ഫ്രാൻസിനോട് തോറ്റ് മൊറോക്കോ പുറത്തായതിന് പിന്നാലെ ലണ്ടനിൽ വ്യാപക അക്രമം

ഫ്രാൻസിനോട് തോറ്റ് മൊറോക്കോ പുറത്തായതിന് പിന്നാലെ ലണ്ടനിൽ വ്യാപക അക്രമം

ലണ്ടൻ: ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനോട്  തോറ്റ് മൊറോക്കോ പുറത്തായതിന് പിന്നാലെ സെൻട്രൽ ലണ്ടനിൽ മൊറോക്കൻ ആരാധകരും പോലീസും തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. ലണ്ടനിലെ എഡ്ജ്‌വെയർ റോഡിലാണ് വലിയ തോതിൽ അക്രമസംഭവങ്ങൾ അരങ്ങേറിയത്. അക്രമകാരികളായ ജനക്കൂട്ടം പോലീസിനു നേരെ കുപ്പികളും കല്ലുകളും പടക്കങ്ങളും എറിഞ്ഞതിനെ തുടർന്ന് പ്രദേശം യുദ്ധക്കളമായി മാറി.ഇതേത്തുടർന്ന് സ്ഥിതിഗതികൾ ശാന്തമാക്കാൻ ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ് വൻതോതിൽ കലാപവിരുദ്ധ സേനയെ വിന്യസിച്ചു. മത്സരത്തിന്റെ അവസാന വിസിൽ മുഴങ്ങിയതിന് തൊട്ടുപിന്നാലെ എഡ്ജ്‌വെയർ റോഡിൽ തടിച്ചുകൂടിയ മൊറോക്കൻ ആരാധകർ ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുത്തുകയും വാഹനങ്ങൾക്ക് മുകളിൽ കയറി ആക്രോശിക്കുകയുമായിരുന്നു. തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ച പോലീസിനു നേരെയാണ് അക്രമമുണ്ടായത്.അക്രമത്തിനിടയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഒരു പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ തലയിൽ കുപ്പിച്ചില്ല് കൊണ്ടുള്ള ഏറാണ് ഏറ്റതെന്ന് സംശയിക്കുന്നു. പൊതുമുതൽ നശിപ്പിച്ചതിനും പോലീസിനെ ആക്രമിച്ചതിനും നാല് പേരെ സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ പ്രതികളെ തിരിച്ചറിയാൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.കഴിഞ്ഞ ലോകകപ്പിൽ സെമിഫൈനലിൽ എത്തി ചരിത്രം കുറിച്ച മൊറോക്കോയുടെ ഇത്തവണത്തെ ലോകകപ്പ് പ്രയാണം ഇതോടെ അവസാനിച്ചു. ഫ്രാൻസിന് വേണ്ടി കിലിയൻ എംബാപ്പെയും ഒസ്മാൻ ഡെംബെലെയുമാണ് ഗോളുകൾ നേടിയത്. മുൻകരുതലിന്റെ ഭാഗമായി ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ 20,000-ത്തിലധികം പോലീസുകാരെ വിന്യസിച്ചിരുന്നതിനാൽ അവിടെ കാര്യമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.