ഉംറ തീർത്ഥാടകരുമായി പോകുകയായിരുന്ന ബസ്സിന് തീപ്പിടിച്ചു :യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കണ്ണൂർ : വിമാനത്താവളത്തിലേക്ക് ഉംറ തീർത്ഥാടകരുമായി പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് പൂർണ്ണമായും കത്തിനശിച്ചു. മട്ടന്നൂർ ശിവപുരത്തിന് സമീപം ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ബസ്സിലുണ്ടായിരുന്ന യാത്രക്കാർ എല്ലാവരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
മാനന്തവാടിയിൽ നിന്നും തീർത്ഥാടകരുമായി പുറപ്പെട്ട ബസിനാണ് തീപിടിച്ചത്. പുലർച്ചെ ശിവപുരം ടൗണിൽ എത്തിയപ്പോൾ ബസിന്റെ പിൻഭാഗത്ത് നിന്ന് പുക ഉയർന്നതിനെ തുടർന്ന് ഡ്രൈവർ വണ്ടി നിർത്തുകയും യാത്രക്കാരെ ഉടനടി പുറത്തിറക്കുകയുമായിരുന്നു. യാത്രക്കാർ ഇറങ്ങിയ തൊട്ടുപിന്നാലെ തീ ബസ്സിലേക്ക് ആളിപ്പടർന്നു.ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ ബസ് പൂർണ്ണമായും കത്തിയമർന്നു. തീ പടർന്നതിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന രണ്ട് കടകൾക്കും ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.