കൽബുർഗി സെൻട്രൽ ജയിലിൽ നിന്ന് ചാടിയവരിൽ ഒരാളെ വെടിവച്ച് പിടികൂടി പോലീസ്

കൽബുർഗി സെൻട്രൽ ജയിലിൽ നിന്ന് ചാടിയവരിൽ ഒരാളെ വെടിവച്ച് പിടികൂടി പോലീസ്

ബെംഗളൂരു: കർണാടകയിലെ അതീവ സുരക്ഷയുള്ള കൽബുർഗി സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട മൂന്ന് കൊലക്കേസ് പ്രതികളിൽ ഒരാളെ പോലീസ് വെടിവെച്ച് പിടികൂടി. കപ്പനൂർ ഇൻഡസ്ട്രിയൽ ഏരിയയിൽ വെച്ചുണ്ടായ ഏറ്റുമുട്ടലിനൊടുവിലാണ് സന്തോഷ് എന്ന തടവുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഒപ്പമുണ്ടായിരുന്ന മസ്താൻ, സാഗർ എന്നീ പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.ബിദാർ ജില്ലയിലെ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ടവരാണ് ഇവർ. രഹസ്യവിവരത്തെ തുടർന്ന് പോലീസ് വളഞ്ഞപ്പോൾ സന്തോഷ് ആക്രമിക്കാൻ മുതിർന്നതായും, ആകാശത്തേക്ക് വെടിവെച്ച് മുന്നറിയിപ്പ് നൽകിയിട്ടും കീഴടങ്ങാൻ തയ്യാറാകാത്തതിനെ തുടർന്ന് പ്രതിയുടെ വലതു കൈയ്ക്ക് വെടിവെച്ച് കീഴ്പ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് കമ്മീഷണർ ശരണപ്പ എസ്.ഡി. അറിയിച്ചു.

പരിക്കേറ്റ ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെയാണ് ജയിലിന്റെ കൂറ്റൻ മതിൽ ചാടിക്കടന്ന് മൂവരും രക്ഷപ്പെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാത്രിയിൽ ഇവർ എങ്ങനെ ബാരക്കിന് പുറത്തെത്തിയെന്നതിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയോ ഒത്താശയോ ഉണ്ടായിട്ടുണ്ടോ എന്നതിലും പോലീസ് അന്വേഷണം ആരംഭിച്ചു.

https://www.worldm.news/national/three-prisoners-escape-from--33544