കാറിടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ മണിയൻപിള്ള രാജു അറസ്റ്റിൽ

തിരുവനന്തപുരം: നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിൻ്റെ കാറിടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ അദ്ദേഹം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഹാജരായി. തുടർന്ന് ഇദ്ദേഹത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴുതക്കാട് ട്രിവാൻഡ്രം ക്ലബിന് മുന്നിൽ വച്ച് ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായതെങ്കിലും നിർത്താതെ പോയ കാർ ഓടിച്ചിരുന്നത് താനാണെന്ന് നടൻ പിന്നീട് കുറ്റസമ്മതം നടത്തുകയായിരുന്നു. വെള്ളയമ്പലം വഴുതക്കാട് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന യുവാക്കളുടെ റോയൽ എൻഫീൽഡ് ബുള്ളറ്റും ട്രിവാൻഡ്രം ക്ലബിൽ നിന്നും പുറത്തേക്ക് ഇറങ്ങി വരികയായിരുന്ന മണിയൻപിള്ള രാജുവിൻ്റെ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ക്ലബിൻ്റെ കവാടത്തിന് മുന്നിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. അശ്രദ്ധമായും അമിതവേഗതയിലും വന്ന കെഎൽ 01 സിജെ 0004 എന്ന നമ്പറിലുള്ള കാർ ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരായ യുവാക്കൾ റോഡിലേക്ക് തെറിച്ചു വീഴുകയും വാഹനങ്ങളുടെ ഭാഗങ്ങൾ അപകടസ്ഥലത്ത് ചിതറിക്കിടക്കുന്ന അവസ്ഥയിലുമായിരുന്നു.
വഞ്ചിയൂർ വിഷ്ണു ഭവനിൽ സൂരജ് (20), സുഹൃത്ത് ശ്രീവരാഹം സ്വദേശി നിദേവ് (നിവേദിത് കൃഷ്ണ 20) എന്നിവർ സഞ്ചരിച്ചിരുന്ന കെഎൽ 01 സിവൈ 0046 നമ്പർ എൻഫീൽഡ് ബൈക്കിലാണ് കാർ ഇടിച്ചത്. അപകടത്തിൽ ബൈക്കിൻ്റെ പിന്നിലിരുന്ന സൂരജിൻ്റെ നട്ടെല്ലിനും ഇടത് കാലിനും തോളിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബൈക്ക് ഓടിച്ചിരുന്ന നിദേവിൻ്റെ കഴുത്തിനും കാലിനും ഒടിവുണ്ട്. ഇരുവരും നിലവിൽ എസ്പി ഫോർട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അപകടം നടന്നിട്ടും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനോ അപകടത്തിൻ്റെ വ്യാപ്തി പരിശോധിക്കാനോ തയാറാകാതെ മണിയൻപിള്ള രാജു വാഹനം എടുത്ത് പോവുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രശസ്തനായ വ്യക്തി കാണിച്ച ഈ നിരുത്തരവാദിത്തപരമായ സമീപനം വിമർശനങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.
അപകടവിവരം അറിഞ്ഞ് രാത്രി 10 മണിയോടെ തന്നെ മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അപകടത്തിന് ശേഷം നടൻ ഒളിവിൽ പോയെന്നായിരുന്നു പ്രാഥമിക നിഗമനം. ഇന്നലെ രാത്രി തന്നെ രണ്ട് തവണ പൊലീസ് മണിയൻപിള്ള രാജുവിൻ്റെ വീട്ടിൽ അന്വേഷിച്ചെത്തിയിരുന്നുവെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതും ഫലം കണ്ടില്ല. തുടർന്ന് ഇന്ന് രാവിലെയാണ് വാഹനം ഓടിച്ചത് താൻ തന്നെയാണെന്ന് നടൻ പൊലീസിനെ അറിയിച്ചത്.