"എംജി സെനറ്റ് കാവിവൽക്കരിക്കുമ്പോൾ യുഡിഎഫ് സർക്കാർ മൗനം പാലിക്കുന്നു ": പി.എ. മുഹമ്മദ് റിയാസ് എംഎൽഎ

"എംജി സെനറ്റ് കാവിവൽക്കരിക്കുമ്പോൾ യുഡിഎഫ് സർക്കാർ  മൗനം പാലിക്കുന്നു ": പി.എ. മുഹമ്മദ് റിയാസ് എംഎൽഎ

കോഴിക്കോട്: മഹാത്മാഗാന്ധി (എംജി) സർവകലാശാല സെനറ്റിൽ മാനദണ്ഡങ്ങളും ചട്ടങ്ങളും കാറ്റിൽപ്പറത്തി സംഘപരിവാർ അനുകൂലികളെ കുത്തിനിറച്ച ചാൻസലർ കൂടിയായ ഗവർണറുടെ നടപടിയിൽ യുഡിഎഫ് (UDF) സർക്കാരിന്റെ മൗനാനുവാദം അപകടകരമാണെന്ന് പി.എ. മുഹമ്മദ് റിയാസ് എംഎൽഎ . 30 അംഗങ്ങളുള്ള സെനറ്റിൽ ബിജെപി ദേശീയസമിതി അംഗം ഉൾപ്പെടെ 19 സംഘപരിവാറുകാരെയാണ്‌ ചാൻസലർ തിരുകിക്കയറ്റിയത്‌. ഗവർണറുടെ ഈ ഏകപക്ഷീയ നീക്കങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ പുലർത്തുന്ന നിശ്ശബ്ദത ഗൗരവതരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.നേരത്തെ എംജി സർവകലാശാല വൈസ് ചാൻസലറായി കുസാറ്റിലെ (CUSAT) ബിജെപി അനുകൂല അധ്യാപക സംഘടനാ നേതാവിനെ ഗവർണർ നിയമിച്ചപ്പോഴും കൃത്യമായൊരു നിലപാട്‌ വ്യക്തമാക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെന്ന് റിയാസ് ഓർമ്മിപ്പിച്ചു. താൽക്കാലിക വിസി നിയമനത്തിനുള്ള പാനൽ ഗവർണർക്ക് നൽകാൻ പോലും സർക്കാർ ശ്രമിച്ചില്ല എന്നത് വലിയ വീഴ്ചയാണ്. നിയമസഭാ പ്രസംഗത്തിൽ താൻ ഈ വിഷയം ഔദ്യോഗികമായി ഉന്നയിച്ചിരുന്നെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരുവിധ മറുപടിയും ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇത്തരം ഫാസിസ്റ്റ് വിരുദ്ധ വിഷയങ്ങളിൽ മുൻപ് എൽഡിഎഫ് (LDF) സർക്കാർ സ്വീകരിച്ചിരുന്ന ശക്തമായ പ്രതിരോധവും മതനിരപേക്ഷ നിലപാടും ഇന്നത്തെ സാഹചര്യത്തിൽ ഏറെ പ്രസക്തമാവുകയാണ്. മതനിരപേക്ഷ വോട്ടുകൾ വാങ്ങി അധികാരത്തിലെത്തിയ ശേഷം, സംഘപരിവാർ അജണ്ടയ്ക്ക് മുന്നിൽ യുഡിഎഫ് സർക്കാർ കീഴടങ്ങുന്നത് ജനവിധിയോടുള്ള വെല്ലുവിളിയാണ്. യുഡിഎഫിന് വോട്ട് ചെയ്ത അനേകം മതനിരപേക്ഷ മനസ്സുകളും ഈ വിഷയത്തിൽ തങ്ങൾ ഉയർത്തുന്ന നിലപാടിനൊപ്പമാണെന്ന് ഉറപ്പുണ്ടെന്നും റിയാസ് പറഞ്ഞു.

ഇത് കേവലം രാഷ്ട്രീയ തർക്കമല്ലെന്നും കേരളത്തിന്റെ മതനിരപേക്ഷ മനസ്സും സംഘപരിവാർ അജണ്ടയും തമ്മിലുള്ള പോരാട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. സർവകലാശാലകൾ മതവർഗീയ പ്രസ്ഥാനങ്ങളുടെ പരീക്ഷണശാലകളല്ല, മറിച്ച് അവ സ്വതന്ത്ര ചിന്തയുടെയും ശാസ്ത്രീയ അന്വേഷണങ്ങളുടെയും കേന്ദ്രങ്ങളാണ്. അതുകൊണ്ടുതന്നെ ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള നീക്കങ്ങൾക്കെതിരെയുള്ള പ്രതിരോധം കേരളത്തിന്റെ ഭാവിയെ സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.