കുപ്രസിദ്ധരായ ആറ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന

ബിജാപൂർ: ഛത്തീസ്‌ഗഢിലെ ഇന്ദ്രാവതി ദേശീയ ഉദ്യാനത്തിന് സമീപം സുരക്ഷാ സേനയും നക്‌സലുകളും തമ്മിലുണ്ടായ വൻഏ റ്റുമുട്ടലിൽ ആറു കുപ്രസിദ്ധ നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടു. പരിക്കേറ്റ നാലുപേരെ അറസ്റ്റ് ചെയ്‌തതായി പൊലീസ് സ്ഥിരീകരിച്ചു.
സുരക്ഷാ സേനയുടെ നക്‌സൽ വിരുദ്ധ ഓപ്പറേഷൻ്റെ ഭാഗമായാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് ബിജാപൂർ പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര യാദവ് മാധ്യമങ്ങളോട് പറഞ്ഞു. ഇൻസാസ്, സ്റ്റെൻഗൺ, 303 റൈഫിൾ തുടങ്ങിയ മാരക ആയുധങ്ങളും ധാരാളം സ്ഫോടകവസ്‌തുക്കളും സംഭവ സ്ഥലത്തു നിന്ന് കണ്ടെത്തി. ചൊവ്വാഴ്‌ച രാവിലെ മുതൽ പൊലീസും നക്‌സൽ സംഘവും തമ്മിൽ ഇന്ദ്രാവതി ദേശീയ ഉദ്യാനത്തിന് സമീപം ഏറ്റുമുട്ടിയിരുന്നു. ഇടയ്ക്കിടെ വെടിവയ്പ്പ് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.ദേശീയ ഉദ്യാനത്തിന് സമീപം നക്‌സലൈറ്റുകളുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടർന്നാണ് പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചതെന്ന് ബിജാപൂർ പൊലീസ് സൂപ്രണ്ട് ഡോ ജിതേന്ദ്ര യാദവ് പറഞ്ഞു. ബിജാപൂർ, ദന്തേവാഡ എന്നിവിടങ്ങളിലെ ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് എന്നിവരായിരുന്നു ഓപ്പറേഷന് നേതൃത്വം വഹിച്ചത്.
കുപ്രസിദ്ധരായ ആറ് നക്‌സലൈറ്റുകളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ സംഭവം സുരക്ഷാ സേനയ്ക്ക് പ്രധാനവും നിർണായകവുമാണെന്ന് ബസ്‌തർ ഐജി സുന്ദർരാജ് പി പറഞ്ഞു. നക്‌സലിസം തകർന്നുകൊണ്ടിരിക്കുന്ന സമയത്താണ് സേനയുടെ ഇടപെടലും വിജയവുമെന്നും സുന്ദർരാജ് കൂട്ടിച്ചേർത്തു. "ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മറ്റ് നക്‌സലൈറ്റുകൾക്കായി സേന ശക്തമായ തെരച്ചിൽ തുടരുന്നുണ്ട്. അധിക സംഘങ്ങളെ അന്വേഷണത്തിനായി മറ്റ് പ്രദേശങ്ങളിലേയ്ക്ക് അയച്ചിട്ടുണ്ട്," സുന്ദർരാജ് പറഞ്ഞു.ദൗത്യം തുടരുന്നതിനാൽ പ്രധാനപ്പെട്ട മറ്റു വിവരങ്ങൾ കൂടുതൽ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റുമുട്ടലിനിടെ പരിക്കേറ്റ നക്‌സലൈറ്റുകൾക്ക് സംഭവ സ്ഥലത്തു വച്ചു തന്നെ പ്രഥമ ശുശ്രൂഷ നൽകി. തുടർ ചികിത്സയ്ക്കായി ബിജാപൂർ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. രക്ഷപ്പെട്ട മറ്റ് നക്‌സലൈറ്റുകൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. ഒരു നക്‌സലൈറ്റിനും രക്ഷപ്പെടാൻ കഴിയാത്തവിധം സേന പ്രദേശം വളഞ്ഞിരിക്കുകയാണെന്ന് ബിജാപൂർ എസ്‌പി ജിതേന്ദ്ര യാദവ് പറഞ്ഞു.ഏറ്റുമുട്ടലിൽ ഒന്നിലധികം സുരക്ഷാ സേനകൾ ഉൾപ്പെട്ടിരുന്നു. ഡിആർജി, സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്), കോബ്ര ഫോഴ്‌സ് എന്നിവയുടെ സംയുക്ത സംഘമാണ് ഏറ്റുമുട്ടലിൽ ഉൾപ്പെട്ടിരുന്നത്. പരിക്കേറ്റ ചില നക്‌സലൈറ്റുകളുടെ തലയ്ക്ക് സർക്കാർ വൻ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഏറ്റുമുട്ടലിൽ ഉൾപ്പെട്ടവർ ഏത് നക്‌സലൈറ്റ് സംഘടനയുമായി ബന്ധപ്പെട്ടതാണെന്നും അവരുടെ പ്രാദേശിക ശൃംഖല എത്രത്തോളം വ്യാപിച്ചിരിക്കുന്നുവെന്നും അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.