അമേരിക്ക ഗൾഫ് മേഖല വിട്ടുപോകണമെന്ന കർശന മുന്നറിയിപ്പ് നൽകി ഇറാൻ
ടെഹ്‌റാൻ: ഗൾഫ് മേഖലയിൽ സൈനിക സാന്നിധ്യം തുടരുന്നതിനെതിരെ വാഷിങ്ടണിന് കർശന മുന്നറിയിപ്പുമായി ഇറാൻ. തങ്ങൾക്ക് നേരെ ഉണ്ടാകുന്ന ഏത് ഭീഷണികൾക്കും ഇറാൻ ശക്തമായ തിരിച്ചടി നൽകുമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. യുദ്ധക്കളത്തിലെ പരാജയങ്ങൾക്കിടയിലും, തങ്ങളുടെ നിശ്ചയദാർഢ്യം പരീക്ഷിക്കാനാണ് അമേരിക്ക തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രി അരാഗ്ചി സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു.തങ്ങളുടെ ശക്തമായ സായുധ സേന ഒരു ആക്രമണത്തിനും ഭീഷണിക്കും മറുപടി നൽകാതിരിക്കില്ലെന്നും സുരക്ഷിതരായിരിക്കണമെങ്കിൽ അമേരിക്ക തങ്ങളുടെ മേഖല വിട്ടുപോകണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നൽകി. അതിക്രമിച്ചു കടക്കുന്ന പുറത്തുനിന്നുള്ളവരുടെ ദാരുണമായ വിധികളെക്കുറിച്ച് പേർഷ്യൻ ഗൾഫിൻ്റെ ചരിത്രത്തിൽ നിരവധി അധ്യായങ്ങളുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഇറാനും ഇസ്രയേലും തമ്മിലുള്ള പ്രാദേശിക സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് അമേരിക്കയുമായുള്ള ഈ നേരിട്ടുള്ള ഏറ്റുമുട്ടൽ അരങ്ങേറുന്നത്. ഇറാൻ്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും ഇസ്രയേൽ സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.ബഹ്റൈനിലെ അമേരിക്കൻ നാവിക കേന്ദ്രത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ഏറ്റെടുത്തതിന് പിന്നാലെയാണ് ഇറാൻ്റെ മുന്നറിയിപ്പ് പുറത്തുവന്നിരിക്കുന്നത്. ഇറാനിയൻ മാധ്യമങ്ങൾ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിലാണ് ഐആർജിസി ഇക്കാര്യം വ്യക്തമാക്കിയത്.