"ഇറാനെതിരെ ഇന്ന് രാത്രി അതിശക്തമായ ആക്രമണം", ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന് ട്രംപ്
വാഷിങ്ടൺ: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി, തുടർച്ചയായ മൂന്നാം ദിവസവും ഇറാനെതിരെയുള്ള വ്യോമാക്രമണം ശക്തമായി തുടരുമെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രാദേശിക സമയം വ്യാഴാഴ്ച രാത്രിയോടെ ഇറാനെതിരെ അമേരിക്ക അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്. ഇറാൻ്റെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് അമേരിക്ക പൂർണ്ണമായി പിടിച്ചെടുക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് യുദ്ധപ്രഖ്യാപനം നടത്തിയത്.
അമേരിക്ക ഇന്ന് രാത്രി ഇറാനെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണത്തോടെ ഇറാൻ്റെ നാവിക-വ്യോമ സേനകളടക്കമുള്ള പ്രതിരോധ സംവിധാനങ്ങളെല്ലാം തകർന്നടിയുമെന്നാണ് ട്രംപ് കുറിച്ചത്. “വെനസ്വേലയിൽ ചെയ്തതുപോലെ ഇറാൻ്റെ ഖാർഗ് ദ്വീപ് അമേരിക്ക ഏറ്റെടുക്കും. അധികം വൈകാതെ തന്നെ ഒരു ഘട്ടത്തിൽ ഖാർഗ് ദ്വീപും ഇറാന്റെ പ്രധാന എണ്ണകേന്ദ്രങ്ങളും അമേരിക്കൻ സൈന്യം പിടിച്ചെടുക്കും. വെനസ്വേലയിലേതിന് സമാനമായി ഇറാൻ്റെ എണ്ണ-വാതക വിപണികളുടെ പൂർണ്ണ നിയന്ത്രണവും ഇനി അമേരിക്കയ്ക്കായിരിക്കും,” ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇറാൻ്റെ മൊത്തം എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന, ഇറാൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ തന്ത്രപ്രധാന മേഖലയാണ് ഖാർഗ് ദ്വീപ്. നേരത്തെ മാർച്ച് പകുതിയോടെ യുഎസ് സൈന്യം ഇവിടെ ബോംബാക്രമണം നടത്തി സൈനിക സംവിധാനങ്ങൾ തകർത്തതായി അവകാശപ്പെട്ടിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച അന്താരാഷ്ട്ര കപ്പൽപ്പാതയായ ഹോർമുസ് കടലിടുക്കിന് സമീപം യുഎസിന്റെ സൈനിക ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതായി അമേരിക്ക ആരോപിച്ചിരുന്നു. ഇതിന് തിരിച്ചടിയായാണ് അമേരിക്ക ഇറാനുനേരെ വീണ്ടും പ്രത്യാക്രമണം ആരംഭിച്ചത്. അമേരിക്കയ്ക്ക് മറുപടിയായി ജോർദാൻ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് സൈനികത്താവളങ്ങൾ ലക്ഷ്യമിട്ട് ഇറാനും മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിക്കഴിഞ്ഞു. ഇതിനിടെ ഒമാൻ തീരത്ത് പലാവു പതാകയുള്ള കപ്പലിന് നേരെ യുഎസ് നടത്തിയ ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി വ്യാഴാഴ്ച ഔദ്യോഗിക സ്ഥിരീകരണം വന്നു. ഇതോടെ മേഖലയിലെ യുദ്ധസാഹചര്യം അതീവ സങ്കീർണ്ണമായി തുടരുകയാണ്.