂന്നും ശിവം ശർമ്മ, ഹാർദിക് ശർമ്മ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

തുടർന്ന് 354 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹിമാചൽപ്രദേശ് കേരളത്തിന്റെ മുഹമ്മദ് റെയ്ഹാൻ്റെ തകർപ്പൻ ബൗളിങ്ങിന് മുന്നിൽ അക്ഷരാർത്ഥത്തിൽ തകർന്നടിയുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയ റെയ്ഹാൻ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കി. 48 റൺസെടുത്ത കിഷൻ കുമാറും 37 റൺസെടുത്ത കൃഷ് ജെയിനും മാത്രമാണ് ഹിമാചൽ ബാറ്റിങ് നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്. ഒടുവിൽ 243 റൺസിന് ഹിമാചൽ പ്രദേശിൻ്റെ ഇന്നിങ്സിന് വിരാമമായി. കേരളത്തിന് വേണ്ടി അൽ അമീൻ രണ്ട് വിക്കറ്റ് വീഴ്ത്തി. ബോളിങ്ങിൽ നിർണ്ണായക പ്രകടനം കാഴ്ചവെച്ച മുഹമ്മദ് റെയ്ഹാനെ പ്ലെയർ ഓഫ് ദി മാച്ച് (Player of the Match) ആയി തെരഞ്ഞെടുത്തു.