കാഫിർ സ്ക്രീൻഷോട്ട് കേസ്: 3 പേർക്ക് കൂടി നോട്ടീസ്, മെറ്റയ്ക്ക് വീണ്ടും കത്തയക്കും

കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി റിബേഷ് രാമകൃഷ്ണൻ, മനേഷ്, അതുൽ എന്നീ മൂന്ന് പേർക്ക് കൂടി ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് അയച്ചു.വ്യാജ സ്ക്രീൻഷോട്ട് ആദ്യം പങ്കുവെച്ചവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. നോട്ടീസ് ലഭിച്ചവർ വിവിധ സൈബർ ഗ്രൂപ്പുകളിലും പേജുകളിലും ഈ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിപ്പിച്ചവരാണെന്നാണ് സൂചന. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ വ്യാജ സന്ദേശം നിർമ്മിച്ചത് ആരെന്ന് കണ്ടെത്താനും, അതിന്റെ യഥാർത്ഥ ഉറവിടം വ്യക്തമാക്കാനും സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.കൂടുതൽ സാങ്കേതിക വിവരങ്ങൾക്കായി ഫേസ്ബുക്ക്, വാട്സാപ്പ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റയ്ക്ക് വീണ്ടും കത്തയക്കാൻ എസ്ഐടി തീരുമാനിച്ചു. നേരത്തെ ലഭിച്ച വിവരങ്ങൾക്ക് പുറമെ കൂടുതൽ വ്യക്തത വരുത്താനാണ് കമ്പനിയെ വീണ്ടും സമീപിക്കുന്നത്. ഇടതുപക്ഷ അനുകൂല സൈബർ ഗ്രൂപ്പുകൾ വഴിയാണ് സന്ദേശം പ്രചരിച്ചതെന്ന് കണ്ടെത്തിയെങ്കിലും, ഇതിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല.