രണ്ട് മുതൽ 10 വരെ ക്ലാസുകളിൽ ടിസി ഇല്ലാതെയും പ്രവേശനം നേടാം

 രണ്ട് മുതൽ 10 വരെ ക്ലാസുകളിൽ ടിസി ഇല്ലാതെയും പ്രവേശനം നേടാം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ രണ്ട് മുതൽ 10 വരെ ക്ലാസുകളിലേക്ക് മുൻപ് പഠിച്ചിരുന്ന സ്ഥാപനങ്ങളിലെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് അഥവാ ടിസി ഇല്ലാതെയും കുട്ടികളെ ചേർക്കാൻ അനുമതി നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. മുൻവർഷങ്ങളിൽ നിലവിലുണ്ടായിരുന്ന ഈ ഇളവ് 2026-27 അധ്യയനവർഷത്തേക്ക് കൂടി ദീർഘിപ്പിച്ചുനൽകുകയാണ് ചെയ്തത്. എന്നാൽ, ഈ ആനുകൂല്യം അടുത്ത വർഷം മുതൽ ലഭ്യമാകില്ലെന്നും ഉത്തരവിൽ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്.

പുതിയ ഉത്തരവ് പ്രകാരം രണ്ട് മുതൽ എട്ട് വരെ ക്ലാസുകളിലേക്ക് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പിൻബലത്തിൽ പ്രായം അടിസ്ഥാനമാക്കിയാണ് പ്രവേശനം നൽകുക. ഒൻപത്, 10 ക്ലാസുകളിലേക്ക് കുട്ടിയുടെ പ്രായവും അതോടൊപ്പം നടത്തുന്ന പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും സ്കൂളുകളിൽ പ്രവേശനം അനുവദിക്കുക. ടിസി ലഭിക്കാൻ വൈകുന്നത് മൂലം കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ ഈ തീരുമാനം മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും വലിയ ആശ്വാസമാകും.