ബിജെപി നേതാവ് എൻ.ഹരി റബർ ബോർഡിൻ്റെ പുതിയ ചെയർമാൻ

കോട്ടയം: റബർ ബോർഡിൻ്റെ പുതിയ ചെയർമാനായി ബിജെപി നേതാവ് എൻഹരിയെ കേന്ദ്ര സർക്കാർ നിയമിച്ചു. ഇന്ന് രാവിലെയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അങ്ങനെ നീണ്ട 18 മാസത്തെ ഇടവേളയ്ക്ക് ശേഷം റബർ ബോർഡിന് സ്ഥിരം ചെയർമാനെ ലഭിച്ചിരിക്കുകയാണ്. സാധാരണയായി ഐഎഎസ് ഉദ്യോഗസ്ഥരോ മറ്റ് ഉയർന്ന ഉദ്യോഗസ്ഥരോ അലങ്കരിക്കാറുള്ള ഈ പദവിയിലേക്ക്, റബർ ബോർഡിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു രാഷ്ട്രീയ നേതാവ് നിയമിതനാകുന്നത്.കഴിഞ്ഞ ഒന്നര വർഷത്തോളമായി റബർ ബോർഡിന് ഒരു സ്ഥിരം ചെയർമാൻ ഉണ്ടായിരുന്നില്ല. മറ്റ് ഉദ്യോഗസ്ഥർക്ക് അഡീഷണൽ ചാർജ് നൽകിയാണ് ബോർഡിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോയിരുന്നത്. ഇത് കർഷകരുടെ പല അടിയന്തര ആവശ്യങ്ങളിലും തീരുമാനങ്ങൾ വൈകുന്നതിന് കാരണമായിരുന്നു. എന്നാൽ പുതിയ കർഷക സൗഹൃദ തീരുമാനങ്ങളിലൂടെ ബോർഡിൻ്റെ പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടാൻ എൻ. ഹരിക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ.കേരളത്തിലെ റബ്ബർ കര്‍ഷകരോടും സംസ്ഥാനത്തെ അടിസ്ഥാന കര്‍ഷക ജനവിഭാഗത്തോടുമുളള നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രതിബന്ധതയും കരുതലുമാണ് റബ്ബർ മേഖലയില്‍ നിന്നുളള എന്‍. ഹരിയുടെ ചെയര്‍മാന്‍ പദമെന്നാണ് വിലയിരുത്തല്‍. ഐഎഎസ് കേഡറിനു പുറത്തേക്ക് നരേന്ദ്രമോദി സര്‍ക്കാര്‍ റബ്ബർ ബോര്‍ഡ് അധ്യക്ഷപദം നല്‍കാനുളള തീരുമാനം എടുത്തശേഷം ആ പദവിയിലെത്തുന്ന ആദ്യ മലയാളിയുമാണ് എന്‍.ഹരി.സ്വഭാവിക റബ്ബർ ഉത്പാദനത്തില്‍ രാജ്യത്ത് ഒന്നാമതുളള സംസ്ഥാനമായ കേരളത്തിന് ലഭിച്ച വലിയ അംഗീകാരമായിട്ടാണ് ഇതിനെ ഈ മേഖലയിലുള്ളവര്‍ വിലയിരുത്തുന്നത്. 72 ശതമാനത്തില്‍ അധികം സ്വാഭാവിക റബ്ബർ ഉത്പാദിപ്പിക്കുന്ന കേരളത്തിന് റബ്ബർ ബോർഡിൻ്റെ സുപ്രധാനപദവി വേണമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുടെ ശക്തമായ നിലപാടും അതിനായി നടത്തിയ ഇടപെടലുകളുമാണ് റബ്ബർ ബോർഡ് ചെയർമാൻ സ്ഥാനം സംസ്ഥാനത്തിന് ലഭിക്കുന്നതിലേക്ക് നയിച്ചത്. കേരളത്തിനു നല്‍കിയ അഭിമാനാർഹമായ വലിയ അംഗീകാരത്തിന് അങ്ങേയറ്റം കടപ്പെട്ടിരിക്കുകയാണന്നും റബ്ബര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരമാവധി പരിഹരിക്കാന്‍ ശ്രമിക്കുമെന്നും എന്‍. ഹരി മാധ്യമങ്ങളെ അറിയിച്ചു.
സാമൂഹ്യപ്രവർത്തനരംഗത്തെ നിറസാന്നിധ്യ
ബിജെപിയുടെ ആലപ്പുഴ മേഖലാ അധ്യക്ഷനും പ്രഭാരിയുമാണ് എന്‍.ഹരി. മൂന്നു പതിറ്റാണ്ടായി ബിജെപിയുടെ പ്രവര്‍ത്തകനായ അദ്ദേഹം ബിജെപി കോട്ടയം മുന്‍ ജില്ലാ പ്രസിഡൻ്റാണ്. പൊതുസമൂഹത്തിലെ നിറസാന്നിധ്യമായ അദ്ദേഹം നിരവധി ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിച്ചു. പാര്‍ട്ടിയുടെ കേരളത്തിലെ ജനകീയ മുഖങ്ങളില്‍ ഒന്നാണ് ഹരി. നാലു തവണ നിയമസഭയിലേക്ക് മത്സരിച്ചു. കഴിഞ്ഞ മൂന്നുവര്‍ഷമായി റബ്ബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് മെമ്പറായ എൻ. ഹരി ബോര്‍ഡിനെ കൂടുതല്‍ കര്‍മോന്മുഖമാക്കുന്നതിനായി ഒട്ടേറെ ശ്രദ്ധേമായ ഇടപെടലുകള്‍ നടത്തി.റബ്ബര്‍ ബോര്‍ഡില്‍ പല തന്ത്രപ്രധാന തസ്തികകളിലും ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് കേന്ദ്രസര്‍ക്കാരിൻ്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ഫലപ്രദവും സജീവുമായ ഇടപെടലുകളെ തുടര്‍ന്ന് 97 പുതിയ തസ്തികളില്‍ നിയമനത്തിന് സത്വര അനുമതി നല്‍കി. ശാസ്ത്രജ്ഞര്‍ ഫീല്‍ഡ് ഓഫീസര്‍മാര്‍, ഉള്‍പ്പെടെയുളള തസ്തികളിലാണ് നിയമന അനുമതി ലഭിച്ചത്.
ഓഫീസുകള്‍ പുനരാരംഭിക്കല്‍: ജീവനക്കാരുടെ കുറവ് മൂലം കേരളത്തില്‍ അടച്ചുപൂട്ടിയ പല ഫീല്‍ഡ് ഓഫീസുകളും വീണ്ടും തുറക്കുന്നതിനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കി. പത്തുവർഷമായുള്ള ഒഴിവുകളിൽ അടിയന്തര നിയമനം നടത്തിയാണ് ഓഫീസുകൾ സജ്ജമാക്കിയത്.
കേന്ദ്ര ആനുകൂല്യങ്ങള്‍: കേന്ദ്ര സര്‍ക്കാര്‍ റബ്ബര്‍ മേഖലയ്ക്കായി പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകള്‍ കര്‍ഷകരിലേക്ക് എത്തിക്കുന്നതിനും റബ്ബര്‍ മേഖലയിലെ പ്രതിസന്ധികള്‍ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൻ്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി ഇടപെട്ടു.
കര്‍ഷക ക്ഷേമം : ചെറുകിട റബ്ബര്‍ കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡികളും ആനുകൂല്യങ്ങളും സമയബന്ധിതവും കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബോർഡ് യോഗങ്ങളിൽ ആവശ്യമുന്നയിച്ചു, ഇടപെട്ടു.
കോട്ടയം പള്ളിക്കത്തോട് തെക്കേപ്പറമ്പില്‍ നാരായണന്‍ നായരുടെയും സരസമ്മയുടെയും മകനാണ് ഹരി . ഭാര്യ : സന്ധ്യ , മക്കള്‍: അമൃത , സംവൃത.