നയപ്രഖ്യാപന പ്രസംഗം: 95 കോടി പൗരന്മാരിലേക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ എത്തുന്നുണ്ടെന്ന് രാഷ്‌ട്രപതി

നയപ്രഖ്യാപന പ്രസംഗം: 95 കോടി പൗരന്മാരിലേക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ എത്തുന്നുണ്ടെന്ന് രാഷ്‌ട്രപതി

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള ഏകദേശം 95 കോടി പൗരന്മാരിലേക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ എത്തുന്നുണ്ടെന്ന് രാഷ്‌ട്രപതി. രാജ്യത്ത് സാമൂഹിക നീതി ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബന്ധരാണെന്നും ക്ഷേമ പരിഷ്‌കാരങ്ങൾ, ദേശീയ സുരക്ഷ, ഇന്ത്യയുടെ ഭാവി ലക്ഷ്യങ്ങൾ എന്നിവ സർക്കാരിൻ്റെ മുൻഗണനയാണെന്നും രാഷ്ട്രപതി ദ്രൗപതി മുർമു. പാര്‍ലമെൻ്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു രാഷ്ട്രപതി.പൊതു ഫണ്ടുകളുടെ മികച്ചതും സുതാര്യവുമായ ഉപയോഗം ഉറപ്പാക്കിക്കൊണ്ട് അഴിമതിയും തട്ടിപ്പുകളും തടയുന്നതിന് സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു. "അഴിമതിയിൽ നിന്നും മുക്തമായ ഒരു സംവിധാനം കെട്ടിപ്പടുക്കുന്നതിൽ സർക്കാർ വിജയിച്ചുകൊണ്ടിരിക്കുകയാണ്. തൽഫലമായി നികുതിദായകരുടെ ഓരോ രൂപയും രാജ്യത്തിൻ്റെ വികസനത്തിനും ക്ഷേമത്തിനുമായി ചെലവഴിക്കുന്നു. ഇന്ന് ആധുനിക അടിസ്ഥാന സൗകര്യങ്ങളിൽ ഇന്ത്യ അഭൂതപൂർവമായ നിക്ഷേപം നടത്തുകയാണ്. കര, കടൽ, വായു മേഖലകളിലൂടെയുള്ള ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പുരോഗതി ഇപ്പോൾ ആഗോള ചർച്ചാ വിഷയമാണ്," രാഷ്‌ട്രപതി പറഞ്ഞു.

മറ്റ് പരിഷ്‌കാരങ്ങളെ എടുത്തുപറഞ്ഞുകൊണ്ട്, ഭാവിയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പഴയ നിയമങ്ങൾ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും സർക്കാർ വികസിത് ഭാരതിലേയ്‌ക്ക് പോകുകയാണെന്നും രാഷ്ട്രപതി സഭയിൽ പ്രസംഗിച്ചു. കിഴക്കൻ ഇന്ത്യയുടെ വികസനത്തിനും പിന്നോക്ക സമൂഹങ്ങളുടെ ക്ഷേമത്തിനും പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്നും മുർമു വ്യക്തമാക്കി.ഗ്രാമപ്രദേശങ്ങളിലെ തൊഴിലും വികസനവും ഉറപ്പാക്കുന്നതിന്, വികസിത് ഭാരത്-ജി റാം ജി നിയമം രൂപീകരിച്ചു. ഇതിലൂടെ ഗ്രാമങ്ങളില്‍ 125 ദിവസത്തെ തൊഴില്‍ ഉറപ്പാക്കപ്പെടുന്നുണ്ട്. കൂടാതെ വിവിധ സർക്കാർ ക്ഷേമ പദ്ധതികളിലൂടെ സ്ത്രീകളെ ശാക്തീകരിക്കുന്നുമുണ്ടെന്നും പരാമർശിച്ചു."ഇതിൻ്റെ ഫലമായി കഴിഞ്ഞ ദശകത്തിൽ 25 കോടി പൗരന്മാർ ദാരിദ്ര്യത്തെ മറികടന്നു. സർക്കാരിൻ്റെ മൂന്നാം കാലയളവിനുള്ളിൽ, ദരിദ്രരെ ശാക്തീകരിക്കാനുള്ള പ്രചാരണം കൂടുതൽ വേഗത്തിൽ മുന്നേറി. കഴിഞ്ഞ ദശകത്തിൽ, ദരിദ്രർക്കായി നാല് കോടി വീടുകൾ നിർമ്മിച്ചു. കഴിഞ്ഞ വർഷം 32 ലക്ഷം പുതിയ വീടുകൾ ദരിദ്രർക്ക് നൽകി," രാഷ്‌ട്രപതി നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി. ജൽ ജീവൻ മിഷൻ്റെ അഞ്ച് വർഷത്തിനിടെ 12.5 കോടി പുതിയ വീടുകൾക്ക് പൈപ്പ് വെള്ളം നൽകിയിട്ടുണ്ടെന്ന് ദ്രൗപതി മുർമു പറഞ്ഞു.

കൂടാതെ ആഗോള രാഷ്ട്രീയം മനുഷ്യരാശിയെ സേവിക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കണമെന്ന് ഇന്ത്യ വിശ്വസിക്കുന്നു. ഡീപ്ഫേക്കുകൾ, തെറ്റായ വിവരങ്ങൾ, വ്യാജ ഉള്ളടക്കം എന്നിവ ജനാധിപത്യത്തിനും സാമൂഹിക ഐക്യത്തിനും ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്നും മുർമു പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ വീര്യം പ്രകടമാക്കി. ഏത് ഭീകരാക്രമണത്തെയും ഉറച്ചതും നിർണായകവുമായ നടപടിയിലൂടെ നേരിടുമെന്ന വ്യക്തമായ സന്ദേശം നൽകിയെന്നും രാഷ്‌ട്രപതി വ്യക്തമാക്കി.ഇന്ത്യയുടെ സാമ്പത്തിക വളർച്ച യൂറോപ്യൻ യൂണിയനുമായുള്ള (EU) ഒരു നിർദ്ദിഷ്‌ട സ്വതന്ത്ര വ്യാപാര കരാർ (FTA) സേവന, ഉത്‌പാദന മേഖലകളെ ഉത്തേജിപ്പിക്കുകയും യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യുമെന്ന് രാഷ്‌ട്രപതി പറഞ്ഞു. വിദേശ നയത്തെക്കുറിച്ച് ആഗോള രാഷ്ട്രീയം മാനവികതയെ സേവിക്കുക എന്ന ലക്ഷ്യത്തോടെ ആയിരിക്കണമെന്ന് ഇന്ത്യ വിശ്വസിക്കുന്നുവെന്നും പറഞ്ഞു."സർക്കാരിൻ്റെ നയങ്ങളുടെ ഫലമായി പൗരന്മാരുടെ വരുമാനം വർധിച്ചു. അവരുടെ സമ്പാദ്യം വളർന്നു. അവരുടെ വാങ്ങൽ ശേഷിയും മെച്ചപ്പെട്ടു. യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ അവസാനിച്ചതിന് എല്ലാ പൗരന്മാരെയും ഞാൻ അഭിനന്ദിക്കുന്നു. ഇത് ഇന്ത്യയിലെ ഉത്‌പാദന, സേവന മേഖലകൾക്ക് പ്രചോദനം നൽകും. കൂടാതെ ഇന്ത്യയിലെ യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യും," മുർമു പറഞ്ഞു.

കഴിഞ്ഞ 11 വർഷത്തിനിടെ രാജ്യത്തിൻ്റെ സാമ്പത്തിക അടിത്തറ ശക്തമായി വളർന്നിട്ടുണ്ട്. വിവിധ ആഗോള പ്രതിസന്ധികൾക്കിടയിലും ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുന്നു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കുന്നതിൽ ഇന്ത്യ കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ദരിദ്രരും ഇടത്തരക്കാരുമായ കുടുംബങ്ങൾക്ക് ഇത് നേരിട്ട് പ്രയോജനം ചെയ്യുന്നു.ഇന്ത്യയുടെ ബഹിരാകാശയാത്രികനായ ശുഭാൻഷു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയ സന്ദർശനം ഒരു ചരിത്ര യാത്രയുടെ തുടക്കമാണ്. വരും വർഷങ്ങളിൽ ഇന്ത്യ സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കുന്നതിലേക്ക് നീങ്ങുകയാണെന്നും രാഷ്‌ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം രത്-ജി റാം ജി നിയമം പരാമർശിച്ചപ്പോൾ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു.പാർലമെൻ്റ് വളപ്പിൽ ഉപരാഷ്ട്രപതി സി പി രാധാകൃഷ്‌ണൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്‌പീക്കർ ഓം ബിർള എന്നിവർ രാഷ്ട്രപതിയെ സ്വീകരിച്ചു. പാർലമെൻ്റിൽ അവർക്ക് ഗാർഡ് ഓഫ് ഓണർ നൽകി. 

https://www.worldm.news/national/parliaments-budget-session--17189

https://www.worldm.news/national/finance-minister-nirmala--17155