എ പത്മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത്‌ സിപിഎം

എ പത്മകുമാറിനെ  പാർട്ടിയിൽ നിന്ന്  സസ്‌പെൻഡ് ചെയ്‌ത്‌  സിപിഎം

പത്തനംതിട്ട: തിരുവതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ പത്മകുമാറിനെ പാർട്ടിയിൽ നിന്ന് സി സസ്പെൻഡ് ചെയ്‌തു. തോമസ് ഐസക് പങ്കെടുത്ത സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൻ്റെതാണ് നടപടി.ശബരിമല യുവതി പ്രവേശനം, സ്വർണക്കൊള്ള എന്നീ വിഷയങ്ങളിൽ കഴിഞ്ഞ ദിവസം പദ്‌മകുമാർ പാർട്ടിക്കെതിരെ നടത്തിയ ഗുരുതര വെളിപ്പെടുത്തലളുകളുടെ പശ്ചാത്തലത്തിലാണ് നടപടി. പുറത്താക്കൽ ഉൾപ്പെടെ കടുത്ത നടപടികളിലേക്ക് പാർട്ടി പോകാതിരുന്നത് ആദ്യം സസ്പെൻഷനിലൊതൊക്കി പിന്നീട് സമവായത്തിൻ്റെ പാതയിലേക്ക് എത്തിക്കാനാണെന്നാണ് വിലയിരുത്തൽ. സസ്‌പെൻഷൻ എത്രകാലത്തേക്കാണെന്ന് വ്യക്തമല്ല.

ശബരിമല സ്വർണക്കൊള്ളക്കേസ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിൻ്റെ തോൽവിക്ക് കാരണമായാണ് സംസ്ഥാന നേതൃത്വം വിലയിരുത്തിയിരുന്നത്. ഇത് കണക്കിലെടുത്ത് പദ്‌മകുമാറിനെതിരെ നടപടി എടുക്കാൻ പാർട്ടി സംസ്ഥാന നേതൃത്വം പത്തനംതിട്ട ജില്ലാ കമ്മിറ്റിയോട് നിർദേശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റിയിൽ സസ്പെൻഷൻ നടപടി ഉണ്ടായത്. ജില്ലാ കമ്മിറ്റിക്ക് ശേഷം ജില്ലാ സെക്രട്ടേറിയറ്റ് യോഗവും ചേർന്നിരുന്നു.തനിക്കെതിരെ ഗൂഢാലോചന നടന്നു എന്ന പത്മകുമാറിൻ്റെ കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തലുകളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. ഇതോടെ പദ്‌മകുമാറെനെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഇനി പദ്‌മകുമാർ ആത്മകഥ എഴുതി പാർട്ടിയെ കൂടുതൽ വിവാദത്തിലേക്ക് നയിച്ചാൽ പുറത്താക്കൽ നടപടികളിലേക്കാകും കാര്യങ്ങളുടെ പോക്കെന്നാണ് വിലയിരുത്തപ്പെടുന്നത്. സസ്പെൻഷൻ നടപടിയിലൂടെ പദ്‌മകുമാറിൻ്റെ സമ്മർദ്ദ തന്ത്രങ്ങളുടെ മുനയൊടിച്ചിരിക്കുകയാണ് പാർട്ടി.

എന്നാൽ പദ്‌മകുമാർ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നാണ് കേരളം ഉറ്റു നോക്കുന്നത്. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ സംഭവത്തില്‍ മുൻ എംഎൽഎ കൂടിയായ പത്മകുമാറിനോട്‌ പാർട്ടി പത്തനംതിട്ട ജില്ലാ നേതൃത്വം തപാലിലൂടെ വിശദീകരണം തേടിയിരുന്നു. തെറ്റ് ചെയ്‌തിട്ടില്ലെന്നും പാർട്ടിക്ക് അവ മതിപ്പ് ഉണ്ടാക്കിയിട്ടില്ലെന്നുമായിരുന്നു ദൂതൻ വഴി പദ്‌മകുമാർ വിശദീകരണം നൽകിയത്.ശബരിമല യുവതി പ്രവേശന സമയത്ത് താൻ ചതിക്കപ്പെടുകയായിരുന്നു. യുവതി പ്രവേശനത്തിന് പിന്നില്‍ ചില കരങ്ങള്‍ ഉണ്ടായിരുന്നു എന്നെല്ലാം പുസ്‌തകത്തില്‍ വിവരിച്ചിട്ടുണ്ടെന്ന് പത്മകുമാർ സുഹൃത്തിനോട് പറഞ്ഞു എന്ന രീതിയിലാണ് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നത്.

ശബരിമല സ്വർണക്കൊള്ള കേസിൻ്റെ തുടക്ക സമയത്ത് ആരോപണം പത്മകുമാറിലേക്കും എത്തിയ സമയത്തും ഇദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകൾ ചർച്ചയായിരുന്നു. ദേവസ്വം രേഖകളില്‍ ചെമ്പ് എന്ന് എഴുതിയത് മറ്റാരോ ആണെന്നും അതിന് ശേഷം രേഖകളില്‍ തന്നെ ഒപ്പിടാൻ നിർബന്ധിക്കുകയാണ് ഉണ്ടായതെന്നുമുള്ള ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ആത്മകഥയിൽ ഉള്ളതെന്നാണ് സൂചന.