പി.എം. ശ്രീ പദ്ധതി: "എൽഡിഎഫ് സർക്കാർ വലിയ വീഴ്ച വരുത്തി" :എംകെ. മുനീർ
കോഴിക്കോട്: പി.എം. ശ്രീ പദ്ധതിയിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ. പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ വീഴ്ച വരുത്തിയത് പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള മുൻ സർക്കാരാണെന്നും, കരാർ ഒപ്പിടുന്നതിന് മുൻപ് വ്യവസ്ഥകളിൽ മാറ്റം വരുത്താൻ അവസരം ഉണ്ടായിരുന്നിട്ടും സർക്കാർ അത് പ്രയോജനപ്പെടുത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. പദ്ധതിയിൽ നിന്ന് ഇപ്പോൾ കേരളത്തിന് പെട്ടെന്ന് പുറത്തുകടക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ."പദ്ധതിയെ പുറമെ എതിർക്കുകയും അകത്ത് കരാറിൽ ഒപ്പിട്ട് സർക്കാരിനെ പിന്തുണയ്ക്കുകയുമാണ് ഇടതുപക്ഷം ചെയ്തത് . കരാറിൽ ഒപ്പിടുന്നതിന് മുൻപ് ഒരു ഉപസമിതി രൂപീകരിച്ച് പദ്ധതിയെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ പോലും സർക്കാർ തയ്യാറായില്ല. ഇതിലൂടെ സംസ്ഥാനത്തിൻ്റെ വിദ്യാഭ്യാസ മേഖലയിലെ പരമാധികാരമാണ് സർക്കാർ പണയം വെച്ചത് " അദ്ദേഹം പറഞ്ഞു.
കരാർ പ്രകാരം പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള അധികാരം കേന്ദ്രത്തിന് മാത്രമാണെന്നിരിക്കെ, ഇപ്പോൾ പദ്ധതിയിൽ നിന്ന് പിന്മാറുമെന്ന് പറയുന്നതിൽ യാതൊരു യുക്തിയുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ വിദ്യാഭ്യാസ നയത്തിലെ കടന്നുകയറ്റം ചെറുക്കാൻ സംസ്ഥാന സർക്കാർ വാചക കസർത്ത് നടത്തുകയല്ല വേണ്ടതെന്ന് മുനീർ നിർദ്ദേശിച്ചു.ദേശീയ വിദ്യാഭ്യാസ നയത്തിന് ബദലായി ഒരു ‘കേരള വിദ്യാഭ്യാസ നയം’ സർക്കാർ രൂപീകരിക്കണം, പി.എം. ശ്രീ പദ്ധതിയിലെ കരാർ വ്യവസ്ഥകൾ ഭേദഗതി ചെയ്യാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണം, പദ്ധതിയുടെ ഫണ്ട് അടിസ്ഥാന സൗകര്യ വികസനത്തിന് മാത്രമായി പരിമിതപ്പെടുത്തണം, വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രത്തെ അമിതമായി ആശ്രയിക്കാതെ, സ്വന്തമായി വിദ്യാഭ്യാസ ഫണ്ട് കണ്ടെത്തുന്നതിലേക്ക് കേരളം മാറണമെന്നും എം.കെ. മുനീർ പറഞ്ഞു.