അമേരിക്കയുമായി സമാധാന കരാറിനൊരുങ്ങി ഇറാൻ; വ്യവസ്ഥകൾ ലംഘിച്ചാൽ പിന്മാറുമെന്ന് മുന്നറിയിപ്പ്

ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവുവരുത്തിക്കൊണ്ട് അമേരിക്കയുമായി ഇടക്കാല സമാധാന കരാറിൽ ഒപ്പുവയ്ക്കാൻ ഒരുങ്ങി ഇറാൻ. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ അമേരിക്കയുമായുള്ള ധാരണാപത്രത്തിൽ ഒപ്പുവയ്ക്കാൻ കഴിയുമെന്നും, ആദ്യഘട്ടത്തിൽ ഔദ്യോഗിക ചടങ്ങുകൾ ഇല്ലാതെയാകും നടപടികൾ പൂർത്തിയാക്കുകയെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്‌ചി വ്യക്തമാക്കി. ആണവ വിഷയം ഉൾപ്പെടെയുള്ള സങ്കീർണമായ കാര്യങ്ങൾ തത്കാലം മാറ്റിവച്ചുകൊണ്ടുള്ള ഇടക്കാല ധാരണാപത്രമാണ് നിലവിൽ വരുന്നത്.ഇറാനും അമേരിക്കയും തമ്മിലുള്ള ധാരണാപത്രം തയാറായതായി മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു. ഞായർ അല്ലെങ്കിൽ തിങ്കളാഴ്ചയോടെ കരാർ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമാധാന ചർച്ചകൾ പൂർണമായെന്നും അന്തിമമായ ചില മിനുക്കുപണികൾ മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.സാമ്പത്തിക നേട്ടം വാഗ്ദാനം ചെയ്ത് അമേരിക്ക
വ്യവസ്ഥകൾ കൃത്യമായി പാലിച്ചാൽ ഇറാന് വലിയ സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ, കരാറിൽ ഒപ്പുവച്ചാൽ മാത്രമേ മരവിപ്പിച്ച ഫണ്ടുകൾ വിട്ടുകിട്ടുകയുള്ളൂവെന്ന് യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസ് വ്യക്തമാക്കി. അതേസമയം, ഇറാൻ ആണവായുധങ്ങൾ നേടുന്നത് തടയാൻ ആവശ്യമായ തയാറെടുപ്പുകൾ ആരംഭിക്കാൻ ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് സൈന്യത്തിന് കർശന നിർദേശം നൽകി.ഇതിനിടെ, ആക്രമണം അവസാനിപ്പിക്കാൻ ഇറാന് പണം നൽകിയെന്ന വാർത്തകൾ യുഎഇ നിഷേധിച്ചു. ആക്രമണം നിർത്തിവയ്ക്കാൻ 20 ശതകോടി ഡോളർ ഇറാന് നൽകാൻ ധാരണയുണ്ടാക്കിയെന്നും ഇതിൽ മൂന്ന് ശതകോടി ഡോളർ ഇതിനകം കൈമാറിയെന്നുമുള്ള വാർത്തകളാണ് യുഎഇ തള്ളിയത്. അമേരിക്കയുടെയും ഇറാൻ്റെയും മാധ്യമങ്ങൾ കരാറുമായി ബന്ധപ്പെട്ട് സ്വന്തം നിലയ്ക്ക് ചില വ്യാഖ്യാനങ്ങൾ നൽകിയിരുന്നെങ്കിലും പാകിസ്ഥാൻ പ്രധാനമന്ത്രി ഇത് പൂർണമായും നിരാകരിച്ചു.
നിർണായകമായി വ്യവസ്ഥകൾ
ഇതുവരെ ഇല്ലാത്ത വിധത്തിലുള്ള ഒരു കരാറിലേക്കാണ് ഇരു രാജ്യങ്ങളും എത്തിയിരിക്കുന്നതെന്ന് അബ്ബാസ് അറാഗ്‌ചി സ്ഥിരീകരിച്ചു. രണ്ട് മാസത്തേക്ക് ദീർഘിക്കുന്ന ഇടക്കാല സമാധാന കരാറിനാണ് ഇരു രാജ്യങ്ങളും അംഗീകാരം നൽകിയിരിക്കുന്നത്. ഇതിൽ അന്തിമമായി ഇറാൻ്റെ പരമോന്നത ആത്മീയ നേതാവ് മുജ്‌തബ ഖാമേനിയുടെ ഒപ്പ് കൂടി ലഭിക്കേണ്ടതുണ്ട്. ഇതൊരു സാങ്കേതിക നടപടി മാത്രമാണെന്നാണ് വിലയിരുത്തൽ. കരാർ യാഥാർഥ്യമായാൽ രണ്ട് മാസത്തേക്ക് മേഖലയിലെ യുദ്ധം പൂർണമായും അവസാനിക്കും.ലെബനാൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ യുദ്ധം പൂർണമായും നിർത്തണമെന്നാണ് കരാറിലെ പ്രധാന വ്യവസ്ഥയെന്ന് ഇറാൻ വ്യക്തമാക്കുന്നു. എന്നാൽ, ഇതിൽ അമേരിക്കയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്നതാണ് ഇതിലെ ഏറ്റവും അനുകൂലമായ ഘടകം. കരാറിൻ്റെ പരമാധികാരം പാകിസ്ഥാനും ഒമാനും ഉൾപ്പെടുന്ന മധ്യസ്ഥ രാജ്യങ്ങൾക്കായിരിക്കും. യുറേനിയം സമ്പുഷ്ടീകരണം, സമ്പുഷ്ടീകരിച്ച യുറേനിയത്തിൻ്റെ കൈമാറ്റം തുടങ്ങിയ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇതുവരെയും ചർച്ചകൾ നടന്നിട്ടില്ല.വരും മണിക്കൂറുകൾ കരാറിൽ നിർണായകമാണ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഭാഗത്തുനിന്ന് കരാർ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായേക്കാമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ലെബനാനിൽ യുദ്ധം തുടരുകയോ ഹോർമുസ് കടലിടുക്കിൽ സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയോ ചെയ്താൽ കരാർ പരാജയപ്പെടും. അല്ലാത്തപക്ഷം സമാധാന മാർഗത്തിൽ തന്നെ ഇടക്കാല കരാർ പ്രായോഗിക തലത്തിൽ വരുമെന്നാണ് ലോകരാജ്യങ്ങൾ പ്രതീക്ഷിക്കുന്നത്.
ഇന്ത്യൻ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം
ഹോർമുസ് കടലിടുക്കിന് സമീപം ഇന്ത്യൻ നാവികരുമായി പോയ മൂന്ന് കപ്പലുകൾക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു. ഈ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ ട്രംപ് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യയിലെ ഇറാൻ എംബസി ശനിയാഴ്ച വ്യക്തമാക്കി. ഇന്ത്യൻ നാവികരുമായി പോയ വാണിജ്യ കപ്പലുകൾക്ക് നേരെ അടുത്തിടെ ഉണ്ടായ ആക്രമണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് വാഷിങ്ടൺ ശ്രമിക്കുന്നതെന്നും എംബസി ആരോപിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ മൂന്ന് ഇന്ത്യൻ കപ്പലുകൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയെന്നും, ഇതിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടുവെന്നും ഇറാൻ എംബസി പ്രസ്താവനയിൽ പറഞ്ഞു. അമേരിക്കയുടെ ഈ നടപടികളെ ക്രൂരവും ദയനീയവുമെന്നാണ് എംബസി വിശേഷിപ്പിച്ചത്.