"ഇന്ത്യൻ കപ്പലിനെ ആക്രമിച്ചത് ഇറാൻ " : ഗുരുതര ആരോപണവുമായി ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ നിന്ന് പുറപ്പെട്ട ഇന്ത്യൻ വാണിജ്യ കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയത് ഇറാനാണെന്ന ഗുരുതര ആരോപണവുമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഇറാൻ്റെ ഭാഗത്തുനിന്നുള്ള ഈ നടപടി പൂർണമായും അസ്വീകാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിൽ നിന്ന് പുറപ്പെടുന്ന ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായി തൻ്റെ ഔദ്യോഗിക ട്രൂത്ത് സോഷ്യൽ പോസ്‌റ്റിലൂടെയാണ് ട്രംപ് അവകാശവാദം ഉന്നയിച്ചത്. നിലവിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത സമാധാന കരാറിൻ്റെ നിബന്ധനകൾ ഇറാൻ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതായും ട്രംപ് ഇതേ പോസ്‌റ്റിൽത്തന്നെ ആരോപിച്ചു. ഈ ആഴ്‌ച ഒമാൻ തീരത്ത് ഇന്ത്യൻ ജീവനക്കാരുമായി പോയ മൂന്നു കപ്പലുകൾക്ക് നേരെയാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. ബുധനാഴ്‌ച (ജൂൺ 10) നടന്ന ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും ചെയ്‌തു.
ആരോപണങ്ങൾ അടിസ്ഥാനരഹിതo
ഇറാനെതിരെ ട്രംപ് നടത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യയിലെ ഇറാൻ എംബസി വ്യക്തമാക്കി. ഇന്നലെ (ജൂൺ 12) രാത്രി ഒരു സോഷ്യൽ മീഡിയ പോസ്‌റ്റിലൂടെയാണ് എംബസി ഇക്കാര്യം അറിയിച്ചത്. ഒരാഴ്‌ചയ്‌ക്കുള്ളിൽ മൂന്ന് ഇന്ത്യൻ കപ്പലുകൾ ആക്രമിച്ച് മൂന്ന് നിരപരാധികളായ ഇന്ത്യൻ നാവികരെ കൊന്നൊടുക്കിയ ക്രൂരമായ വസ്‌തുതയിൽ നിന്ന് പൊതുജനശ്രദ്ധ തിരിക്കാനുള്ള ട്രംപിൻ്റെ ശ്രമമാണിത്. അമേരിക്കയുടെ ഈ നടപടി വളരെ ദയനീയമാണെന്നും എംബസി തങ്ങളുടെ പോസ്‌റ്റിൽ കുറിച്ചു.