ഡൊണാൾഡ് ട്രംപിന് തിരിച്ചടി: ജന്മാവകാശ പൗരത്വം നിർത്തലാക്കാനാകില്ലെന്ന് സുപ്രീംകോടതി

ഡൊണാൾഡ് ട്രംപിന് തിരിച്ചടി: ജന്മാവകാശ പൗരത്വം നിർത്തലാക്കാനാകില്ലെന്ന് സുപ്രീംകോടതി

വാഷിങ്ടൺ: അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നീക്കത്തിന് സുപ്രീം കോടതിയിൽനിന്ന് കനത്ത തിരിച്ചടി. കോൺഗ്രസിനെ മറികടന്ന് എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള ട്രംപിൻ്റെ ശ്രമം ഒൻപതംഗ ബെഞ്ചിൽ ആറേ മൂന്ന് ഭൂരിപക്ഷത്തിനാണ് കോടതി തള്ളിയത്. അതേസമയം, ഫെഡറൽ ഏജൻസികളുടെ മേലുള്ള നിയന്ത്രണവും കുടിയേറ്റ വിരുദ്ധ നടപടികളും കോടതി ശരിവച്ചു.തൻ്റെ രണ്ടാം ഊഴത്തിൻ്റെ ആദ്യദിനം തന്നെ ജന്മാവകാശ പൗരത്വം നിർത്തലാക്കിക്കൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പിട്ടിരുന്നു. അനധികൃതമായി രാജ്യത്ത് എത്തിയവരുടെയും താത്കാലിക വിസയിലുള്ളവരുടെയും മക്കൾക്ക് അമേരിക്കൻ പൗരത്വം ലഭിക്കില്ലെന്നായിരുന്നു ഉത്തരവ്. ഇതിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികളിൽ ഫെഡറൽ കോടതികൾ താത്കാലിക സ്റ്റേ അനുവദിച്ചിരുന്നു. തുടർന്ന് ഏപ്രിലിൽ സുപ്രീം കോടതിയിൽ വാദം കേൾക്കുന്ന സമയത്ത് പ്രസിഡൻ്റ് നേരിട്ട് ഹാജരായിരുന്നു. അമേരിക്കൻ ചരിത്രത്തിൽ ആദ്യമായാണ് ഒരു സിറ്റിങ് പ്രസിഡൻ്റ് സുപ്രീം കോടതിയിലെ വാദം കേൾക്കലിൽ പങ്കെടുക്കുന്നത്. എന്നാൽ, അനധികൃത കുടിയേറ്റക്കാരുടെ മക്കൾക്ക് പൗരത്വം നിഷേധിക്കാമെന്ന ഭരണകൂടത്തിൻ്റെ വാദത്തെ നാല് യാഥാസ്ഥിതിക ജഡ്ജിമാർ പിന്തുണച്ചു.