"സുവേന്ദു അധികാരി തന്നെ പിന്തുണച്ചു": തൃണമൂൽ കോൺഗ്രസ്സിന് വീണ്ടും പ്രഹരമായി മഹുവ മൊയ്ത്രയുടെ പരാമർശം

"സുവേന്ദു അധികാരി തന്നെ പിന്തുണച്ചു": തൃണമൂൽ കോൺഗ്രസ്സിന് വീണ്ടും പ്രഹരമായി മഹുവ മൊയ്ത്രയുടെ പരാമർശം

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ, പാർട്ടിയിലെ പ്രമുഖ നേതാവും മമതാ ബാനർജിയുടെ വിശ്വസ്തയുമായ മഹുവ മൊയ്ത്ര ബംഗാൾ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുവേന്ദു അധികാരിയെ കുറിച്ചുനടത്തിയ പരാമർശങ്ങൾ ചർച്ചയാകുന്നു.മുൻ സഹപ്രവർത്തകനുമായുള്ള   വൈകാരികമായ ബന്ധത്തെക്കുറിച്ച് മഹുവ തുറന്നു സംസാരിച്ചത് പാർട്ടിക്കുള്ളിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.സുവേന്ദു അധികാരിയുമായി തനിക്ക് നല്ല വ്യക്തിബന്ധമാണുള്ളതെന്ന് മഹുവ പറഞ്ഞു. 2014-ൽ ലോക്സഭാ സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ താൻ അന്ന് ആകെ തകർന്നുപോയിരുന്നു. അന്ന് തന്നെ സമാധാനിപ്പിക്കാൻ കൂടെയുണ്ടായിരുന്നത് സുവേന്ദുവാണെന്നും അവർ ഓർക്കുന്നു. 2016-ൽ കരിംപൂരിൽ നിന്ന് മത്സരിച്ചപ്പോൾ, തൻ്റെ  ആദ്യ റാലിയിൽ പങ്കെടുക്കാൻ മുതിർന്ന നേതാക്കളാരും വരാതിരുന്നപ്പോൾ എത്തിയത് സുവേന്ദു മാത്രമായിരുന്നുവെന്നും മഹുവ പറഞ്ഞു.സുവേന്ദു ഇപ്പോൾ മറ്റൊരു പാർട്ടിയിലായതിനാൽ തങ്ങൾ തമ്മിൽ ഇപ്പോൾ സംസാരിക്കാറില്ല. എങ്കിലും, തന്റെ രാഷ്ട്രീയ ജീവിതത്തിലെ നിർണ്ണായക ഘട്ടത്തിൽ അദ്ദേഹം നൽകിയ പിന്തുണ തനിക്ക് മറക്കാനാവില്ലെന്ന് മഹുവ വ്യക്തമാക്കി.