തിരിച്ചുവരവിനൊരുങ്ങി വസായ് കോൺഗ്രസ്: " 'മിഷൻ 20' ൽ സ്ഥാനാർഥികൾക്കുവേണ്ട യോഗ്യത ജനസേവനം മാത്രം " ജോജോ തോമസ്
മുംബൈ : വസായ് വീരാർ നഗരസഭാ തിരഞ്ഞെടുപ്പിൽ കരുത്തറിയിക്കാൻ കോൺഗ്രസ്. വസായ് നിയമസഭാ മണ്ഡലത്തിൽ 20 വാർഡ് കൗൺസിലർ സീറ്റുകൾ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ 'മിഷൻ 20' എന്ന പദ്ധതിക്ക് പാർട്ടി രൂപം നൽകി. പ്രവർത്തനമികവും ജനസേവനത്തിനായുള്ള പ്രതിബദ്ധതയും സന്നദ്ധതയും മാത്രമായിരിക്കും സ്ഥാനാർഥി നിർണയത്തിനുള്ള പ്രധാന മാനദണ്ഡമെന്ന് യോഗത്തിൽ മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി (ഇൻ-ചാർജ്) ജോജോ തോമസ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഒണിൽ അൽമേഡയുടെ അധ്യക്ഷതയിൽ ചേർന്ന ബ്ലോക്ക് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള പ്രധാന സംഘടനാ നേതാക്കൾ ചേർന്ന യോഗം താഴെത്തട്ടിലെ പ്രവർത്തനം മെച്ചപ്പെടുത്താൻ തീരുമാനമെടുത്തു. ജനങ്ങളോടുള്ള പ്രതിബദ്ധതയും ആത്മാർത്ഥമായ പാർട്ടി പ്രവർത്തനവും മാത്രമാണ് സീറ്റ് നൽകാനുള്ള യോഗ്യതയെന്നും, പുറത്തുനിന്നുള്ള യാതൊരു സ്വാധീനത്തിനും അവസരമുണ്ടാകില്ലെന്നും ജോജോ തോമസ് വ്യക്തമാക്കി.
'മിഷൻ 20' ലക്ഷ്യം നിറവേറ്റുന്നതിന്റെ ഭാഗമായി കോൺഗ്രസ് മൈക്രോതലത്തിൽ സംഘടനാ സംവിധാനം ശക്തിപ്പെടുത്തും. ഓരോ 100 വീടുകൾക്കും ഒരു പ്രവർത്തകനെ നിയോഗിച്ച് വിപുലമായ കമ്മിറ്റികൾക്ക് രൂപംനൽകി വോട്ടറുമായി നേരിട്ട് ബന്ധം സ്ഥാപിക്കാനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും പാർട്ടി ലക്ഷ്യമിടുന്നു.രാഹുൽ ഗാന്ധിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്ന, നിലവിലുള്ള 'വോട്ട് ചോർ, ഗദ്ദി ചോർ അഭിയാൻ' എന്ന വീടുവീടാന്തരമുള്ള പ്രചാരണം കൂടുതൽ ശക്തമാക്കാനും തീരുമാനമായി. ഈ ഒപ്പുശേഖരണത്തിന് ലഭിക്കുന്ന ജനപിന്തുണ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും, 20 കൗൺസിൽ സീറ്റുകളിലെ വിജയം സംസ്ഥാന കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവിന് വഴിതുറക്കുമെന്നും യോഗം വിലയിരുത്തി.

