"ടിഐ മധുസൂദനൻ്റെ കൈയിൽ രസീത് ഉണ്ടെങ്കിൽ എന്തിനാണ് ഓഫിസ് സെക്രട്ടറി വ്യാജ രസീത് അടിക്കുന്നത്?" : വി കുഞ്ഞികൃഷ്ണൻ

"ടിഐ മധുസൂദനൻ്റെ കൈയിൽ രസീത് ഉണ്ടെങ്കിൽ എന്തിനാണ് ഓഫിസ് സെക്രട്ടറി വ്യാജ രസീത് അടിക്കുന്നത്?" : വി കുഞ്ഞികൃഷ്ണൻ

കണ്ണൂർ: പാർട്ടിയിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി കെകെ രാഗേഷിൻ്റെ ആരോപണങ്ങൾക്ക് രൂക്ഷമായ ഭാഷയിൽ മറുപടിയുമായി മുൻ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണൻ. രസീത് നഷ്ടപ്പെട്ടുവെന്ന വാദം ഉയർത്തി ഓഫിസ് സെക്രട്ടറിയെ ബലിയാടാക്കി രക്ഷപ്പെടാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ പാർട്ടി ഫോറങ്ങളിൽ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നാണ് നേതൃത്വം പറയുന്നതെന്നും എന്നാൽ ഇത് പൊതുജനങ്ങളോട് പറയില്ലെന്ന നിലപാടാണ് അവർക്കുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇപ്പോൾ രസീത് നഷ്ടപ്പെട്ടുവെന്ന് ജില്ലാ സെക്രട്ടറി സമ്മതിക്കാൻ തയാറായിട്ടുണ്ട്. എന്നാൽ വ്യാജ രസീത് അച്ചടിച്ചതുമായി ബന്ധപ്പെട്ട് ഓഫിസ് സെക്രട്ടറിയെ കുറ്റക്കാരനാക്കി രക്ഷപ്പെടുന്ന സമീപനമാണ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. ഒന്നും രണ്ടും ഒറിജിനൽ രസീത് ബുക്കുകൾ ഫണ്ട് പിരിക്കാൻ ഉപയോഗിച്ചത് ടിഐ മധുസൂദനൻ തന്നെയാണ്. ഇത് നഷ്ടപ്പെട്ടു എന്നാണ് പറയുന്നത്. എന്നാൽ ഇത് ഓഫിസ് സെക്രട്ടറിയുടെ കൈയിൽ നിന്നാണോ അതോ ടിഐ മധുസൂദനൻ്റെ കൈയിൽ നിന്നാണോ നഷ്ടപ്പെട്ടതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഓഫിസ് സെക്രട്ടറിയുടെ കൈയിൽ നിന്നാണ് നഷ്ടപ്പെട്ടതെന്ന നിലയിൽ അതിനു പകരമായി ഓഫിസ് സെക്രട്ടറി വ്യാജ രസീത് അച്ചടിച്ചു എന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ഇതിൻ്റെ പേരിലാണ് അയാൾക്കെതിരെ നടപടി എടുത്തത്. എന്നാൽ നഷ്ടപ്പെട്ടു എന്ന് പറയുന്ന രസീത് ബുക്കിലെ രണ്ടാം നമ്പർ ബുക്ക് ടിഐ മധുസൂദനൻ ഹാജരാക്കുന്നുണ്ട്. കെകെ രാഗേഷ് നടത്തിയ വാർത്താസമ്മേളനത്തിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

ഇവിടെ നിർണായകമായ ഒരു ചോദ്യം ഉയരുന്നുണ്ട്. ടിഐ മധുസൂദനൻ്റെ കൈയിൽ രസീത് ഉണ്ടെങ്കിൽ എന്തിനാണ് ഓഫിസ് സെക്രട്ടറി വ്യാജ രസീത് അടിക്കുന്നത്? അപ്പോൾ ഓഫിസ് സെക്രട്ടറിയുടെ കൈയിൽ നിന്ന് നഷ്ടപ്പെട്ടു എന്ന് പറഞ്ഞത് കള്ളമല്ലേ? ഓഫിസ് സെക്രട്ടറിയുടെ കൈയിൽ നിന്നാണ് നഷ്ടപ്പെട്ടതെങ്കിൽ ടിഐ മധുസൂദനന് ആ ബുക്ക് ഹാജരാക്കാൻ സാധിക്കില്ലല്ലോ. കൂടാതെ ഒന്നാം നമ്പർ രസീത് ഇന്നേവരെ ഹാജരാക്കിയിട്ടില്ല. ഒന്നാം നമ്പർ രസീത് പൂർണമായും മുറിച്ചതിനു ശേഷമായിരിക്കും രണ്ടാം നമ്പർ രസീത് മുറിക്കുക എന്നും വി കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു.

രാഗേഷിന് മറുപടിയും മാധ്യമ നിലപാടും

പാർട്ടിയെ പിന്നിൽനിന്ന് കുത്തിയെന്നും താൻ ഉത്തമനായ കമ്യൂണിസ്റ്റല്ലെന്നും പാർട്ടി ഫണ്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കാൻ ശ്രമിച്ചുവെന്നുമുള്ള സിപിഎം ജില്ലാ സെക്രട്ടറി കെകെ രാഗേഷിൻ്റെ ആരോപണങ്ങളെ അദ്ദേഹം തള്ളി. രാഗേഷിൻ്റെ വാർത്താസമ്മേളനത്തിൽ പുതിയതായി ഒന്നും ഉള്ളതായി തോന്നിയില്ലെന്നും രാഗേഷ് പറഞ്ഞ ചില കാര്യങ്ങൾ കേട്ടപ്പോൾ തനിക്ക് ഉള്ളാലെ ചിരിയാണ് വന്നതെന്നും അദ്ദേഹം പ്രതികരിച്ചു. 'കൈരളി ചാനൽ' തൻ്റെ അഭിമുഖം സംപ്രേഷണം ചെയ്യുമായിരുന്നുവെങ്കിൽ തീർച്ചയായും അവർക്ക് തന്നെ അഭിമുഖം നൽകാൻ താൻ തയാറാകുമായിരുന്നു. എന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് കൈരളി തൻ്റെ അഭിമുഖം എടുക്കില്ലെന്ന നല്ല ബോധ്യം തനിക്കുണ്ടെന്നും കൈരളി ഒഴികെ മറ്റേത് ചാനലിന് അഭിമുഖം നൽകിയാലും പാർട്ടി നേതൃത്വം ഇതേ വാദഗതി തന്നെ ഉന്നയിക്കുമെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.

വാർത്ത നൽകിയ ചാനലിനെതിരെ അഭിഭാഷക നോട്ടിസ് അയച്ചതല്ലാതെ മാനനഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്മേൽ തുടർനടപടികളുമായി മുന്നോട്ടുപോകാൻ കഴിഞ്ഞ നാലുവർഷമായിട്ടും ടിഐ മധുസൂദനൻ തയാറായിട്ടില്ല. താൻ ഇക്കാര്യം നേരത്തെ മനസിലാക്കിയിരുന്നുവെങ്കിലും ജനങ്ങൾ ഇത് അറിഞ്ഞിരുന്നില്ല. ജനങ്ങളെ ആ കാര്യം ബോധ്യപ്പെടുത്തുക എന്നത് കൂടി അഭിമുഖത്തിലൂടെ താൻ ഉദ്ദേശിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഏകപക്ഷീയമായ നടപടി

താൻ നൽകിയ അഭിമുഖത്തിൽ അന്തരിച്ച മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്ണൻ്റെ പേര് പരാമർശിച്ചപ്പോൾ അത് കോടിയേരിയെ അപമാനിക്കാനുള്ള ശ്രമമാണെന്ന് എംവി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതിനുള്ള മറുപടി താൻ നേരത്തെ നൽകിയിട്ടുള്ളതാണ്. ഇന്ന് സഖാവ് കോടിയേരിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് കെകെ രാഗേഷ് പല കാര്യങ്ങളും സൂചിപ്പിക്കുകയുണ്ടായി. പയ്യന്നൂരിലെ പാർട്ടിയെ യോജിപ്പിച്ചു കൊണ്ടുപോകാൻ വി കുഞ്ഞികൃഷ്ണന് സാധിക്കില്ല എന്ന് ആർക്കെങ്കിലും ഒരാൾക്ക് വ്യക്തിപരമായി തോന്നിയാൽ മാത്രം മതിയോ എന്ന് അദ്ദേഹം ചോദിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയിൽ സ്വാഭാവികമായും ഇത്തരം കാര്യങ്ങൾ ഏരിയ കമ്മിറ്റിയിൽ ഉന്നയിക്കുകയും ചർച്ച ചെയ്യുകയുമല്ലേ വേണ്ടത്.പാർട്ടിയെ യോജിപ്പിച്ചു കൊണ്ടുപോകുന്നതിൽ തൻ്റെ ഭാഗത്തുനിന്ന് എന്ത് വീഴ്ചയാണ് ഉണ്ടായതെന്ന് തന്നെ ബോധ്യപ്പെടുത്തിയിട്ടില്ല. വി കുഞ്ഞികൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ചിലർക്ക് വ്യക്തിപരമായി തോന്നുകയും അത് ജില്ലാ കേന്ദ്രത്തിൽ തീരുമാനിച്ച ശേഷം ഇവിടെ വന്ന് അറിയിക്കുകയുമാണ് ചെയ്തത്. ഏരിയ സെക്രട്ടറിയെ മാറ്റാനുള്ള തീരുമാനം റിപ്പോർട്ട് ചെയ്തപ്പോൾ 21 അംഗ ഏരിയ കമ്മിറ്റിയിൽ 17 പേരും സെക്രട്ടറിയെ മാറ്റാൻ പാടില്ല എന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. ഭൂരിപക്ഷം എതിരഭിപ്രായം പറഞ്ഞിട്ടും ആ തീരുമാനം പുനഃപരിശോധിക്കാൻ നേതൃത്വം തയാറായില്ല. പയ്യന്നൂരിൽ ഐക്യക്കുറവുണ്ടെങ്കിൽ അതിന് കാരണം അന്ന് ഏരിയ സെക്രട്ടറിയായിരുന്ന വി കുഞ്ഞികൃഷ്ണനാണോ എന്നത് കമ്മിറ്റിയെ ബോധ്യപ്പെടുത്തിയില്ല. ഈ വിശദീകരണവും കണക്കുകളും അംഗീകരിക്കാൻ സാധിക്കാത്തതുകൊണ്ടാണ് കമ്മിറ്റിയിൽ വച്ചുതന്നെ തൻ്റെ നിലപാട് വ്യക്തമാക്കി പ്രവർത്തനരംഗത്തുനിന്ന് മാറിനിന്നത്. എട്ടുമാസത്തോളം താൻ പുറത്തുനിന്നു. ഒടുവിൽ അവസാന നിമിഷമാണ് നേതൃത്വം തന്നെ സമീപിച്ച് ഇങ്ങനെ മാറിനിൽക്കരുതെന്ന് ആവശ്യപ്പെടുകയും പല കാര്യങ്ങളും സംസാരിക്കുകയും ചെയ്തത്. അതിൻ്റെ ഭാഗമായാണ് താൻ വീണ്ടും പാർട്ടി രംഗത്തേക്ക് വന്നതെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്.

ജനാധിപത്യ കേന്ദ്രീകരണം

ജനാധിപത്യ കേന്ദ്രീകരണത്തെക്കുറിച്ചുള്ള എംവി ജയരാജൻ്റെ നിലപാടുകളെയും അദ്ദേഹം ചോദ്യം ചെയ്തു. 2022ൽ ചേർന്ന ഏരിയ കമ്മിറ്റി യോഗത്തിൽ എംവി ജയരാജൻ ജനാധിപത്യ കേന്ദ്രീകരണത്തെക്കുറിച്ച് വിശദീകരിച്ചപ്പോൾ താൻ നൽകിയ മറുപടിയെക്കുറിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് ഇപ്പോൾ അർധരാത്രിയാണെന്ന് ജനാധിപത്യ കേന്ദ്രീകരണ തത്വത്തിൻ്റെ അടിസ്ഥാനത്തിൽ എംവി ജയരാജൻ പറഞ്ഞാൽ അത് അംഗീകരിച്ചുപോകാൻ എല്ലാവർക്കും കഴിയില്ലെന്ന് താൻ അന്ന് കമ്മിറ്റിയിൽ തുറന്നു പറഞ്ഞിരുന്നു. ജനാധിപത്യ കേന്ദ്രീകരണം എന്നത് ഇല്ലാത്ത കാര്യം അടിച്ചേൽപ്പിക്കലല്ല മറിച്ച് ഉള്ള കാര്യങ്ങളെയും വസ്തുതകളെയും പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കലാണ്. നേതൃത്വം പറയുന്ന അവാസ്തവമായ കാര്യങ്ങൾ കണ്ണുമടച്ച് വിശ്വസിക്കാൻ തയാറാകുന്ന ചിലർ ഉണ്ടായേക്കാം. എന്നാൽ എല്ലാവർക്കും അത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ഉൾപ്പാർട്ടി ജനാധിപത്യത്തെക്കുറിച്ച് രാഗേഷ് പരാമർശിച്ചതുകൊണ്ടാണ് ഇക്കാര്യങ്ങൾ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഫണ്ട് കണക്കുകളിലെ പൊരുത്തക്കേടുകൾ

കെട്ടിട നിർമ്മാണ ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകളിലെ പൊരുത്തക്കേടുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 2021ലെ സമ്മേളനത്തിന് തൊട്ടുമുമ്പ് ഏരിയ കമ്മിറ്റിയിൽ കണക്കുകൾ അവതരിപ്പിച്ചപ്പോൾ സഹകരണ ജീവനക്കാരിൽ നിന്ന് പിരിച്ചെടുത്ത ഫണ്ട് അതിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഒരു രൂപ പോലും വരവ് വയ്ക്കാത്ത സാഹചര്യം ഉണ്ടായപ്പോൾ ഫണ്ട് നൽകിയ പല സഖാക്കളും ആ കമ്മിറ്റിയിൽ വച്ചുതന്നെ അത് ചോദ്യം ചെയ്തു. 70 ലക്ഷം രൂപയോളം വരവ് കാണിച്ചിരുന്നെങ്കിൽ ആ കണക്ക് അന്ന് അംഗീകരിച്ച് 2021ലെ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കുമായിരുന്നു. എന്നാൽ 70 ലക്ഷം രൂപ കാണാനില്ലാത്തതുകൊണ്ട് അന്ന് ആ കണക്ക് മാറ്റിവയ്ക്കുകയാണുണ്ടായത്.

പിന്നീട് 2024ലെ സമ്മേളനത്തിലാണ് ഈ കണക്ക് വീണ്ടും അവതരിപ്പിക്കുന്നത്. സമ്മേളനത്തിന് ശേഷം ചേർന്ന കമ്മിറ്റിയിൽ സഹകരണ ജീവനക്കാരിൽ നിന്ന് 64 ലക്ഷത്തോളം രൂപ ലഭിച്ചതായി രേഖപ്പെടുത്തിയിരുന്നു. എന്നാൽ 64 ലക്ഷമല്ല 70 ലക്ഷത്തോളം രൂപയുണ്ടെന്ന് താൻ അപ്പോൾ ചൂണ്ടിക്കാട്ടി. പണം അക്കൗണ്ടിൽ ഉണ്ടായിരുന്നിട്ടും 2021ൽ ആദ്യം കണക്ക് അവതരിപ്പിച്ചപ്പോൾ എന്തുകൊണ്ട് അത് കാണിച്ചില്ല എന്ന ചോദ്യവും അദ്ദേഹം ഉയർത്തുന്നു. രണ്ട് ബാങ്കുകളിൽ നിന്നായി പിരിച്ചെടുത്ത പണം അക്കൗണ്ടിൽ ഉണ്ടായിരുന്നില്ല എന്ന ഗുരുതരമായ വിഷയമാണ് ഇതിലൂടെ ഉന്നയിക്കപ്പെടുന്നത്.

കുഞ്ഞികൃഷ്ണന്റെ വീടിനു മുന്നിൽ പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും സിപിഎം

 പയ്യന്നൂരിൽ സി പി എം പ്രവർത്തകർ കുഞ്ഞികൃഷ്ണന്റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു.സി പി എം കുഞ്ഞികൃഷ്ണനെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതിന് പിന്നാലെയാണ് പ്രകടനം ഉണ്ടായത്. കുഞ്ഞികൃഷ്ണനെ വർഗ്ഗ വഞ്ചകനെന്ന് വിളിച്ചും മറ്റുമാണ് സി പി എം പ്രവർത്തകർ പ്രതിഷേധിച്ചത്.

https://www.worldm.news/keralam/v-kunhikrishnan-expelled--17117