രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസസ് കേരളത്തിൽ :ജൂലൈയിൽ തുടക്കം

തിരുവനന്തപുരം: രാജ്യത്തിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സെൻസസ് 2027ൻ്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ കേരളത്തിൽ ജൂലൈ ഒന്നുമുതൽ ആരംഭിക്കുമെന്ന് സെൻസസ് സ്റ്റേറ്റ് നോഡൽ ഓഫീസറും പൊതുഭരണ വകുപ്പ് സെക്രട്ടറിയുമായ കെ ബിജു അറിയിച്ചു. രണ്ട് ഘട്ടങ്ങളായി നടത്തുന്ന സെൻസസില്‍ ഒന്നാം ഘട്ടം വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസും (ഹൗസ് ലിസ്റ്റിംഗ് ഓപ്പറേഷൻ - എച്ച്.എൽ.ഒ) ജൂലൈ ഒന്നുമുതൽ 30 വരെ നടക്കും.
രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിലാണ് നടത്തുക. വിവര ശേഖരണത്തിന് 33 ചോദ്യങ്ങൾ- ഓൺലൈനായും സമർപ്പിക്കാം. അതിൻ്റെ ഭാഗമായി ജൂൺ 16 മുതൽ ആരംഭിക്കുന്ന 15 ദിവസത്തെ സെൽഫ് എന്യൂമറേഷൻ കാലയളവിൽ പൊതുജനങ്ങൾക്ക് https://se.census.gov.in/ പോർട്ടൽ വഴി കുടുംബ വിവരങ്ങൾ നേരിട്ട് സമർപ്പിക്കാനാകും.
സമർപ്പിക്കുന്ന വിവരങ്ങൾ ഫീൽഡ് സന്ദർശനത്തിനിടെ എന്യൂമറേറ്റർമാർ പരിശോധിച്ച് സ്ഥിരീകരിക്കും. വിവര ശേഖരണത്തിനായി അധ്യാപകരും മറ്റ് സർക്കാർ ജീവനക്കാരുമടങ്ങുന്ന എന്യൂമറേറ്റർമാരെയും ഏകദേശം 10,189 സൂപ്പർവൈസർമാരെയും നിയോഗിച്ചിട്ടുണ്ട്. വെബ് മാപ്പിങ് ആപ്ലിക്കേഷൻ ഉപയോഗിച്ച് നിർണയിച്ച ഹൗസ് ലിസ്റ്റിങ് ബ്ലോക്കുകൾ സന്ദർശിച്ചാണ് വിവര ശേഖരണം നടത്തുക. എന്യൂമറേറ്റർമാർ എച്ച്എല്‍ഒ ആപ്പ് ഉപയോഗിച്ചായിരിക്കും വിവരങ്ങൾ ശേഖരിക്കുക.സമ്പൂർണ സെൻസസ് പ്രവർത്തനങ്ങളും സെൻസസ് മാനേജ്മെന്‍റ് ആൻഡ് മോണിറ്ററിങ് സിസ്റ്റം എന്ന വെബ് പോർട്ടൽ മുഖേന ഏകോപിപ്പിക്കപ്പെടും. സെൻസസുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും 1855 എന്ന ടോൾ ഫ്രീ നമ്പറിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാം.
അവസാന സെൻസസ് നടന്നത് 2011ൽ
ഇന്ത്യൻ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ യൂണിയൻ ലിസ്റ്റിൽ 69ാം ക്രമനമ്പരായാണ് സെൻസസ് ഉൾപ്പെടുത്തിയിരിക്കുന്നത്. 1948ലെ സെൻസസ് നിയമവും 1990ലെ സെൻസസ് ചട്ടങ്ങളും അടിസ്ഥാനമാക്കിയാണ് കണക്കെടുപ്പ് നടത്തുന്നത്. 150 വർഷത്തിലേറെ പാരമ്പര്യമുള്ള ഭാരത സെൻസസ് ആദ്യമായി 1872ലും അവസാനമായി 2011ലുമാണ് നടന്നത്. സെൻസസ് 2027 ഈ പരമ്പരയിലെ 16ാമത്തേതും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ എട്ടാമത്തേതുമാണ്.
സെൻസസുമായി ബന്ധപ്പെട്ട സർക്കുലറുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഭാരത രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണറുടെ കാര്യാലയമാണ് പുറപ്പെടുവിക്കുന്നത്. സംസ്ഥാന സർക്കാരുമായുള്ള ഏകോപന ചുമതല ഡയരക്ടറേറ്റ് ഓഫ് സെൻസസ് ഓപ്പറേഷൻസിനാണ്.
പൊതുഭരണ വകുപ്പാണ് സംസ്ഥാനത്തെ നോഡൽ വകുപ്പ്. ഓരോ ജില്ലയിലെയും സെൻസസ് പ്രവർത്തനങ്ങളുടെ ചുമതല ജില്ലാ കളക്ടർമാർ പ്രിൻസിപ്പൽ സെൻസസ് ഓഫീസർമാരെന്ന നിലയിൽ നിർവഹിക്കും. സെൻസസിൻ്റെ വിജയകരമായ പൂർത്തിയാക്കലിന് എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം അദ്ദേഹം അഭ്യർഥിച്ചു.