ബന്ധുനിയമന വിവാദം : മന്ത്രി സണ്ണി ജോസഫിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജിവെച്ചു

 ബന്ധുനിയമന വിവാദം : മന്ത്രി സണ്ണി ജോസഫിൻ്റെ  അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജിവെച്ചു

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിന് പിന്നാലെ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിൻ്റെ സ്റ്റാഫിൽ നിന്ന് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജിവെച്ചു. മുഖ്യമന്ത്രിക്ക് അദ്ദേഹം  രാജിക്കത്ത് കൈമാറി. താൻ കാരണം സണ്ണി ജോസഫിൻ്റെ  പൊതുജീവിതത്തിന് പോറൽ ഏൽക്കരുതെന്ന് വ്യക്തമാക്കിയ ബെന്നി തോമസ് രാജി തീരുമാനം സ്വമേധയാ എടുത്തതാണെന്നും വ്യക്തമാക്കി. നിയമനം വിവാദമായ സാഹചര്യത്തിലാണ് രാജിവെക്കുന്നതെന്നും ബെന്നി തോമസ് കൂട്ടിച്ചേർത്തു.

സണ്ണി ജോസഫിൻ്റെ പേഴ്സണിൽ സ്റ്റാഫിൽ അദ്ദേഹത്തിൻ്റെ  അളിയനെ  നിയമിച്ചതിനെതിരെ പ്രതിപക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി യോ​ഗത്തിൽ ബെന്നി തോമസിൻ്റെ നിയമനത്തിനെതിരെ എം എം ഹസൻ രം​ഗത്ത് വന്നിരുന്നു. ബന്ധുക്കളെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിക്കുമ്പോൾ ശ്രദ്ധിക്കണമായിരുന്നുവെന്നായിരുന്നു കെപിസിസി യോ​ഗത്തിൽ എം എം ഹസൻ ഉയർത്തിയ വിമർശനം. മാധ്യമങ്ങളിൽ വാർത്തകൾ വന്നതിനുശേഷം ആലോചിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു എം എം ഹസൻ്റെ വിമർശനം.