അമ്പലവയലിൽ 360 സെന്റിമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി പിടികൂടി

വയനാട് : അമ്പലവയലിൽ വീട്ടുപറമ്പിൽ ആഡംബരമായി വളർത്തിയ കഞ്ചാവ് ചെടി എക്സൈസ് സംഘം പിടികൂടി. ഏകദേശം 360 സെന്റിമീറ്റർ (11 അടിയിലധികം) ഉയരമുള്ള കഞ്ചാവ് ചെടിയാണ് എക്സൈസ് എൻഫോഴ്സ്മെന്റ് വിഭാഗം കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് സ്ഥലുടമയായ സുൽത്താൻ ബത്തേരി അമ്പലവയൽ സ്വദേശി റെജി ടി.പി. (എബി) എന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു.
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി എക്സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ‘ഓപ്പറേഷൻ തണ്ടർ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് റെയ്ഡ് നടന്നത്. വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റീ നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ സജിൻ എം.ജെ.യുടെ നേതൃത്വത്തിൽ അമ്പലവയൽ മേഖലയിൽ പരിശോധന നടത്തുന്നതിനിടെയാണ് റെജിയുടെ പുരയിടത്തിൽ കഞ്ചാവ് വളർത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സംഘം വീട്ടിലെത്തി മിന്നൽ പരിശോധന നടത്തുകയായിരുന്നു.ആദ്യം എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടപ്പോൾ, ഇത് താൻ നട്ടതല്ലെന്നും തനിയെ മുളച്ചുപൊന്തിയ ഏതോ ചെടിയാണെന്ന് കരുതി വിട്ടതാണെന്നുമാണ് പ്രതി അവകാശപ്പെട്ടത്. എന്നാൽ ഉദ്യോഗസ്ഥർ വിട്ടുകൊടുക്കാതെ വിശദമായി ചോദ്യം ചെയ്തതോടെ റെജി കുറ്റം സമ്മതിച്ചു. താൻ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നും, മുൻപ് വലിക്കാൻ വാങ്ങിയ കഞ്ചാവിൽ നിന്നും ലഭിച്ച വീര്യമുള്ള കുരുക്കൾ പ്രത്യേകം പാകി മുളപ്പിച്ച് നട്ടുപരിപാലിച്ചു പോന്നതാണെന്നും ഇയാൾ പിന്നീട് വെളിപ്പെടുത്തി.
എക്സൈസ് ഇൻസ്പെക്ടർ സജിൻ എം.ജെ.യോടൊപ്പം പ്രിവെന്റീവ് ഓഫീസർ വിജിത്ത് കെ.ജി., സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് എം., അനീഷ് ഇ.എസ്., വനിതാ സിവിൽ എക്സൈസ് ഓഫീസർ ഫസീല ടി., ഡ്രൈവർ പ്രസാദ് കെ. എന്നിവരും റെയ്ഡിൽ പങ്കെടുത്തു. എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതിയെ തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.