ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലായ് 9 ന്

ടെഹ്റാൻ: അമേരിക്കൻ-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകളുടെ തീയതികൾ ഇറാൻ ഭരണകൂടം ഔദ്യോഗികമായി പ്രഖ്യാപിച്ചു. നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ വരും ജൂലൈയിലാണ് ഖബറടക്ക ചടങ്ങുകൾ നടക്കുക. ജൂലൈ നാലിന് ആരംഭിക്കുന്ന ഔദ്യോഗിക ചടങ്ങുകൾക്കൊടുവിൽ ജൂലൈ ഒൻപതിനാണ് ഖബറടക്കം നിശ്ചയിച്ചിരിക്കുന്നത്. ഇറാന്റെ വടക്കുകിഴക്കൻ നഗരമായ മഷ്ഹദിലാണ് ഭൗതികശരീരം അടക്കം ചെയ്യുക. ഈ വർഷം ഫെബ്രുവരി 28-നായിരുന്നു വ്യോമാക്രമണത്തിൽ ഖമനയി കൊല്ലപ്പെട്ടത്.
സംസ്കാര ചടങ്ങുകളുടെ ഭാഗമായി ഇറാത്തിലുടനീളം മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ വിലാപയാത്ര സംഘടിപ്പിക്കാനും പുതിയ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. അമേരിക്കയുമായി ഇറാൻ നടത്തുന്ന സമാധാന ചർച്ചകൾ അന്തിമ ധാരണയിലേക്ക് നീങ്ങുന്നുവെന്ന അന്താരാഷ്ട്ര റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടയിലാണ് ഇറാന്റെ ഈ നിർണ്ണായക പ്രഖ്യാപനം. അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ, മാർച്ചിൽ അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമേനിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തിരുന്നു.
കൊല്ലപ്പെട്ട് 106 ദിവസങ്ങൾ പിന്നിട്ട ശേഷമാണ് സംസ്കാര ചടങ്ങുകൾ സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങൾ പുറത്തുവരുന്നത്. സംസ്കാര ചടങ്ങുകൾക്കിടയിലേക്ക് ശത്രുരാജ്യങ്ങളുടെ ഭാഗത്തുനിന്ന് വീണ്ടും വ്യോമാക്രമണങ്ങൾ ഉണ്ടായേക്കാമെന്ന കടുത്ത സുരക്ഷാ വിലയിരുത്തലുകളെ തുടർന്നാണ് ഖബറടക്കം ഇത്രയും നാൾ വൈകിക്കാൻ കാരണം. ഖമനയിയുടെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ജനങ്ങൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ ജനക്കൂട്ടത്തിന്റെ സുരക്ഷ ഉറപ്പാക്കുക എന്നതായിരുന്നു ഇറാൻ സൈന്യത്തിന് മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി