"ചിലരുടെത് നാട്ടിലെ യഥാർത്ഥ പ്രശ്നങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വിചിത്ര രാഷ്ട്രീയം "
തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ ചർച്ചകളുടെ പല വശങ്ങളും തനിക്ക് തികച്ചും ‘വിചിത്രമായി’ തോന്നിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ . പൊതുജനങ്ങളെ ബാധിക്കുന്ന യഥാർത്ഥ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം രാഷ്ട്രീയ പാർട്ടികൾ ഇവിടെ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആദ്യമായി കേരള നിയമസഭയിലെത്തിയ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം നിലവിലെ രാഷ്ട്രീയ നേതൃത്വങ്ങൾക്കെതിരെ രംഗത്തെത്തിയത്.
പതിനെട്ട് വർഷത്തെ പാർലമെന്റ് ജീവിതത്തിന് ശേഷം ജൂൺ ഒന്നിനാണ് നേമം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായി താൻ ആദ്യമായി കേരള നിയമസഭയിൽ പ്രവേശിച്ചതെന്ന് മൂന്ന് തവണ എം.പി കൂടിയായിരുന്ന അദ്ദേഹം ഓർമ്മിപ്പിച്ചു.തന്റെ പതിനെട്ട് വർഷത്തെ പാർലമെന്ററി പ്രവർത്തനങ്ങൾക്കിടയിൽ രാഷ്ട്രീയത്തിലും സഭാനടപടികളിലും സാധ്യമായതെല്ലാം കണ്ടുകഴിഞ്ഞു എന്നാണ് താൻ കരുതിയിരുന്നതെന്നും എന്നാൽ ഇവിടെ എത്തിയപ്പോഴാണ് താൻ ഒന്നും കണ്ടിട്ടില്ലെന്ന് ബോധ്യമായതെന്നും അദ്ദേഹം പരിഹാസശൈലിയിൽ കുറിച്ചു. അടുത്തിടെ നടന്ന നിയമസഭാ സമ്മേളനം പല കാരണങ്ങളാൽ ശ്രദ്ധേയമായിരുന്നു. എന്നാൽ തന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത് സമൂഹത്തിന്റെ യഥാർത്ഥ ആശങ്കകളുമായി യാതൊരു ബന്ധവുമില്ലാത്ത, ജനങ്ങളിൽ നിന്ന് പൂർണ്ണമായി ഒറ്റപ്പെട്ട ഇവിടുത്തെ രാഷ്ട്രീയ സംസ്കാരമാണെന്ന് അദ്ദേഹം പറഞ്ഞു. ചില മനുഷ്യരുടെ രാഷ്ട്രീയം തനിക്ക് തികച്ചും വിചിത്രമായി തോന്നി. ജനങ്ങൾ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളുമായി ഒരു ബന്ധവുമില്ലാത്ത വിചിത്രമായ ഒരു തരം രാഷ്ട്രീയമാണിവിടെ നടക്കുന്നത്.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യകൾ യുവാക്കൾക്ക് പുതിയ അവസരങ്ങൾ തുറന്നു നൽകുന്നതും വ്യവസായങ്ങൾ ആഗോള വെല്ലുവിളികൾ നേരിടുന്നതുമായ ഒരു കാലഘട്ടത്തിലാണ് രാജ്യം ഇപ്പോൾ ജീവിക്കുന്നത്. എന്നാൽ കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളിൽ ഒരു വിഭാഗം വികസനം, നിക്ഷേപം, തൊഴിലവസരങ്ങൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് പകരം പഴയ പ്രത്യയശാസ്ത്ര തർക്കങ്ങളിലും രാഷ്ട്രീയ വിവാദങ്ങളിലും മാത്രമാണ് ഇപ്പോഴും മുഴുകിയിരിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിൻറെ പൂർണ രൂപം:
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർന്നടിഞ്ഞതിന് പിന്നിൽ മറ്റൊന്നുമല്ല; കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും ദുരന്ത രാഷ്ട്രീയം മാത്രമാണ് അതിന് കാരണം.മൂന്ന് തവണ പാർലമെന്റ് അംഗവും കേന്ദ്രമന്ത്രിയുമായിരുന്ന ഞാൻ, ഒരു എം.എൽ.എ എന്ന നിലയിൽ ആദ്യമായി നിയമസഭയിൽ പ്രവേശിക്കുന്നത് കഴിഞ്ഞ ജൂൺ ഒന്നിനാണ്.സംഭവബഹുലമായ ഈ സഭാസമ്മേളനം പല കാര്യങ്ങൾ കൊണ്ടും ശ്രദ്ധേയമായിരുന്നു. എന്നാൽ, പുതിയ പല അനുഭവങ്ങൾക്കുമപ്പുറം, എനിക്ക് വിചിത്രമായി തോന്നിയത് ചിലരുടെ രാഷ്ട്രീയമാണ്. നാട്ടിലെ യഥാർത്ഥ പ്രശ്നങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വിചിത്ര രാഷ്ട്രീയമാണ് അവരുടേത്.നമ്മൾ ജീവിക്കുന്നത് 2026-ലാണ്. ലോകം എഐ യുഗത്തിലേക്ക് അതിവേഗം ചുവടുവയ്ക്കുമ്പോൾ നമ്മുടെ കുട്ടികൾക്ക് മുന്നിൽ പുതിയ അവസരങ്ങൾ തുറക്കപ്പെടുകയാണ്. ഒരു വശത്ത് ബിസിനസ്സ് മേഖല എ.ഐയും വിതരണശൃംഖലകളും ഉയർത്തുന്ന വെല്ലുവിളികൾ നേരിടുമ്പോൾ, മറുവശത്ത് ആഗോള നിക്ഷേപകർ ഏറ്റവും മികച്ച വിപണികൾ തേടുകയാണ്. എന്നാൽ ഇവിടുത്തെ ചില നേതാക്കളുടെ അവസ്ഥയെന്താണ്?
സാമ്പത്തിക ധവളപത്രത്തെ എതിർക്കുന്ന സിപിഎം നേതാക്കൾ പറയുന്നത് സർക്കാർ രേഖകൾ രഹസ്യമാക്കി വയ്ക്കണമെന്നാണ്! രണ്ടാം ലോകമഹായുദ്ധവും സ്റ്റാലിനും 1940-കളും ചർച്ച ചെയ്യാൻ ആവേശം കാട്ടുന്ന മുതിർന്ന നേതാക്കൾ! ഒപ്പം, ബി.ജെ.പി ജയിച്ചതിന് പരസ്പരം വിരൽ ചൂണ്ടുന്ന കോൺഗ്രസും സി.പി.എമ്മും! തങ്ങൾ സഖ്യത്തിലാണെന്ന കാര്യവും, ജനാധിപത്യത്തിൽ ജനങ്ങളാണ് വിജയികളെ നിശ്ചയിക്കുന്നതെന്ന സത്യവും അവർ സൗകര്യപൂർവ്വം മറക്കുകയാണ്. വികസനത്തിന് ഫണ്ടോ പുതിയ നിക്ഷേപങ്ങളോ തൊഴിലവസരങ്ങളോ ഇല്ലാത്ത, ജനജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റമുള്ള ഈ സംസ്ഥാനത്ത്, യഥാർത്ഥ ജനകീയ പ്രശ്നങ്ങളൊന്നും ഇവർക്ക് ചർച്ചാവിഷയമേ അല്ല!
ഇത് കഷ്ടമാണ്, ദയനീയമാണ്, തികഞ്ഞ ഉത്തരവാദിത്തമില്ലായ്മയാണ്!18 വർഷത്തെ പാർലമെന്റ് ജീവിതം കൊണ്ട് രാഷ്ട്രീയത്തിലും സഭാ പ്രവർത്തനങ്ങളിലും ഒട്ടുമിക്ക എല്ലാം കണ്ടുതീർത്തു എന്നാണ് ഞാൻ കരുതിയത്. എന്നാൽ, ഒന്നും കണ്ടിട്ടുണ്ടായിരുന്നില്ല എന്ന് ഇപ്പോൾ ബോധ്യമായി!ഈയൊരു ദയനീയ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഇത്തരം നിസ്സാരമായ രാഷ്ട്രീയ ചർച്ചകളും കൃത്രിമ വിവാദങ്ങളും നിറഞ്ഞ രാഷ്ട്രീയ സംസ്കാരത്തിന് മാറ്റമിട്ട്, പ്രവർത്തനമികവിന്റെ രാഷ്ട്രീയം യാഥാർത്ഥ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.ഒരു കാര്യം ഉറപ്പാണ്— ഞങ്ങളുടെ നിയമസഭാ കക്ഷി നേതാവ് ശ്രീ. B B Gopakumar ന്റെയും മുതിർന്ന നേതാവ് ശ്രീ V Muraleedharan ന്റെയും നേതൃത്വത്തിൽ, അഴിമതിരഹിതമായൊരു 'വികസിത കേരളത്തിന്റെ' പതാകയും കാഴ്ചപ്പാടും കേരള നിയമസഭയിൽ ബി.ജെ.പി എപ്പോഴും ഉയർത്തിപ്പിടിക്കുക തന്നെ ചെയ്യും.