യുഎഇയിലെ ആദ്യത്തെ പാസഞ്ചർ ട്രെയിൻ: ഇത്തിഹാദ് റെയിൽ സർവീസ് ആരംഭിച്ചു

അബുദാബി: അബുദാബിക്കും ഫുജൈറയ്ക്കും ഇടയിൽ ആരംഭിച്ച യുഎഇയിലെ ആദ്യത്തെ പാസഞ്ചർ ട്രെയിൻ സർവീസിന് വൻ സ്വീകാര്യത. ആദ്യ ട്രെയിൻ കഴിഞ്ഞ ദിവസം രാവിലെ 5.34-ന് ഫുജൈറയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട് വിജയകരമായി കന്നിയാത്ര പൂർത്തിയാക്കിയിരുന്നു. വരും ദിവസങ്ങളിലെ ടിക്കറ്റുകൾ അതിവേഗം വിറ്റഴിയുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 105 മിനിറ്റുകൊണ്ട് യാത്ര പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഫുജൈറയിൽ നിന്ന് പുറപ്പെട്ട് രാവിലെ 7.19-ന് അബുദാബിയിൽ എത്തേണ്ടിയിരുന്ന ട്രെയിൻ, നിശ്ചിത സമയത്തിന് ഏകദേശം 10 മിനിറ്റ് മുൻപ് തന്നെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ എത്തിച്ചേർന്നു. ഫുജൈറയിൽ നിന്നുള്ള ഈ കന്നിയാത്രയിൽ പങ്കാളികളായ യാത്രക്കാർക്ക് ട്രെയിനിൽ സൗജന്യ പ്രഭാതഭക്ഷണം വിളമ്പി.
ട്രെയിൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് വെറും രണ്ട് ദിവസത്തിനുള്ളിൽ 5,000-ത്തിലധികം യാത്രക്കാർ സീറ്റുകൾ റിസർവ് ചെയ്തിരുന്നു. ഇതോടെ ഇത്തിഹാദ് റെയിലിൻ്റെ മൊബൈൽ ആപ്ലിക്കേഷൻ യു.എ.ഇ.യിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സൗജന്യ ആപ്പായി മാറി. ജൂലൈ 5 വരെയുള്ള പല സർവീസുകളുടെയും ടിക്കറ്റുകൾ ഇതിനകം തന്നെ പൂർണ്ണമായും വിറ്റഴിഞ്ഞു കഴിഞ്ഞു. മിക്ക ട്രെയിനുകളിലെയും പ്രീമിയം ക്ലാസ് സീറ്റുകൾ പൂർണ്ണമായി ബുക്ക് ചെയ്യപ്പെട്ടപ്പോൾ, കംഫർട്ട് ക്ലാസിൽ പരിമിതമായ ടിക്കറ്റുകൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. തുടക്കത്തിൽ അബുദാബിയിൽ നിന്ന് ഫുജൈറയിലേക്കും, തിരിച്ച് ഫുജൈറയിൽ നിന്ന് അബുദാബിയിലേക്കും പ്രതിദിനം മൂന്ന് ട്രെയിനുകൾ വീതം സർവീസ് നടത്തും. എന്നാൽ, ശനി, ഞായർ ദിവസങ്ങളിൽ ഇരുവശങ്ങളിലേക്കും രണ്ട് സർവീസുകൾ മാത്രമായിരിക്കും ഉണ്ടാകുക.ദുബായ് ട്രെയിൻ സ്റ്റേഷനും അൽ ദൈദ് ട്രെയിൻ സ്റ്റേഷനും 2026 സെപ്റ്റംബർ 30ന് തുറക്കും, തുടർന്ന് 2026 ഡിസംബർ 30ന് അൽ ദഫ്ര മേഖലയിലെ സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്യും. 2027 മാർച്ച് 30ന് ഷാർജ ട്രെയിൻ സ്റ്റേഷൻ തുറക്കുന്നതോടെ പാസഞ്ചർ റെയിൽ ശൃംഖല പൂർണ്ണമായും പൂർത്തിയാകും, രാജ്യത്തെ 11 നഗരങ്ങളിലും പ്രദേശങ്ങളിലുമായി മുഴുവൻ ശൃംഖലയെയും ബന്ധിപ്പിക്കും.
പ്രവാസികൾക്ക് വൻ ആശ്വാസം
യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ മലയാളികൾക്കും പുതിയ ട്രെയിൻ സർവീസ് വൻ ലാഭവും സൗകര്യവുമാണ് സമ്മാനിക്കുന്നത്. നിലവിൽ റോഡ് മാർഗ്ഗം അബുദാബിയിൽ നിന്ന് ഫുജൈറയിലെത്താൻ രണ്ടര മുതൽ മൂന്ന് മണിക്കൂർ വരെ സമയമെടുക്കാറുണ്ട്. എന്നാൽ പുതിയ റെയിൽവേ വരുന്നതോടെ ഈ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകും.ദുബായ്, ഷാർജ വിമാനത്താവളങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ സർവീസുകളുള്ളതും ടിക്കറ്റ് നിരക്ക് കുറവുള്ളതും അബുദാബിയിലേക്കാണ്. അതുകൊണ്ടുതന്നെ, അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് ദുബായ്, ഷാർജ, ഫുജൈറ തുടങ്ങിയ മറ്റ് എമിറേറ്റുകളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഈ ട്രെയിൻ സർവീസ് വലിയൊരു അനുഗ്രഹമായി മാറും.

ട്രെയിനിൻ്റെ സവിശേഷതകൾ
അതിമനോഹരമായി രൂപകൽപ്പന ചെയ്ത ഈ പുതിയ ട്രെയിനുകളിൽ 400 യാത്രക്കാർക്ക് ഒരേസമയം സഞ്ചരിക്കാനാകും. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയിലാണ് ഈ ട്രെയിൻ പായുന്നത്.ഈ ട്രെയിനുകളിൽ പ്രീമിയം, കംഫർട്ട് എന്നിങ്ങനെ രണ്ട് ക്ലാസുകളാണുള്ളത്. പ്രീമിയം ക്ലാസിൽ ഇളം ചാരനിറത്തിലുള്ള, വീതിയേറിയതും പിന്നിലേക്ക് ചാരി ഇരിക്കാവുന്നതുമായ സീറ്റുകളാണുള്ളത്; ഇവയ്ക്ക് മുന്നിലായി മടക്കിവെക്കാവുന്ന ചെറിയ മേശകളുംസജ്ജീകരിച്ചിരിക്കുന്നു. മറുഭാഗത്ത്, കംഫർട്ട് ക്ലാസിൽ ഇരുണ്ട ചാരനിറത്തിലുള്ള സീറ്റുകളാണുള്ളത്. മാറ്റിവെക്കാൻ സാധിക്കുന്ന ഹാൻഡ് റെസ്റ്റുകളുള്ള ഈ സീറ്റുകൾ ഒരു ക്ലസ്റ്റർ രൂപത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ സീറ്റുകൾക്കും സമീപത്തായി ചാർജിംഗ് പോർട്ടുകളും പവർ ഔട്ട്‌ലെറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്.രാജ്യത്തെ പ്രധാന വിമാനത്താവളങ്ങൾക്ക് സമീപമെല്ലാം ഈ 900 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽ ശൃംഖലയ്ക്ക് സ്റ്റേഷനുകളുണ്ട്.
ലഗേജുകൾ സുരക്ഷിതം
ലഗേജുകളുമായി യാത്ര ചെയ്യുന്നവർക്കായി, അവരുടെ ബാഗേജുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ കാരിയേജിന്റെ കോണിലായി ഒരു പ്രത്യേക ഭാഗം ഒരുക്കിയിട്ടുണ്ട്. ചെറിയ ബാഗുകൾക്കായി സീറ്റുകൾക്ക് മുകളിലായി ഓവർഹെഡ് ലഗേജ് സ്പേസും ഒരുക്കിയിട്ടുണ്ട്.നിശ്ചിത അളവിലുള്ള (55cm x 40cm x 23cm) അംഗീകൃത കൂടുകളിൽ സൂക്ഷിക്കുകയാണെങ്കിൽ, നായ്ക്കളും വേട്ടപ്പരുന്തുകളും അടക്കമുള്ള വളർത്തുമൃഗങ്ങളെ ട്രെയിനിൽ കൂടെക്കൊണ്ടുപോകാൻ അനുവദിക്കുന്നതാണ്. വളർത്തുമൃഗങ്ങളെ കൊണ്ടുപോകുന്ന കൂട് യാത്രക്കാരുടെ അനുവദനീയമായ സാധാരണ കാബിൻ ലഗേജിന്റെ ഭാഗമായിട്ടായിരിക്കും കണക്കാക്കുക. അതുകൊണ്ട് യാത്രക്കാർക്ക് വളർത്തുമൃഗങ്ങളുടെ കൂടിനൊപ്പം മറ്റൊരു കാബിൻ ബാഗ് കൂടി കൈയിൽ കരുതാൻ അനുവാദമുണ്ടായിരിക്കില്ല. യാത്രയിലുടനീളം മൃഗങ്ങൾ കൂടിനുള്ളിൽ തന്നെ തുടരേണ്ടതും ഉടമസ്ഥന്റെ പൂർണ്ണ നിയന്ത്രണത്തിലായിരിക്കേണ്ടതുമാണ്. ഒരു യാത്രക്കാരന് ഒരു പെറ്റ് കാരിയർ മാത്രമേ കൂടെക്കരുതാൻ അനുവാദമുള്ളൂ.
യാത്രക്കാരോടൊപ്പമുള്ള ഓരോ കുട്ടിക്കും ഒരു പുഷ്‌ചെയർ വീതം പൂർണ്ണമായും സൗജന്യമായി കൊണ്ടുപോകാൻ കുടുംബങ്ങൾക്ക് അനുവാദമുണ്ട്. യാത്രയ്ക്കിടയിൽ കേടുപാടുകൾ വരാതിരിക്കാൻ പുഷ്‌ചെയറുകൾ റാപ്പ് ചെയ്ത് സൂക്ഷിക്കാനും ഇത്തിഹാദ് റെയിൽ നിർദ്ദേശിക്കുന്നു.വീൽചെയറോ മറ്റ് യാത്രാസഹായികളോ ഉപയോഗിക്കുന്ന യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ട്രെയിനിൽ ഉണ്ടായിരിക്കും. എന്നാൽ, കമ്പനി തന്നെ നിർമ്മിച്ചു നൽകിയിട്ടുള്ള ബാറ്ററികൾ ഘടിപ്പിച്ച ഇലക്ട്രിക് വീൽചെയറുകൾ മാത്രമേ ട്രെയിനിൽ അനുവദിക്കുകയുള്ളൂ. വീൽചെയർ ഉപയോഗിക്കുന്നവർക്കുള്ള പ്രത്യേക സീറ്റുകൾ/സ്ഥലം ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ റിസർവ് ചെയ്യേണ്ടതാണ്.ഇത്തിഹാദ് റെയിലിന്റെ യാത്രാ സർവീസുകളിൽ സൈക്കിളുകൾ, ഇ-സ്കൂട്ടറുകൾ, ഇ-ബൈക്കുകൾ എന്നിവ അനുവദിക്കുന്നതല്ല.
കാഴ്ചകളുടെ വിരുന്നൊരുക്കുന്ന ഹാജർ പർവതനിരകളും ബിത പാലവും
സഞ്ചാരികൾക്കിടയിൽ എക്കാലത്തും ഏറ്റവും ജനപ്രിയമായ അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് യുഎഇ. റെയിൽ സർവീസ് ആരംഭിക്കുന്നതോടെ, യുഎഇ സന്ദർശിക്കാനും കാഴ്ചകൾ ആസ്വദിക്കാനും ആഗ്രഹിക്കുന്ന പ്രാവാസികൾക്കും വിനോദസഞ്ചാരികൾക്ക് ഈ പുതിയ ട്രെയിൻ ശൃംഖല ഒരു പ്രധാന ആകർഷണമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഫുജൈറ സ്റ്റേഷനിലേക്കും അവിടെ നിന്നുമുള്ള യാത്രയ്ക്കിടയിലും യാത്രക്കാർക്ക് ഒരു സവിശേഷ അനുഭവം സമ്മാനിച്ചുകൊണ്ട് ട്രെയിൻ ഹാജർ പർവതനിരകളിലൂടെ കടന്നുപോകും. ഇതിനായി ആകെ 6.9 കിലോമീറ്റർ നീളമുള്ള ഒമ്പത് തുരങ്കങ്ങളാണ് നിർമ്മിച്ചിരിക്കുന്നത്. ഈ മേഖലയിലെ ഇത്തരത്തിലുള്ള ഏറ്റവും നീളമേറിയ തുരങ്കമാണിത്.യാത്രയ്ക്കിടയിൽ, റെയിൽ ശൃംഖലയിലെ ഏറ്റവും ഉയരം കൂടിയ നിർമ്മിതിയായ ബിത പാലത്തിലൂടെയും ട്രെയിൻ കടന്നുപോകും. 40 മീറ്റർ ഉയരമുള്ള ഈ പാലത്തിന് 600 മീറ്ററിലധികം നീളമുണ്ട്. ട്രെയിൻ ഇതിലൂടെ കടന്നുപോകുമ്പോൾ സമീപത്തുള്ള ബിത്‌ന കോട്ടയുടെയും അതിനു ചുറ്റുമുള്ള പച്ചപ്പിന്റെയും അതിമനോഹരമായ ദൃശ്യങ്ങൾ യാത്രക്കാർക്ക് ആസ്വദിക്കാനാകും.