അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 13 സാധാരണക്കാർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 13 സാധാരണക്കാർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ അതിർത്തി പ്രദേശങ്ങളിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണങ്ങളിൽ 13 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രി വൈകി നടന്ന ആക്രമണത്തിൽ 14 പേർക്ക് പരിക്കേറ്റതായും കാബൂളിലെ താലിബാൻ ഭരണകൂടം ബുധനാഴ്ച ഔദ്യോഗികമായി അറിയിച്ചു. അഫ്ഗാൻ അതിർത്തിക്കുള്ളിൽ കടന്നുകയറിയാണ് പാകിസ്ഥാൻ സൈന്യം ഈ ആക്രമണങ്ങൾ അഴിച്ചുവിട്ടത്.

പാകിസ്ഥാൻ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതായി താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയുമായി കുനാർ, ഖോസ്റ്റ്, പക്തിക എന്നീ പ്രവിശ്യകളിലെ സാധാരണക്കാരുടെ വീടുകൾക്ക് നേരെയാണ് പാകിസ്ഥാൻ ബോംബാക്രമണം നടത്തിയത്. യാതൊരു പ്രകോപനവുമില്ലാതെ നടത്തിയ ഈ ആക്രമണങ്ങളിൽ 11 കുട്ടികളും ഒരു സ്ത്രീയും ഒരു വയോധികനും ഉൾപ്പെടെ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സൈനിക ആക്രമണത്തിൽ 14 സ്ത്രീകൾക്ക് പരിക്കേറ്റതായും സബീഹുല്ല മുജാഹിദ് ചൂണ്ടിക്കാട്ടി. ആക്രമണത്തിൻ്റെ വ്യാപ്തി വ്യക്തമാക്കുന്നതിനായി, കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ചിത്രങ്ങളും അദ്ദേഹം പിന്നീട് പുറത്തുവിട്ടു.കഴിഞ്ഞ ഒരു വർഷമായി അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ സൈന്യം നടത്തുന്ന നിരന്തരമായ ആക്രമണങ്ങളിൽ നൂറുകണക്കിന് ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അതിർത്തി കടന്നുള്ള ശത്രുത വർധിക്കുന്നതിനിടെയാണ് ഈ ആക്രമണങ്ങൾ അരങ്ങേറുന്നത്. മാർച്ചിൽ കാബൂളിലെ ഒരു പുനരധിവാസ കേന്ദ്രത്തിൽ പാകിസ്ഥാൻ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ 269 പേർ കൊല്ലപ്പെട്ടത് ഇതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ്.