പ്രിയനടൻ സലിം കുമാറിന് വിടനൽകി കേരളം

എറണാകുളം : ചിരിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളികളുടെ പ്രിയങ്കരനായിതീർന്ന നടൻ, ഹാസ്യസാമ്രാട്ട് സലിം കുമാറിന് വിടനൽകി കേരളം. പറവൂർ ടൗൺഹാളിൽ നടന്ന പൊതുദർശനത്തിൽ ആയിരക്കണക്കിന് ആരാധകരും സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും തങ്ങളുടെ പ്രിയതാരത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു.അദ്ദേഹത്തിൻ്റെ വസതിയായ പറവൂരിലെ 'ലാഫിംഗ് വില്ല'യിലും ആദരാജ്ഞലികൾ അർപ്പിക്കാൻ ആയിരങ്ങളെത്തി .
സലിം കുമാറിന്റെ അന്ത്യാഭിലാഷപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കി, ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര കർമ്മങ്ങൾ നടന്നത് . പറവൂരിലെ വീട്ടുവളപ്പിൽ ഒരുക്കിയ ചിതയിൽ മക്കൾ ആരോമലും ചന്തുവും തീക്കൊളുത്തിയതോടെ മലയാളികളുടെ ഹൃദയങ്ങളിൽ ദീപ്‌ത സ്‌മരണയായി പ്രിയ നടൻ മാറി .
ഭൗതിക ശരീരം രാവിലെ 8 മണിയോടെയാണ് ടൗൺഹാളിലെത്തിച്ചത്. കോൺഗ്രസ് പതാക പുതപ്പിച്ച നിലയിലാണ് അദ്ദേഹത്തെ അന്ത്യയാത്രയ്ക്കായി ആംബുലൻസിലേക്ക് മാറ്റിയത്. മുഖ്യമന്ത്രി വി.ഡി. സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടൻ ജയറാം, രമേശ് പിഷാരടി, നവ്യ നായർ തുടങ്ങിയവർ നേരിട്ടെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ സോഷ്യൽ മീഡിയയിലൂടെ അദ്ദേഹവുമായുള്ള സൗഹൃദം പങ്കുവെച്ചു.
ഒരു ചലച്ചിത്ര താരം എന്നതിലുപരി, സ്വന്തം കൂടപ്പിറപ്പിനെയാണ് തനിക്ക് നഷ്ടമായതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വികാരഭരിതനായി പറഞ്ഞു. സലിം കുമാർ ഒരു കോൺഗ്രസ് അനുഭാവിയായിരുന്നെങ്കിലും, അതിനപ്പുറം വലിയൊരു മാനവികത അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നുവെന്ന് എം.എ. ബേബി ഓർമ്മിച്ചു. ഹാസ്യവും വൈകാരികതയും ഒരുപോലെ മനോഹരമായി കൈകാര്യം ചെയ്ത സലിം കുമാർ മലയാള സിനിമാലോകത്തിന് ഒരിക്കലും നികത്താനാകാത്ത ഒരു വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്.