അമേരിക്കയിൽ 100 ദശലക്ഷം ഡോളറിൻ്റെ ബാങ്ക് തട്ടിപ്പ്; ഇന്ത്യൻ വംശജൻ അറസ്റ്റിൽ

അമേരിക്കയിൽ 100 ദശലക്ഷം ഡോളറിൻ്റെ ബാങ്ക് തട്ടിപ്പ്; ഇന്ത്യൻ വംശജൻ അറസ്റ്റിൽ

വാഷിങ്ടൺ: അമേരിക്കൻ ബാങ്കിങ് മേഖലയെ ഒന്നാകെ ഞെട്ടിച്ചുകൊണ്ട് ഇൻഷുറൻസ് രേഖകളിൽ കൃത്രിമം കാണിച്ച് നൂറ് ദശലക്ഷം ഡോളറിൻ്റെ വമ്പൻ തട്ടിപ്പ് നടത്തിയ ഇന്ത്യൻ വംശജൻ കാലിഫോർണിയയിൽ അറസ്റ്റിലായി. ഇൻഷുറൻസ് പോളിസികളുടെ ടൈറ്റിൽ രേഖകൾ തിരുത്തി ബാങ്കിനെ കബളിപ്പിച്ച കേസിൽ നാൽപ്പത്തിനാലുകാരനായ മഹേന്ദർ മഖിജാനിയാണ് പിടിയിലായത്. കുറ്റം തെളിയിക്കപ്പെട്ടാൽ മുപ്പത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന അതീവ ഗൗരവമുള്ള കുറ്റകൃത്യമാണിത്.ഗ്രീൻ കാർഡോടെ അമേരിക്കയിലെ കൊറോണ ഡെൽ മാറിൽ സ്ഥിരതാമസമാക്കിയ വ്യക്തിയാണ് മഹേന്ദർ മഖിജാനി. നൂറ് ദശലക്ഷം ഡോളറിൻ്റെ ബാങ്ക് തട്ടിപ്പ് നടത്തിയെന്ന ഫെഡറൽ ക്രിമിനൽ പരാതിയിലാണ് ബുധനാഴ്ച രാവിലെ ഇയാളെ അറസ്റ്റ് ചെയ്തതെന്ന് സെൻട്രൽ ഡിസ്ട്രിക്ട് ഓഫ് കാലിഫോർണിയയിലെ ഫസ്റ്റ് അസിസ്റ്റൻ്റ് യുഎസ് അറ്റോർണി ബിലാൽ എസ്സെയ്‌ലി വ്യക്തമാക്കി.രാജ്യത്തെ ബാങ്കിങ് സംവിധാനത്തിന് നേരെയുള്ള ഭീഷണികളെ നേരിടാനുള്ള തങ്ങളുടെ നിശ്ചയദാർഢ്യമാണ് ഈ അറസ്റ്റിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൈറ്റിൽ ഇൻഷുറൻസ് രേഖകളിൽ കൃത്രിമം കാണിച്ച പ്രതി, യഥാർഥ ലിയൻ പൊസിഷനുകൾ മറച്ചുവയ്ക്കുകയും ഷെൽ കമ്പനികളുടെ ശൃംഖല ഉപയോഗിച്ച് ഫെഡറൽ ഇൻഷ്വർ ചെയ്ത ബാങ്കിനെ കബളിപ്പിക്കുകയുമായിരുന്നുവെന്ന് ഐആർഎസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ലോസ് ഏഞ്ചൽസ് ഫീൽഡ് ഓഫിസിലെ ആക്ടിങ് സ്പെഷ്യൽ ഏജൻ്റ് ഇൻ ചാർജ് ഡാരൻ ലിയാൻ വിശദീകരിച്ചു.പണമിടപാടുകളുടെ വഴികൾ പിന്തുടർന്ന അന്വേഷണ ഉദ്യോഗസ്ഥർ, രഹസ്യ അക്കൗണ്ടുകളിലൂടെയും മറ്റും നടത്തിയ തട്ടിപ്പുകളുടെ ചുരുളഴിക്കുകയായിരുന്നു. വ്യക്തിപരമായ നേട്ടങ്ങൾക്കായി സാമ്പത്തിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയും രേഖകളിൽ കൃത്രിമം കാണിക്കുകയും ചെയ്യുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ഡാരൻ ലിയാൻ വ്യക്തമാക്കി.

പരാതിക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലം അനുസരിച്ച്, ന്യൂപോർട്ട് ബീച്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന കാൻ്റർ ഗ്രൂപ്പ് വി എൽഎൽസി എന്ന കമ്പനിയുടെ നിയന്ത്രണം മഖിജാനിക്കാണ്. ഈ കമ്പനിക്ക് ബാങ്കുമായി വായ്പാ ഇടപാടുകൾ ഉണ്ടായിരുന്നു. കരാർ വ്യവസ്ഥകൾ പ്രകാരം, റിയൽ എസ്റ്റേറ്റ് ഈടിന്മേൽ വായ്പകൾ നൽകുന്നതിനോ വാങ്ങുന്നതിനോ ആയി ബാങ്ക് കാൻ്ററിന് നൂറ് ദശലക്ഷം ഡോളർ മുൻകൂറായി നൽകി. തുടർന്ന് കാൻ്റർ തങ്ങൾക്ക് ലഭിച്ച വായ്പകളും അതിൻ്റെ ഈടും ബാങ്കിന് പണയപ്പെടുത്തുകയും വായ്പാ തുകയിൽ നിന്ന് ബാങ്കിന് പണം തിരികെ നൽകുകയും ചെയ്യണമെന്നായിരുന്നു വ്യവസ്ഥ.

എന്നാൽ, 2024 സെപ്റ്റംബർ മുതൽ 2025 ഏപ്രിൽ വരെയുള്ള കാലയളവിൽ മഖിജാനി ടൈറ്റിൽ ഇൻഷുറൻസ് പോളിസികളിൽ കൃത്രിമം കാണിച്ചു. ഈടായി നൽകിയ ചില റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ കാൻ്ററിനാണ് ഒന്നാം അവകാശമെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇത്. രേഖകൾ തിരുത്തിയ ശേഷം തൻ്റെ ജീവനക്കാരൻ മുഖേന ഈ വ്യാജ ടൈറ്റിൽ ഇൻഷുറൻസ് പോളിസികൾ ബാങ്കിൽ സമർപ്പിക്കുകയും ചെയ്തു. ഇതിന് പുറമെ, ബാങ്ക് പ്രതിനിധികളുമായി നടത്തിയ നിരവധി ടെലികോൺഫറൻസുകളിൽ പങ്കെടുക്കുകയും ടൈറ്റിൽ പ്രശ്നങ്ങളെക്കുറിച്ച് ബാങ്ക് കണ്ടെത്തിയ കാര്യങ്ങളിൽ ഇയാൾ കള്ളം പറയുകയും ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.