രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് കെപിസിസിയും സിപിഎമ്മും

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് കെപിസിസിയും സിപിഎമ്മും

തിരുവനന്തപുരം: പാർട്ടിയിൽനിന്ന് പുറത്താക്കിയ സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. എംഎൽഎ സ്ഥാനം രാജിവയ്‌ക്കേണ്ട കാര്യം അദ്ദേഹം വ്യക്തിപരമായി തീരുമാനിക്കേണ്ടതാണെന്നും ഇടുക്കിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ സണ്ണി ജോസഫ് വ്യക്തമാക്കി. രാഹുൽ സ്വമേധയാ രാജിവയ്ക്കുമെന്നാണ് കരുതുന്നതെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശും പ്രതികരിച്ചു.

രാഹുലിനെ പുറത്താക്കാനുള്ള കെപിസിസി തീരുമാനത്തിന് എഐസിസി അംഗീകാരം നൽകിയിട്ടുണ്ട്. പുറത്താക്കൽ നടപടി ഒട്ടും വൈകിയിട്ടില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായാണ് ഈ തീരുമാനമെടുത്തതെന്നും സണ്ണി ജോസഫ് അറിയിച്ചു. രാഹുലുമായി നല്ല ബന്ധം പുലർത്തുന്നവർ പോലും പാർട്ടിയുടെ തീരുമാനത്തിനൊപ്പം ഉറച്ചുനിന്നു.കോൺഗ്രസ് കൈക്കൊണ്ടത് തികച്ചും മാതൃകാപരമായ തീരുമാനമാണെന്നും പാർട്ടിയെടുത്ത ഈ നിലപാടിന് ജനങ്ങളുടെ വിശ്വാസ്യത ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കളവുകേസുകാർക്കെതിരെ നടപടി സ്വീകരിക്കാത്ത സിപിഎമ്മും രാഹുലിനെതിരെ നടപടിയെടുത്ത കോൺഗ്രസും തമ്മിലുള്ള വ്യത്യാസം ജനങ്ങൾക്ക് ബോധ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുലിനെതിരെ രണ്ടാമത്തെ പരാതി വന്നപ്പോൾ തന്നെ അക്കാര്യം പരിശോധിച്ച് നടപടിയെടുക്കാൻ തീരുമാനിച്ചിരുന്നുവെന്നും അത് ഇന്ന് പ്രഖ്യാപിച്ചുവെന്നു മാത്രമേയുള്ളുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സമാനമായ കേസുകളിൽ ആരോപണ വിധേയരായവർക്കെതിരെ നടപടിയെടുക്കാൻ സിപിഎമ്മിനെയും വി ഡി സതീശൻ വെല്ലുവിളിച്ചു. ആദ്യം പരാതി വന്നപ്പോൾ തന്നെ ഏകകണ്ഠമായി രാഹുലിനെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചിരുന്നു.നേതാക്കളെല്ലാം കൂട്ടായെടുത്ത തീരുമാനമായിരുന്നു അത്. രാഹുലിനെതിരെ രണ്ടാമത്തെ പരാതി കൂടി വന്നതോടെ ഇന്നലെ തന്നെ രാഹുലിനെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ നേതൃത്വം കൂടിയാലോചിച്ച് ഏകകണ്ഠമായി തീരുമാനമെടുത്തിരുന്നു. തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഇന്നലെയാണോ ഇന്നാണോ എന്നതിൽ പ്രസക്തിയില്ല. തൻ്റെ പാർട്ടിയിൽ തനിക്ക് അഭിമാനമുണ്ട്. ഇത്തരമൊരു തീരുമാനം കൂട്ടായാണ് എടുത്തതെന്നും വി ഡി സതീശൻ പറഞ്ഞു.

ആദ്യമെടുത്ത തീരുമാനം ശരിയായെന്ന് പുറത്താക്കിയ നടപടിയോടെ വ്യക്തമായി. ഇന്നലെയെടുത്ത തീരുമാനം ഇന്ന് പ്രഖ്യാപിച്ചുവെന്ന് മാത്രമേയുള്ളു. മിനിഞ്ഞാന്നാണ് കെപിസിസി അധ്യക്ഷന് പരാതി ലഭിക്കുന്നത്. ആ പരാതിയാണ് കെപിസിസിക്ക് ആദ്യമായി ലഭിച്ചത്. അതിന് മുൻപ് അത്തരം പരാതിയൊന്നും വന്നിരുന്നില്ല. ആദ്യത്തെ പരാതിക്കാരി മുഖ്യമന്ത്രിക്ക് നൽകിയ പരാതി കെപിസിസി അധ്യക്ഷനും ലഭിച്ചിരുന്നു. മുഖ്യമന്ത്രിക്ക് പരാതി നൽകിയശേഷമാണ് തങ്ങൾക്ക് പരാതി ലഭിക്കുന്നത്. അതിൽ നടപടിയെടുക്കുന്നതിന് മുൻപ് തന്നെ പൊലീസ് തുടർ നടപടി സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ടായിരുന്നു.

ഇനി രാഹുൽ രാജിവയ്ക്കുകയോ വയ്ക്കാതിരിക്കുകയോ എന്നൊക്കെ അദ്ദേഹത്തിൻ്റെ തീരുമാനമാണ്. എന്ത് തീരുമാനമെടുത്താലും കുഴപ്പമില്ല. ഇനി പാർട്ടിക്ക് യാതൊരു ബാധ്യതയുമില്ല. ഇനി ഒന്ന് രണ്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. പാർട്ടിയിൽ നിന്ന് പുറത്താക്കി കഴിഞ്ഞു. അതിനാൽ രാജിയുടെ കാര്യത്തിൽ എന്തു തീരുമാനം വേണമെങ്കിലും എടുത്തോട്ടെ എന്നും സതീശൻ വ്യക്തമാക്കി.

പീഡന കേസിലെ പ്രതി സിപിഎം എംഎൽഎയായി ഇപ്പോഴും ഇരിക്കുകയാണ്. അതേക്കുറിച്ച് ചോദിക്കാൻ ആരെങ്കിലും തയാറാകുമോ? ഇത്തരമൊരു നടപടിയെടുക്കാൻ സിപിഎം തയാറാകുമോ? അങ്ങനെയിരിക്കെയാണ് പരാതി ലഭിച്ചയുടനെ കോൺഗ്രസ് നേതാവിനെതിരെ തങ്ങൾ നടപടിയെടുത്തത്. ഇനി കോൺഗ്രസിനെ ഇക്കാര്യത്തിൽ ചോദ്യം ചെയ്യാൻ കഴിയില്ല.രാഹുലിനെതിരെ പരാതി ലഭിക്കുമെന്ന് മുഖ്യമന്ത്രിക്ക് നേരത്തെ അറിയാമായിരുന്നു. രാഹുലിനെതിരെ നടപടിയെടുക്കണമെന്ന് സർക്കാരിന് താത്പര്യമുണ്ടായിരുന്നില്ല. അങ്ങനെയായിരുന്നെങ്കിൽ അറസ്റ്റ് നേരത്തെ ആകാമായിരുന്നു. തെരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ ഈ വിഷയം ലൈവായി നിലനിർത്തുകയെന്ന ഉദ്ദേശമായിരുന്നു സിപിഎമ്മിനും സർക്കാരിനും ഉണ്ടായിരുന്നത്. ശബരിമല സ്വർണക്കൊള്ളയടക്കം മറച്ചുപിടിക്കാനായിരുന്നു ഈ കേസ് ലൈവായി നിലനിർത്തിയത്. കോൺഗ്രസ് പാർട്ടി ഗംഭീരമായ തീരുമാനമാണ് ഇപ്പോൾ സ്വീകരിച്ചത്. ഇത്തരത്തിലൊരു തീരുമാനം സിപിഎമ്മിന് എടുക്കാൻ കഴിയുമോയെന്നും വി ഡി സതീശൻ ചോദിച്ചു.

പിന്തുണ രാഷ്ട്രീയപരമായി മാത്രം: ഷാഫി പറമ്പിൽ

കോൺഗ്രസിൽനിന്ന് പുറത്താക്കിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് ഷാഫി പറമ്പിൽ എംപി. രാഹുലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രമാണെന്നും രാഹുൽ വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്നും ഷാഫി വ്യക്തമാക്കി. രാഹുലുമായി വ്യക്തിപരമായി ഉണ്ടായിരുന്ന സൗഹൃദത്തെ പാർട്ടിയിലേക്ക് കൊണ്ടുവന്നിട്ടില്ല.രാഹുലിൻ്റെ സംഘടനാ പ്രവർത്തനത്തിലെ മികവ് പരിഗണിച്ചാണ് പിന്തുണച്ചത്. വ്യക്തിപരമായി ആരിലേക്കും ചൂഴ്ന്നിറങ്ങിയിട്ടില്ല. ആ സമയത്ത് ക്രിമിനൽ പരാതികൾ ഉണ്ടായിരുന്നില്ല. പരാതി ലഭിച്ചപ്പോൾ തന്നെ പാർട്ടി നടപടി സ്വീകരിച്ചതാണ്. കോൺഗ്രസ് എടുത്ത നടപടി മറ്റു പാർട്ടികൾ ഇതുവരെ എടുത്തിട്ടില്ല. പാർട്ടി നടപടിക്കൊപ്പമാണ് താനുള്ളതെന്നും രാഹുലിൻ്റെ ക്രിമിനൽ സ്വഭാവമുള്ള പരാതി രേഖാമൂലം ലഭിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി വിധിയെയും പുറത്താക്കിയ കെപിസിസിയുടെ നടപടിയേയും സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്തെത്തി. രണ്ടു തീരുമാനങ്ങളും പൊതുസമൂഹത്തിന് സന്തോഷം നൽകുന്നതാണെന്നും രാഹുലിനായി പാർട്ടിയിൽ ഇനി ആരും വാദിക്കരുതെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ധാർമികതയുണ്ടെങ്കിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണം. ധാർമികത എന്ന് പറയുന്നില്ല.

മാതൃകാപരമായ നടപടിയെന്ന് തിരുവഞ്ചൂർ

രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയത് മാതൃകാപരമായ നടപടിയാണെന്ന് കോൺഗ്രസ് അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. എല്ലാവർക്കും മാതൃകയാകുന്ന തീരുമാനമാണ് പാർട്ടി സ്വീകരിച്ചത്. ഈ വിഷയത്തിൽ രാഹുലിനെ മുൻനിർത്തി കോൺഗ്രസിനെ ആക്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുൽ ഇപ്പോൾ കോൺഗ്രസ് എംഎൽഎ അല്ല. എംഎൽഎ സ്ഥാനം രാജിവയ്ക്കണോ എന്ന് തീരുമാനിക്കേണ്ടത് രാഹുൽ മാങ്കൂട്ടത്തിലാണെന്നും തിരുവഞ്ചൂർ കോട്ടയത്ത് പറഞ്ഞു.

ഇത്തരം വിഷയങ്ങളിൽ പാർട്ടിയുടെ അന്തസ് ഉയർത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കി. പൊതുജനങ്ങളുടെ ഇടയിലുള്ള പാർട്ടിയുടെ പ്രതിച്ഛായ നിലനിർത്തേണ്ടതുണ്ട്. അത്തരം കാര്യങ്ങൾ ആലോചിച്ചാണ് കെപിസിസി തീരുമാനമെടുത്തതെന്നും അത് എഐസിസി അംഗീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎ സ്ഥാനത്ത് തുടരുന്ന കാര്യം രാഹുലാണ് തീരുമാനിക്കേണ്ടത്.

ആരോപണം ഉണ്ടായപ്പോൾ തന്നെ പാർട്ടി നിലപാടെടുത്തതായും കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടി ഏറ്റവും വേഗത്തിൽ എടുത്ത തീരുമാനമാണിതെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു. ആരോപണം വന്ന ഉടനെ തന്നെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും പിന്നീട് പാർട്ടിയിൽനിന്നും രാഹുലിനെ സസ്‌പെൻഡ് ചെയ്തിരുന്നുവെന്ന് അടൂർ പ്രകാശ് ചൂണ്ടിക്കാട്ടി. പാർട്ടി എന്ന നിലയിൽ യഥാസമയം നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.

പാർട്ടി നടപടിയിൽ വനിത നേതാക്കളുടെ പിന്തുണ:

ഗുരുതരമായ ലൈംഗിക പീഡന പരാതികൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പുറത്താക്കിയ പാർട്ടി നടപടിയിൽ കോൺഗ്രസിലെ വനിത നേതാക്കളും പ്രതികരണവുമായി രംഗത്തെത്തി. കോൺഗ്രസ് മാതൃകാപരമായ നടപടിയാണ് സ്വീകരിച്ചതെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗങ്ങളായ ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനും പ്രതികരിച്ചു. മുകേഷ് എംഎൽഎയ്‌ക്കെതിരെ പരാതികളുയർന്നിട്ടും നടപടി സ്വീകരിക്കാതിരുന്ന സിപിഎമ്മാണ് രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിനെ വിമർശിക്കുന്നതെന്ന് ബിന്ദു കൃഷ്ണ വിമർശിച്ചു.ഇരയ്‌ക്കൊപ്പം തന്നെ നിൽക്കുന്നുവെന്നും കോൺഗ്രസ് പ്രസ്ഥാനം എക്കാലവും സ്ത്രീപക്ഷ നിലപാടാണ് സ്വീകരിച്ചതെന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു. സ്ത്രീകളുടെ അഭിമാനം എന്നത് പാർട്ടി കമ്മിഷനു മുന്നിൽ ഒതുക്കേണ്ടതല്ലെന്ന് ഷാനിമോൾ ഉസ്മാൻ അഭിപ്രായപ്പെട്ടു. ധാർമികതയുണ്ടെങ്കിൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു.


പീഡന കേസിൽ ഉള്ള മുകേഷിനെ തോളിൽ ഇരുത്തിയാണ് സിപിഎം രാഹുൽ രാജിവയ്ക്കാൻ ആവശ്യപ്പെടുന്നതെന്നും ബിന്ദു കൃഷ്ണ കുറ്റപ്പെടുത്തി. രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതിൽ സന്തോഷം പ്രകടിപ്പിച്ച് കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം എ ഷഹനാസ് രംഗത്തെത്തി. സ്ത്രീകൾക്കൊപ്പം കോൺഗ്രസ് നിൽക്കുന്ന ഈ ശക്തമായ നിലപാട് അഭിമാനമുണ്ടാക്കുന്നുവെന്ന് ഷഹനാസ് പ്രതികരിച്ചു. നേരത്തെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽനിന്ന് പുറത്താക്കിയ വ്യക്തി തന്നെ തിരിച്ചെടുത്തെന്നും ഷഹനാസ് ഫേസ്‌ബുക്കിൽ കുറിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയ നടപടിയെ സ്വാഗതം ചെയ്ത് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. ഭൂമി കുഴിച്ച് നടന്ന ഭൂതത്താൻ ഒടുവിൽ ആ കുഴിയിൽ തന്നെ വീണെന്ന് അദ്ദേഹം പരിഹസിച്ചു. രാഹുൽ പാർട്ടിയോട് യുദ്ധപ്രഖ്യാപനം നടത്തിയെന്നും അതിന് ഇപ്പോൾ അന്ത്യം കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പാർട്ടിയുടെ മുഖം വികൃതമാക്കിയ പ്രവൃത്തിയാണ് രാഹുലിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഉണ്ണിത്താൻ കുറ്റപ്പെടുത്തി. രാഹുലിനെതിരെ സംസാരിച്ചവർക്കെതിരെയും വനിത നേതാക്കൾക്കെതിരെയും കടുത്ത സൈബർ ആക്രമണമാണ് ഉണ്ടായത്. രാഹുലിൻ്റെ പണം വാങ്ങിയ വെട്ടുകിളികൾ പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇത്തരം വെട്ടുകിളികളെ ഉന്മൂലനം ചെയ്യേണ്ടത് അനിവാര്യമാണ്. എന്തൊക്കെ ആക്രമണങ്ങൾ നേരിടേണ്ടി വന്നാലും തൻ്റെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലിനെ പുറത്താക്കാനുള്ള തീരുമാനം വൈകിയിട്ടില്ല. ധാർമിക മൂല്യമുണ്ടെങ്കിൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണം. രാഹുലിന് പൊതുപ്രവർത്തനം തുടരാൻ അർഹതയില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

രാജി ആവശ്യപ്പെട്ട് എം വി ഗോവിന്ദൻ

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി കേരളം മുഴുവൻ ആവശ്യപ്പെടുകയാണെന്നും കോൺഗ്രസ് നേതൃത്വവും ഒന്നടങ്കം ഇത് ആവശ്യപ്പെടുന്നുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കേട്ടുകേൾവിയില്ലാത്ത പരാതികളാണ് വരുന്നത്. സസ്പെൻഡ് ചെയ്തപ്പോൾ പരാതികൾ ലഭിച്ചിട്ടില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ മിക്ക നേതാക്കളും പറയുന്നത് നേരത്തെയും പല പരാതികളും ലഭിച്ചിരുന്നു എന്നാണ്. കെപിസിസിക്ക് മുൻപാകെ ഒമ്പത് പരാതികൾ ലഭിച്ചിരുന്നു എന്നാണ് വാർത്തകൾ വരുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.