പശ്ചിമ ബംഗാളിലെ സിംഗൂരിൽ 800 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തു

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാളിലെ ജനങ്ങൾ 15 വർഷത്തെ മഹാ-ജംഗിൾ രാജ് മാറ്റാൻ ആഗ്രഹിക്കുന്നുവെന്ന് മോദി പറഞ്ഞു. സംസ്ഥാനത്തിൻ്റെ പുരോഗതിക്കായി തൃണമൂൽ കോൺഗ്രസിൻ്റെ മഹാ ജംഗിൾ രാജിനോട് വിട പറയാന്‍ ജനങ്ങള്‍ തയ്യാറാണ്. ഹൂഗ്ലിയിലെ സിംഗൂരിൽ നടന്ന റാലിയെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ചടങ്ങിൽ സിംഗൂരിൽ 800 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തു."ധാരാളം അമ്മമാർ, സഹോദരിമാർ, കർഷകർ, തൊഴിലാളികൾ, യുവാക്കൾ എന്നിവർ ഇവിടെ എത്തിയിട്ടുണ്ട്. അവരുടെ ആവേശവും ഊർജവും പശ്ചിമ ബംഗാളിൻ്റെ പുതിയൊരു കഥയിലേക്കുള്ള പ്രതീക്ഷയാണ് പ്രകടിപ്പിക്കുന്നത്. യഥാർഥ പരിവർത്തനത്തിനായുള്ള പ്രതീക്ഷയുമായാണ് അവർ വന്നിരിക്കുന്നത്. 15 വർഷത്തെ മഹാ-ജംഗിൾരാജ് മാറ്റാൻ എല്ലാവരും ആഗ്രഹിക്കുന്നു. ബിഹാറില്‍ ജംഗിള്‍ രാജ് ബിജെപി അവസാനിപ്പിച്ചു. ഇനി പശ്ചിമ ബംഗാളിൽ ടിഎംസിയുടെ മഹാ ജംഗിൾ രാജിനോട് വിടപറയാൻ ആളുകൾ തയ്യാറായിരിക്കുന്നു " മോദി പറഞ്ഞു.വോട്ടിനായി നുഴഞ്ഞു കയറ്റക്കാരെ സഹായിച്ചുകൊണ്ട് ടിഎംസി സർക്കാർ ദേശീയ സുരക്ഷയ്‌ക്കെതിരെ പ്രവര്‍ത്തിക്കുകയാണെന്ന് മോദി ആരോപിച്ചു. വ്യാജ രേഖകൾ ഉപയോഗിച്ച് പശ്ചിമ ബംഗാളിൽ താമസിക്കുന്ന അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞ് തിരിച്ചയക്കണം. കഴിഞ്ഞ കുറേ വർഷങ്ങളായി അതിർത്തിയില്‍ വേലി സ്ഥാപിക്കാൻ ഭൂമി ആവശ്യപ്പെട്ട് കേന്ദ്രം ടിഎംസി സർക്കാരിന് കത്തെഴുതിയിരുന്നു പക്ഷേ സംസ്ഥാന സർക്കാർ ഒന്നും ചെയ്‌തില്ലെന്നും മോദി പറഞ്ഞു.
അതേസമയം പശ്ചിമ ബംഗാളില്‍ ഇപ്പോള്‍ താമസിക്കുന്ന എല്ലാ അനധികൃത കുടിയേറ്റക്കാരെയും ബിജെപി സർക്കാർ പുറത്താക്കുമെന്ന് മോദി ഉറപ്പിച്ച് പറഞ്ഞു. ബിജെപിക്കുള്ള നിങ്ങളുടെ വോട്ട് ബംഗാളിൽ നിന്ന് നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി മമത ബാനർജി കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് ലഭിക്കാതെ സംസ്ഥാനത്തെ കബളിപ്പിക്കുകയാണെന്ന് മോദി ആരോപണം നടത്തി. മുമ്പ് ഡൽഹിയും ഇതുതന്നെ ചെയ്‌തിരുന്നുവെന്നും എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറിയെന്നും അവിടത്തെ ജനങ്ങൾക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്നും പറഞ്ഞു. ഡൽഹിയിലെ സമാനമായ ഒരു സർക്കാർ കേന്ദ്ര പദ്ധതികൾ നടപ്പിലാക്കാൻ അനുവദിച്ചില്ല. ജനങ്ങൾ അവരെ പുറത്താക്കി. ഇനി ബംഗാളിലെ ജനങ്ങളും അതുതന്നെ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വന്ദേമാതരം രാജ്യത്തിൻ്റെ വികസനമന്ത്രം
പശ്ചിമ ബംഗാളിൻ്റെയും ഇന്ത്യയുടെയും വികസനത്തിന് വന്ദേമാതരം മന്ത്രമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം വന്ദേമാതരത്തിൻ്റെ 150-ാം വാർഷികം ആഘോഷിക്കുന്ന സമയത്താണ് സിംഗൂരിലേക്കുള്ള തൻ്റെ സന്ദർശനം. പാർലമെൻ്റിലും വന്ദേമാതരത്തിൻ്റെ മഹത്വം പാടുന്നതിനായി ഒരു പ്രത്യേക ചർച്ച നടന്നു. രാജ്യം മുഴുവൻ ഋഷി ബങ്കിം ചന്ദ്ര ചതോപാധ്യായയ്ക്ക് ആദരാഞ്ജലി അർപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
"ഹൂഗ്ലിയും വന്ദേമാതരവും തമ്മിലുള്ള ബന്ധം കൂടുതൽ സവിശേഷമാണ്. പണ്ഡിതനായ ബങ്കിം ജി വന്ദേമാതരത്തിന് അതിൻ്റെ പൂർണരൂപം നൽകിയത് ഇവിടെയാണെന്ന് പറയപ്പെടുന്നു. വന്ദേമാതരം സ്വാതന്ത്ര്യ പ്രഖ്യാപനമായി മാറിയതുപോലെ പശ്ചിമ ബംഗാളിൻ്റെയും ഇന്ത്യയുടെയും വികസനത്തിനുള്ള മന്ത്രമായി വന്ദേമാതരത്തെ നാം മാറ്റണം" അദ്ദേഹം കൂട്ടിച്ചേർത്തു. ടിഎൻസിയുടെ ഭരണത്തിൽ സുരക്ഷിതരല്ലാത്തതിനാൽ ഈശ്വർ ചന്ദ്ര വിദ്യാസാഗർ കാണിച്ച പാത പിന്തുടരേണ്ടതുണ്ട്. ഇപ്പോൾ നമ്മുടെ അമ്മമാരും സഹോദരിമാരും ശബ്‌ദമുയർത്തേണ്ടതുണ്ട്. ബലാത്സംഗം, അഴിമതി തുടങ്ങിയ സംഭവങ്ങൾ അവസാനിപ്പിക്കാൻ നിങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യണം. അധ്യാപകർക്ക് ജോലി നഷ്‌ടപ്പെടില്ലെന്ന് ബിജെപി ഉറപ്പാക്കുമെന്നും മോദി പറഞ്ഞു