നീറ്റ് പരീക്ഷ : മാർക്ക് തിരുത്തി വ്യാജരേഖ ചമച്ച വിദ്യാർഥിനിയും മാതാപിതാക്കളും അറസ്റ്റിൽ,

ചെന്നൈ: നീറ്റ് പരീക്ഷയുടെ വ്യാജ രേഖകൾ ചമച്ച കേസിൽ തമിഴ്‌നാട്ടിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. 19 വയസുകാരിയായ കരുണ്യ ശ്രീവർഷിനി എന്ന വിദ്യാർഥിനിയെയും അവരുടെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ്, പശ്ചിമ ബംഗാൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിനായി തിരച്ചിൽ ആരംഭിച്ചത്. മെഡിക്കൽ കോഴ്സ് പ്രവേശനത്തിനായി നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) എഴുതിയ കരുണ്യക്ക് യഥാർഥത്തിൽ 228 മാർക്ക് മാത്രമാണ് ലഭിച്ചിരുന്നത്.സ്‌കൂൾ വിദ്യാഭ്യാസം 2025ൽ പൂർത്തിയാക്കിയ കരുണ്യക്ക്, സർക്കാർ മെഡിക്കൽ കോളജിൽ സീറ്റ് ലഭിക്കാൻ ഈ മാർക്ക് അപര്യാപ്തമായിരുന്നു. ഇതോടെ മാർക്ക് ഷീറ്റ് വ്യാജമായി നിർമിച്ച് 456 മാർക്ക് രേഖപ്പെടുത്തിയ വ്യാജ നീറ്റ് സ്കോർ കാർഡ് സംഘടിപ്പിക്കാൻ മാതാപിതാക്കളായ സോക്കനാഥൻ (55), മുരുഗേശ്വരി (50) എന്നിവർ തീരുമാനിച്ചു. തുടർന്ന് ഈ വ്യാജരേഖയും വ്യാജ കൗൺസിലിങ് ഓർഡറും ഉപയോഗിച്ച് ദിണ്ടിഗൽ ഗവൺമെൻ്റ് മെഡിക്കൽ കോളജിലെ കൗൺസിലിങ്ങിനായി സെപ്റ്റംബർ 20ന് ഇവർ അപേക്ഷ സമർപ്പിച്ചു.ഔദ്യോഗിക മെരിറ്റ് ലിസ്റ്റിൽ കരുണ്യയുടെ പേര് ഉൾപ്പെടാതിരുന്നതോടെ കോളജ് അധികൃതർക്ക് സംശയം തോന്നുകയും ഉടൻതന്നെ അഡ്മിഷൻ നിഷേധിക്കുകയും ചെയ്തു. സംശയനിവാരണത്തിനായി സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ വിശദമായ പരിശോധനക്കായി ചെന്നൈയിലെ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷന് (ഡിഎംഇ) അയച്ചു. സ്കോർ കാർഡും കൗൺസിലിങ് ഓർഡറും വ്യാജമാണെന്ന് ഡിഎംഇ സ്ഥിരീകരിച്ചതോടെ കോളജ് അധികൃതർ ദിണ്ടിഗൽ ജില്ലാ പൊലീസിൽ പരാതി നൽകുകയായിരുന്നു. ദിണ്ടിഗൽ ഗവൺമെൻ്റ് മെഡിക്കൽ കോളജ് ഹോസ്പിറ്റലിലെ ഡീൻ (ഫുൾ അഡീഷണൽ ചാർജ്) എസ്ആർ വീരമണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദിണ്ടിഗൽ ജില്ലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പരാതിയെ തുടർന്ന് കരുണ്യ, പിതാവ് സോക്കനാഥൻ, മാതാവ് മുരുഗേശ്വരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ദിണ്ടിഗൽ ജില്ലാ പൊലീസ് സൂപ്രണ്ട് എ പ്രദീപ്, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ക്രൈം ബ്രാഞ്ച്) കുമാരേശൻ, ഇൻസ്പെക്ടർ മുത്തുലക്ഷ്മി എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് നടപടികൾക്ക് നേതൃത്വം നൽകിയത്.ദിണ്ടിഗൽ ജില്ലാ ക്രൈം ബ്രാഞ്ച് (ഡിസിബി) ഇവരെ ചോദ്യം ചെയ്തുവരികയാണ്. പ്രാഥമിക അന്വേഷണത്തിൽ, നീറ്റ് പരീക്ഷയിൽ കുറഞ്ഞ മാർക്ക് ലഭിച്ചതിലുള്ള നിരാശയെത്തുടർന്ന് ഒരു മെഡിക്കൽ സീറ്റ് നേടുന്നതിനായി കരുണ്യയും മാതാപിതാക്കളും പശ്ചിമ ബംഗാൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിയമവിരുദ്ധ സംഘത്തെ സമീപിച്ചതായി കണ്ടെത്തി. ഉയർന്ന സാങ്കേതിക കൃത്യതയോടെ നിർമിച്ച വ്യാജ സർട്ടിഫിക്കറ്റ് യഥാർഥ രേഖകളോട് വളരെ സാമ്യമുള്ളതിനാൽ കോളജ് അധികൃതരെ ആദ്യം കബളിപ്പിക്കാൻ സഹായിച്ചു. വ്യാജ നീറ്റ് സ്കോർ കാർഡ് ലഭിക്കുന്നതിനായി ഈ സംഘത്തിന് 25,000 രൂപ നൽകിയതായും ചോദ്യം ചെയ്യലിലൂടെ പൊലീസിന് വിവരം ലഭിച്ചു. ദിണ്ടിഗലിലെ പഴനി സ്വദേശിയാണ് വിദ്യാർഥിനിയായ കരുണ്യ ശ്രീവർഷിനി. പിതാവ് സോക്കനാഥൻ തിരുപ്പൂർ ജില്ലയിലെ ധാരാപുരത്ത് ലാൻഡ് സർവേയറായി ജോലി ചെയ്യുകയായിരുന്നു. സർക്കാർ ഉദ്യോഗസ്ഥനായ പിതാവ് തട്ടിപ്പിൽ പങ്കാളിയായത് കേസിൻ്റെ ഗൗരവം വർധിപ്പിക്കുന്നു.
അറസ്റ്റിലായ മൂന്ന് പ്രതികളെയും ദിണ്ടിഗൽ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ദിണ്ടിഗൽ ജില്ലാ ക്രൈം ബ്രാഞ്ച് (ഡിസിബി) ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, തട്ടിപ്പിന് ശ്രമിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു. പശ്ചിമ ബംഗാൾ ആസ്ഥാനമായുള്ള വ്യാജരേഖാ നിർമാണ സംഘത്തിലെ മറ്റ് അംഗങ്ങളെ തിരിച്ചറിഞ്ഞ് പിടികൂടാനുള്ള ശ്രമങ്ങൾ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.സംഘം നിരവധി സംസ്ഥാനങ്ങളിൽ സമാനമായ തട്ടിപ്പുകളിൽ ഏർപ്പെട്ടിരിക്കാമെന്ന് അധികൃതർ സംശയിക്കുന്നതിനാൽ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ സംസ്ഥാന പൊലീസ് കേന്ദ്ര ഏജൻസികളുമായി സഹകരിക്കുന്നുണ്ട്. ഈ തട്ടിപ്പിൽ കൂടുതൽ വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പിന്നിൽ ഏതെങ്കിലും കോച്ചിങ് സെൻ്ററുകൾക്ക് പങ്കുണ്ടോയെന്നും പൊലീസ് വിശദമായി അന്വേഷിക്കുകയാണ്.