സിക്കിം തുരങ്ക ദുരന്തം: മരിച്ച മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹൻ്റെ മൃതദേഹംനാളെ കൊച്ചിയിലെത്തിക്കും

ഗാങ്ടോക്ക്: സിക്കിമിൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന തുരങ്കം തകർന്നുണ്ടായ ദാരുണ അപകടത്തിൽ മരണപ്പെട്ട മലയാളി ജിയോളജിസ്റ്റ് പാമ്പാടി പത്താഴക്കുഴി സ്വദേശി അനീഷ് മോഹന്റെ മൃതദേഹം ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ കൊച്ചിയിലെത്തിക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടസ്ഥലത്തു നിന്നും മൃതദേഹം കണ്ടെത്താനായത്. തുടര്ന്ന് റോഡ് മാർഗ്ഗം ഉച്ചയോടെ കൊൽക്കത്ത വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു. കൊൽക്കത്ത എയർപോർട്ടിൽ നോർക്കയുടെ അടിയന്തര ഇടപെടലിൽ സജ്ജമാക്കിയ മൊബൈൽ യൂണിറ്റിൽ വൈകീട്ട് മൂന്നരയോടെ എംബാം നടപടികൾ പൂർത്തിയാക്കി.ഇന്നു രാത്രി 11 മണിക്ക് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് എത്തിക്കുന്നത്. കൊച്ചി എയർപോർട്ടിൽ എത്തിക്കുന്ന മൃതദേഹം കോട്ടയത്തെ സ്വവസതിയിലേക്ക് കൊണ്ടുപോകുന്നതിനായി പ്രത്യേക ആംബുലൻസ് സൗകര്യവും നോർക്ക ഏർപ്പെടുത്തിയിട്ടുണ്ട്.