കേതൻ അഗർവാളിൻ്റെ കൊലപാതകം : കമിതാക്കൾ ആസൂത്രിതമായ് ചെയ്‌ത കൃത്യം

മുംബൈ : പുണെയിലെ കേതൻ അഗർവാളിൻ്റെ കൊലപാതകത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് അന്വേഷണം ഊർജിതമാക്കി ലോണാവാല റൂറൽ പൊലീസ്.കൊലപാതകത്തിലെ പ്രതികളിലൊരാളായ സിയ ഗോയലിൻ്റെ സഹോദരൻ സാഹിൽ ഗോയലിനെ ഇന്നലെ പത്തുമണിക്കൂറോളം ചോദ്യം ചെയ്ത ശേഷം രാത്രി വൈകിയാണ് വീട്ടിലേക്ക് പോകാൻ അനുവദിച്ചത്. തൻ്റെ സഹോദരിക്ക് കാമുകനും കൂട്ടുപ്രതിയുമായ ചേതൻ ചൗധരിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് സാഹിലിൽ നിന്ന് വിവരങ്ങൾ തേടിയത്. വെള്ളിയാഴ്ച രാവിലെ ചോദ്യം ചെയ്യാനായി വിളിപ്പിച്ച ഇയാളെ രാത്രി വൈകിയാണ് വിട്ടയച്ചതെന്ന് ലോണാവാല റൂറൽ പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ജൂൺ 18ന് ലോഹഗഡ് കോട്ടയിലെ കൊക്കയിലേക്ക് തൻ്റെ പ്രതിശ്രുത വരനായ കേതൻ അഗർവാളിനെ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന കുറ്റത്തിനാണ് സിയയെയും ചേതനെയും പോലീസ് അറസ്റ്റ് ചെയ്തത്.കുറ്റകൃത്യത്തിന് മുൻപും ശേഷവുമുള്ള ഫോൺ ചാറ്റ് ഹിസ്റ്ററിയും റീസൈക്കിൾ ബിന്നിലെ വിവരങ്ങളും പ്രതികളായ സിയയും ചേതനും ആസൂത്രിതമായി മായ്ച്ചുകളഞ്ഞതായി കണ്ടെത്തിയതോടെ കേതൻ്റെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. ഡിലീറ്റ് ചെയ്ത ചാറ്റുകളുടെ വിവരങ്ങൾ വീണ്ടെടുക്കുന്നതിനായി ഇരുവരുടെയും മൊബൈൽ ഫോണുകൾ ഫൊറൻസിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കൊലപാതകം ആസൂത്രണം ചെയ്യുന്നതിനായി പ്രതികൾ ഇരുവരും കൃത്യമായ ഗൂഢാലോചന നടത്തിയതിൻ്റെ ലക്ഷണങ്ങൾ കാണിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് മുൻപുള്ള ആറുമാസത്തോളം ഇരുപതുകാരിയായ സിയയും കാമുകനായ ഇരുപത്തിരണ്ടുകാരൻ ചൗധരിയും നിരന്തരം ബന്ധപ്പെട്ടിരുന്നതായി പുണെ റൂറൽ പൊലീസിൻ്റെ അന്വേഷണത്തിൽ വ്യക്തമായി. ഇവരുടെ മൊബൈൽ ഫോൺ രേഖകളിൽ നിന്ന് 238 മണിക്കൂറോളം നീളുന്ന 2,004 ഫോൺ കോളുകൾ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കുറ്റകൃത്യം നടന്ന ദിവസം ഇരുവരും ഒരു കഫേയിൽ വച്ച് കണ്ടുമുട്ടിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ടെലിവിഷൻ ചാനലുകളിലൂടെ പുറത്തുവന്നിരുന്നു. കൊലപാതക പദ്ധതിക്ക് അന്തിമരൂപം നൽകാനാണ് സിയയും ചേതനും കഫേയിൽ കണ്ടുമുട്ടിയതെന്ന് പൊലീസ് റിപ്പോർട്ടുകൾ പറയുന്നു. മാവൽ താലൂക്കിലെ ലോഹഗഡ് കോട്ടയിൽ കേതനെ തള്ളിയിടേണ്ട കൃത്യമായ സ്ഥലം ഇവർ മാപ്പിൽ നോക്കി മനസ്സിലാക്കുന്നത് ദൃശ്യങ്ങളിലുണ്ടെന്നാണ് റിപ്പോർട്ട്.
കൊലപ്പെടുത്തുന്നതിൽ രണ്ടുപ്രതികൾക്കും തുല്യമായ പങ്ക്
രണ്ട് പ്രതികൾക്കും ഇതിൽ കൃത്യമായ പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഉറപ്പിച്ചിട്ടുണ്ടെന്ന് ലോണാവാല ഡിവിഷൻ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഗജാനൻ ടോൺപെ പറഞ്ഞു. സിയയുടെ സഹോദരനെ വിളിപ്പിച്ചതായും കൂടുതൽ ചോദ്യം ചെയ്യലിനായി മറ്റ് ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിപ്പിക്കുമെന്നും പൊലീസ് സ്ഥിരീകരിച്ചു. ചോദ്യം ചെയ്യാനായി സിയയുടെ സഹോദരനെ വിളിപ്പിച്ചിരുന്നുവെന്നും ഇനി മറ്റ് അംഗങ്ങളെയും സുഹൃത്തുക്കളെയും വിളിപ്പിക്കുമെന്നും കേതൻ്റെ കൊലപാതകത്തിൽ സിയയുടെയും ചേതൻ്റെയും പങ്ക് ഇതുവരെ തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ടോൺപെ വ്യക്തമാക്കി.കുറ്റകൃത്യം നടന്ന സ്ഥലമായ ലോഹഗഡിലെ കൊക്കയുടെ അടുത്ത് താൻ ഉണ്ടായിരുന്നില്ലെന്നാണ് ചൗധരി ആദ്യം അവകാശപ്പെട്ടതെങ്കിലും വിശദമായ ചോദ്യം ചെയ്യലിൽ അയാളുടെ വാദങ്ങൾ പൊളിയുന്നത് പൊലീസ് ഉദ്യോഗസ്ഥർ ശ്രദ്ധിച്ചു. സിയയെയും ചേതനെയും മണിക്കൂറുകളോളം ചോദ്യം ചെയ്തതിനൊടുവിൽ ഇരുവരും കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ട്. ചേതൻ കള്ളം പറയുകയാണെന്ന് വ്യക്തമായിരുന്നുവെന്ന് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഒടുവിൽ ഇരുവരും തങ്ങളുടെ പങ്ക് സമ്മതിക്കുകയും സംഭവവികാസങ്ങൾ മുഴുവൻ വിവരിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. അന്തിമ പദ്ധതിയനുസരിച്ച് താൻ ചേതന് മുൻകൂട്ടി നിശ്ചയിച്ച സിഗ്നൽ നൽകിയതായി സിയ കുറ്റസമ്മതത്തിൽ പറഞ്ഞതായി പൊലീസ് പറഞ്ഞു . അവൾ കൊക്കയുടെ അരികിൽ ഇരുന്നതോടെ, ദമ്പതികളെ പിന്തുടരുകയായിരുന്ന ചേതൻ പിന്നിലൂടെ വന്ന് യാതൊന്നും സംശയിക്കാതിരുന്ന കേതനെ കൊക്കയിലേക്ക് തള്ളിയിടുകയായിരുന്നു.
ഇരയുടെ കുടുംബത്തെ കണ്ട് മുഖ്യമന്ത്രി ഫഡ്‌നാവിസ്
കുറ്റകൃത്യത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ ഉടനടി ഇടപെടുകയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പുണെയിൽ വച്ച് ഇരയുടെ പിതാവ് വിശാൽ അഗർവാളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കുടുംബത്തിന് പൂർണ പിന്തുണ ഉറപ്പുനൽകിയ അദ്ദേഹത്തിന് പൊലീസ് അന്വേഷണത്തിൻ്റെ വിവരങ്ങൾ കൈമാറിയിട്ടുണ്ട്. കേസ് അതിവേഗ കോടതിയിൽ പരിഗണിക്കണമെന്ന കുടുംബത്തിൻ്റെ ആവശ്യങ്ങൾ സംസ്ഥാനം ഔദ്യോഗികമായി അംഗീകരിക്കുകയും മുതിർന്ന അഭിഭാഷകൻ ഉജ്ജ്വൽ നിക്കത്തിനെ ഈ കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുകയും ചെയ്തു.ലോഹഗഡ് കോട്ടയിലെ സംഭവം ആഴത്തിലുള്ള ആത്മപരിശോധന ആവശ്യമുള്ള അസ്വസ്ഥജനകമായ ഒരു സാമൂഹിക പ്രവണതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പിന്നീട് ഫഡ്‌നാവിസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതൊരു അങ്ങേയറ്റം ഞെട്ടിക്കുന്നതും മനസ്സിലാക്കാൻ കഴിയാത്തതുമായ സംഭവമാണെന്നും നല്ല കുടുംബങ്ങളിൽ നിന്നുള്ള വിദ്യാസമ്പന്നരായ യുവതീയുവാക്കൾക്ക് ഇത്തരം ക്രിമിനൽ ഉദ്ദേശ്യങ്ങളും പ്രതികാരദാഹവും ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് ഒരു സമൂഹമെന്ന നിലയിൽ നാം ചിന്തിക്കേണ്ടതുണ്ടെന്നും ഇതൊരു ക്രിമിനൽ പ്രശ്നം മാത്രമല്ല, ഇതിനൊരു സാമൂഹിക വശം കൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നവംബറിലായിരുന്നു കേതൻ്റെയും സിയയുടെയും വിവാഹം നിശ്ചയിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് കേതനെ ഇല്ലാതാക്കാൻ അവൾ ചേതനുമായി ഗൂഢാലോചന നടത്തുകയും പദ്ധതി വിജയകരമായി നടപ്പിലാക്കുകയുമായിരുന്നു. ജൂൺ 18ന് ലോഹഗഡ് കോട്ട സന്ദർശിക്കാൻ തൻ്റെ മകൾക്ക് താല്പര്യമില്ലായിരുന്നുവെന്നും കേതനും അവൻ്റെ അമ്മയും ചേർന്നാണ് അവളെ ആ യാത്രയ്ക്ക് നിർബന്ധിച്ചതെന്നും സിയയുടെ അമ്മ അവകാശപ്പെട്ടു. ജൂൺ 17ന് വൈകുന്നേരം സിയയും കേതനും വീഡിയോ കോളിൽ സംസാരിച്ചിരുന്നുവെന്നും അതിനിടെ തന്നോടൊപ്പം ലോഹഗഡിലേക്ക് വരാൻ കേതൻ അവളോട് ആവശ്യപ്പെട്ടുവെന്നും അമ്മ പറഞ്ഞു. കോളിനിടെ കേതൻ്റെ അമ്മയും സിയയോട് സംസാരിക്കുകയും അവനോടൊപ്പം പോകാൻ നിർബന്ധിക്കുകയും ചെയ്തു. പിറ്റേദിവസം ഒരു ചടങ്ങുള്ളതിനാൽ തനിക്ക് വിശ്രമിക്കണമെന്നും യാത്രയ്ക്ക് പോകാൻ താല്പര്യമില്ലെന്നും സിയ അവരോട് പറഞ്ഞിരുന്നതായി അമ്മ പറഞ്ഞു.