നാവിക ഉപരോധം നീക്കിയില്ലെങ്കിൽ യുഎസ് സേനയ്ക്കെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് ഇറാൻ

നാവിക ഉപരോധം നീക്കിയില്ലെങ്കിൽ യുഎസ് സേനയ്ക്കെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് ഇറാൻ

ടെഹ്‌റാൻ :നാവിക ഉപരോധം നീക്കിയില്ലെങ്കിൽ ബാബ് അൽമന്ദബ് കടലിടുക്ക്, ചെങ്കടൽ, മെഡിറ്ററേനിയൻ കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ അമേരിക്കൻ സേനയ്ക്കെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖാംനഇയുടെ സൈനിക ഉപദേഷ്ടാവ് മുഹ്സിൻ റെസായിയാണ് യുഎസിനെതിരെ കടുത്ത ഭീഷണി മുഴക്കിയത്. 

ഉപരോധം പിൻവലിച്ചില്ലെങ്കിൽ നിലവിലെ സംഘർഷത്തിന്റെ വ്യാപ്തി വർധിപ്പിക്കുമെന്നും തന്ത്രപ്രധാനമായ കടൽ മേഖലകളിലേക്ക് സൈനിക നടപടികൾ വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ മേഖലകളിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിടുന്നതിലൂടെ യുദ്ധത്തിന് പുതിയൊരു മാനം നൽകാനാണ് ഇറാന്റെ നീക്കമെന്നും ഇത് അമേരിക്കയ്ക്ക് കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കുമെന്നും റെസായി ഓർമ്മിപ്പിച്ചു.

വിദേശ ബാങ്കുകളിൽ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാന്റെ 24 ബില്യൺ ഡോളർ അതായത് രണ്ട് ലക്ഷം കോടിയിലധികം രൂപ എത്രയും വേഗം വിട്ടുനൽകാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് മുഹ്‌സിൻ റെസായി ആവശ്യപ്പെട്ടു. ഇറാനുമായി ഒരു കരാറിലെത്താൻ അമേരിക്കയ്ക്ക് ആത്മാർത്ഥമായ ആഗ്രഹമുണ്ടെങ്കിൽ, ഈ ഫണ്ട് വിട്ടുനൽകുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെ പരീക്ഷണമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ട്രംപ് ചർച്ചകളെ ഗൗരവത്തോടെയാണ് കാണുന്നതെങ്കിൽ അമേരിക്കയെ സംബന്ധിച്ച് ഈ തുക വലുതല്ലെന്നും ഈ പരീക്ഷണം വിജയിച്ചാൽ പ്രശ്നപരിഹാരത്തിനുള്ള വഴി തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിട്ടുനൽകാൻ ആവശ്യപ്പെടുന്നത് അമേരിക്കയുടെ പണമല്ല, ഇറാന്റെ സ്വന്തം പണമാണെന്നും റെസായി വ്യക്തമാക്കി.

വിവിധ രാജ്യങ്ങളിൽ തടഞ്ഞുവെച്ചിരിക്കുന്ന ബില്യൺ കണക്കിന് ഡോളറിന്റെ എണ്ണ വരുമാനവും സാമ്പത്തിക ആസ്തികളും വിട്ടുനൽകണമെന്ന് ഇറാൻ വർഷങ്ങളായി ആവശ്യപ്പെടുന്നതാണ്. എന്നാൽ, ഉപരോധങ്ങൾ ലഘൂകരിക്കുന്നതും ഫണ്ട് നൽകുന്നതും ഇറാന്റെ ആണവ ആയുധ നയങ്ങളിലെ പ്രതിബദ്ധതയുമായി ബന്ധിപ്പിക്കാനാണ് അമേരിക്കയുടെ ശ്രമം. ഇത് ഇരുപക്ഷവും തമ്മിലുള്ള പ്രധാന തർക്കവിഷയമായി തുടരുകയാണ്. ഇറാന്റെ ഊർജ വ്യാപാര സാമ്പത്തിക മേഖലകളെ ലക്ഷ്യമിട്ട് യുഎസ് ട്രഷറി വകുപ്പ് കഴിഞ്ഞ വെള്ളിയാഴ്ചയും പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇറാന്റെ പുതിയ നീക്കം. അതേസമയം, റെസായിയുടെ ഭീഷണിയോടോ മരവിപ്പിച്ച ആസ്തികൾ സംബന്ധിച്ച പ്രസ്താവനയോടോ വൈറ്റ് ഹൗസോ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.