ഔഷധി എംഡിയെ സ്ഥാനത്ത് നിന്ന് നീക്കി, വിജിലൻസ് അന്വേഷണത്തിനും ശുപാർശ

ഔഷധി എംഡിയെ സ്ഥാനത്ത് നിന്ന് നീക്കി, വിജിലൻസ് അന്വേഷണത്തിനും ശുപാർശ

തിരുവനന്തപുരം: ഔഷധി എംഡി സ്ഥാനത്ത് നിന്നും ഡോ.ടികെ ഹൃദീക്കിനെ നീക്കി ആരോഗ്യ വകുപ്പിന്‍റെ കീഴിലുള്ള ആയുഷ് വകുപ്പ് ഉത്തരവിറക്കി. സംസ്ഥാന മെഡിസിനൽ പ്ലാന്‍റ് ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ സ്ഥാനത്തുള്ള ഹൃദീക്ക് ഡെപ്യൂട്ടേഷനിലാണ് ഔഷധി എംഡി സ്ഥാനത്തെത്തിയത്. നിലവിൽ ഇദ്ദേഹത്തിന്‍റെ ഡെപ്യൂട്ടേഷൻ റദ്ദാക്കി സ്ഥാപനത്തിന്‍റെ ഫിനാൻസ് കൺട്രോളർ പിഎം ലതാകുമാരിക്ക് എംഡിയുടെ ചുമതല കൈമാറിയാണ് ഉത്തരവിറക്കിയിട്ടുള്ളത്.

ആയുഷ് (AYUSH) വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ 'ഔഷധി'യിൽ നിർമാണ പ്രവർത്തനങ്ങളിലും ധനകാര്യ ഇടപാടുകളിലും ഗുരുതരമായ ക്രമക്കേടുകൾ നടന്നതായുള്ള പരാതിയെ തുടർന്ന് വിജിലൻസ് അന്വേഷണത്തിനും ആരോഗ്യ മന്ത്രി കെ മുരളീധരൻ ശുപാർശ നൽകിയിട്ടുണ്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഇത് സംബന്ധിച്ച് കത്ത് കൈമാറിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. തൃശൂർ മുള്ളക്കരയിലെ നേർക്കാഴ്‌ച അസോസിയേഷൻ ഡയറക്‌ടറായ പിബി സതീഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഔഷധിയിലെ അഴിമതിയും നിയമലംഘന ങ്ങളും ചൂണ്ടിക്കാട്ടി പിബി സതീഷ് നൽകിയ ഹർജിയും മാധ്യമ വാർത്തകളുടെയും അടിസ്ഥാനത്തിലാണ് മന്ത്രി കെ മുരളീധരൻ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകിയിട്ടുള്ളത്.

ഊരാളുങ്കലിന് നൽകിയത് കോടികളുടെ കരാർ

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 34 കോടി രൂപയുടെ വിവിധ കരാറുകളാണ് ഊരാളുങ്കൽ സൊസൈറ്റിക്ക് ഔഷധി നൽകിയിട്ടുള്ളത്. അഡ്‌മിനിസ്‌ഷ്രേൻ വിഭാഗത്തിന്‍റെയും സ്ഥാപനത്തിലെ പ്രധാന പ്ലാന്‍റിന്‍റെയും നവീകരണവും മലിനജല സംസ്‌കരണ പ്ലാന്‍റ് നിർമാണവുമാണ് ആദ്യം നൽകിയത്. 15 കോടി രൂപയുടെ ഈ പ്രവൃത്തിക്ക് കരാറുകാരെ ക്ഷണിച്ച് ഔഷധി അറിയിപ്പ് നൽകി ദിവസങ്ങൾക്കുള്ളിൽതന്നെ ഊരാളുങ്കൽ അപേക്ഷ നൽകുകയും അതിവേഗം അവരെ തെരഞ്ഞെടുക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന്, രാസ പ്ലാന്‍റ്, ബോയ്ലർ ചിമ്മിനി, ഗേറ്റ് നിർമ്മാണം തുടങ്ങി ഓരോ പേരിലായി വീണ്ടും 15 കോടി രൂപയുടെ പദ്ധതികൾകൂടി ടെൻഡറില്ലാതെ നൽകിയെന്നും പരാതിയിൽ പറയുന്നു.

2024-25ൽ ഔഷധിയുടെ വിൽപന കണക്ക് കൃത്രിമമായി ഉയർത്തി കാണിച്ചൂവെന്നതാണ് മറ്റൊരു പരാതി. സാധാരണ മാസങ്ങളിൽ 15 കോടി വരെ വിറ്റുവരവ് ലഭിക്കുമ്പോൾ 2025 മാർച്ചിൽ മാത്രം 46 കോടി രൂപയുടെ വിൽപ്പന നടന്നുവെന്നാണ് കണക്ക്. ഇതിൽ ഭൂരിഭാഗം തുകയും ഇല്ലാത്ത സ്‌റ്റോക്ക് വിൽപ്പന നടത്തിയെന്ന് കാണിച്ചാണ് കണക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും പരാതിയിൽ പറയുന്നു.