'ടിക്ക് ടോക്ക് ' തർക്കത്തിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ഷാർജ/ കണ്ണൂർ : ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തില്‍ കഴിഞ്ഞ ദിവസം ഷാർജയില്‍ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി സ്വദേശി പൊന്നൻ ഇസ്മായീലിന്റെ (40) മൃതദേഹം ഇന്ന് രാവിലെ കണ്ണൂർ വിമാനത്തവാളത്തിലെത്തി.യാബ് ലീഗല്‍ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിലുള്ള ലീഗല്‍ ടീമിന്റെയും, ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെയും ഇടപെടലിലൂടെയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമ നടപടികള്‍ അതിവേഗം പൂർത്തിയാക്കിയത്. കൂടാതെ, കേരള കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധീഖിന്റെ ഭാഗത്തു നിന്നും ഈ വിഷയത്തില്‍ അടിയന്തരമായ ഔദ്യോഗിക ഇടപെടലുകള്‍ ഉണ്ടായിരുന്നു.
ജൂൺ ഒന്നിന് രാവിലെ എട്ടരയോടെ ഷാര്‍ജയിലെ ഒരു കെട്ടിടത്തിന്റെ കാര്‍ പാര്‍ക്കിങ്ങിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ടിക് ടോക്കില്‍ സജീവമായിരുന്ന ഇസ്മാഈലും പ്രതികളും തമ്മില്‍ സോഷ്യല്‍ മീഡിയ വഴി ലൈവായി പരസ്പരം വെല്ലുവിളികള്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഒത്തുചേര്‍ന്ന സംഘം മരപ്പലകയും കൂര്‍ത്ത ആയുധങ്ങളും ഉപയോഗിച്ച് ഇസ്മാഈലിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇസ്മാഈലിനെ ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു.സംഭവത്തില്‍ മറ്റൊരു മലയാളിക്ക് കൂടി ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്, ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. കേസില്‍ കണ്ണൂര്‍, കൊല്ലം സ്വദേശികളടക്കം അഞ്ച് മലയാളികളെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് ബുഹൈറ പൊലീസ് ഷാര്‍ജ പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. ദുബായ് കരാമയിലെ ഒരു ബേക്കറി-കുല്‍ഫി കടയില്‍ ജീവനക്കാരനായിരുന്നു ഇസ്മാഈല്‍.