ലളിതാസഹസ്രനാമം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌ത 13കാരന് 'ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്സി'ൻ്റെ അംഗീകാരം

ആലപ്പുഴ : കായംകുളം ശ്രീനാരായണ സെൻട്രൽ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി വൈഭവ് എ. പിള്ളയ്ക്ക് 'ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്സി'ൻ്റെ അംഗീകാരം .ഹൈന്ദവ ആത്മീയ ഗ്രന്ഥമായ 'ശ്രീ ലളിതാസഹസ്രനാമ'ത്തിലെ കഠിനമായ തത്വങ്ങളെ അതീവ ലളിതമായ ഇംഗ്ലീഷ് ഭാഷയിൽ പരിചയപ്പെടുത്തുന്ന 'എ ഡിവൈൻ വോയേജ്' (A Divine Voyage) എന്ന സവിശേഷമായ പുസ്‌തകം രചിച്ചതിനാണ് ഈ അംഗീകാരം .
ആലപ്പുഴ ജില്ലാ കളക്ടർ ഷാജി വി. നായരാണ് ഈ കൊച്ചു പ്രതിഭയെ തൻ്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെ ലോകത്തിന് മുൻപിൽ പരിചയപ്പെടുത്തിയത്. റെക്കോർഡ് നേട്ടത്തിൻ്റെ സന്തോഷം പങ്കുവെക്കാനായി വൈഭവ് കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ നേരിട്ടെത്തി ജില്ലാ കളക്ടറെ കണ്ടിരുന്നു.
വൈഭവിനെ നേരിട്ട് അഭിനന്ദിച്ചുകൊണ്ട് ജില്ലാ കളക്ടർ കുറിച്ച വാക്കുകൾ ഇങ്ങനെയാണ്:
"ലളിത സഹസ്രനാമത്തിലെ തത്ത്വങ്ങളെ ലളിതമായ ഇംഗ്ലീഷിൽ, എ ഡിവൈൻ വോയേജ് എന്ന പുസ്തകം രചിച്ച 13 കാരനായ വൈഭവ് എന്ന കൊച്ചു മിടുക്കൻ കഴിഞ്ഞ ദിവസം എന്നെ കാണാൻ എത്തി. കായംകുളം ശ്രീനാരായണ സെൻട്രൽ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് വൈഭവ്. കൊച്ചുകുട്ടികൾക്ക് വരെ എളുപ്പത്തിൽ മനസ്സിലാക്കാൻ പാകത്തിൽ ചിട്ടപ്പെടുത്തിയ ഈ പുസ്തകത്തിന് ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്സ് അംഗീകാരവും ലഭിച്ചു. ഈ സന്തോഷം പങ്കുവെക്കുവാനാണ് വൈഭവ് എന്നെ കാണാൻ വന്നത്.അറിവിന്റെ ലോകത്ത് വളരെ ചെറുപ്രായത്തിൽ തന്നെ വലിയ ചുവടുവെപ്പുകൾ നടത്തുന്ന വൈഭവ് എ. പിള്ളയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു "