ദിലീപ് വിഷയത്തിൽ യുഡിഎഫ് കൺവീനറെ തള്ളി കെപിസിസി പ്രസിഡൻ്റ്
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ദിലീപിനെ അനുകൂലിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പ്രസ്താവനയെ തള്ളി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് രംഗത്ത്. അടൂർ പ്രകാശിൻ്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അതിനോട് യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രോസിക്യൂഷൻ വീഴ്ചകൾ ചൂണ്ടിക്കാട്ടി അതിജീവിതയും അപ്പീൽ നൽകണമെന്നാണ് കോൺഗ്രസിൻ്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ദിലീപിന് അനുകൂലമായി അടൂർ പ്രകാശ് നടത്തിയ പ്രതികരണം പാർട്ടി അംഗീകരിക്കുന്നില്ല. അത് അദ്ദേഹത്തിൻ്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. കോടതി വിധി പൂർണമായി പഠിച്ച ശേഷമായിരിക്കില്ല അദ്ദേഹം ഇത്തരമൊരു പ്രതികരണം നടത്തിയത്. ഇക്കാര്യത്തിൽ അപ്പീൽ പോകണം എന്നത് തന്നെയാണ് കോൺഗ്രസിൻ്റെ പ്രഖ്യാപിത നിലപാടെന്നും സണ്ണി ജോസഫ് ഓർമിപ്പിച്ചു.
കേസിൽ പ്രോസിക്യൂഷൻ്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. ഇക്കാര്യം വിധി വന്ന ദിവസം തന്നെ താൻ ചൂണ്ടിക്കാട്ടിയിരുന്നു. പ്രോസിക്യൂഷൻ്റെ വീഴ്ചകൾ പ്രകടമായ സാഹചര്യത്തിൽ സർക്കാർ മാത്രം അപ്പീൽ പോയാൽ മതിയാകില്ല. പ്രോസിക്യൂഷൻ വരുത്തിയ വീഴ്ചകൾ പ്രത്യേകം ചൂണ്ടിക്കാട്ടി അതിജീവിതയും അപ്പീൽ പോകണമെന്നാണ് തൻ്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
https://www.worldm.news/latest-news/governments-appeal-is--12736
"അടൂർ പ്രകാശിൻ്റെ പ്രസ്താവന സ്ത്രീവിരുദ്ധത": വീണ ജോർജ്
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന് അനുകൂലമായി അടൂർ പ്രകാശ് നടത്തിയ പ്രസ്താവന കോൺഗ്രസിൻ്റെ സ്ത്രീവിരുദ്ധതയാണ് വെളിപ്പെടുത്തുന്നതെന്ന് മന്ത്രി വീണ ജോർജ്. ആ നേതാവിൻ്റെയും അദ്ദേഹം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെയും അങ്ങേയറ്റം സ്ത്രീവിരുദ്ധമായ നിലപാടാണ് ഈ വാക്കുകളിലൂടെ പുറത്തുവന്നതെന്നും മന്ത്രി ആരോപിച്ചു.
ദിലീപിന് നീതി ലഭിച്ചുവെന്നും അപ്പീലിന് പോകുന്ന സർക്കാരിന് വേറെ പണിയൊന്നുമില്ലേയെന്നുമുള്ള ചോദ്യം ഈ സ്ത്രീവിരുദ്ധതയുടെ തെളിവാണ്. കഴിഞ്ഞ പത്ത് വർഷത്തോളമായി അതിജീവിത അനുഭവിക്കുന്ന മാനസിക വ്യഥയും അതിക്രൂരമായ പീഡനവും ചെറുതല്ല. വലിയ നിശ്ചയദാർഢ്യത്തോടെ അവർ നടത്തിയ പോരാട്ടമാണ് കേസിനെ ഇവിടെ വരെ എത്തിച്ചത്.
സർക്കാർ അതിജീവിതയ്‌ക്കൊപ്പം തന്നെയാണ്. അവൾക്കൊപ്പം തുടർന്നും ഉണ്ടാകും. ദിലീപിൻ്റെ അറസ്റ്റ് സർക്കാർ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന അടൂർ പ്രകാശിൻ്റെ ആരോപണം അടിസ്ഥാനരഹിതമാണ്. ഈ സംഭവത്തിൽ മാത്രമല്ല, അനേകം സംഭവങ്ങളിലൂടെ കോൺഗ്രസിൻ്റെ സ്ത്രീവിരുദ്ധത വ്യക്തമായിട്ടുള്ളതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.