"ലക്ഷ്‌മിപ്രിയക്കെതിരെ കേസെടുക്കണം"; നടി അൻസിബ ഹസൻ കോടതിയിൽ

എറണാകുളം: നടി ലക്ഷ്‌മി പ്രിയക്കെതിരായ തൻ്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നടി അൻസിബ ഹസൻ കോടതിയെ സമീപിച്ചു. തൃപ്പൂണിത്തുറ മജിസ്ട്രേട്ട് കോടതിയിലാണ് അൻസിബ ഹർജി സമർപ്പിച്ചത്. ഹർജി സ്വീകരിച്ച കോടതി, വിഷയത്തിൽ പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഈ മാസം 17നകം മറുപടി നൽകാനാണ് കോടതി പൊലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്.അതേസമയം, താര സംഘടനയിലെ സഹ പ്രവർത്തകർക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് പിന്നോട്ട് ഇല്ലെന്ന് വ്യക്തമാക്കി താര സംഘടന 'അമ്മ' (AMMA) നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ശക്തമായ ഭാഷയിൽ അൻസിബ മറുപടി നൽകിയിരുന്നു. താൻ സംഘടനയുടെ ഏത് ബൈലോ ആണ് ലംഘിച്ചതെന്ന് കൃത്യമായി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് അൻസിബ 'അമ്മ' പ്രസിഡൻ്റിനും ജനറൽ സെക്രട്ടറിക്കും കത്ത് അയച്ചിട്ടുണ്ട്.ഇമെയിൽ വഴി ലഭിച്ച കാരണം കാണിക്കൽ നോട്ടീസിനാണ് നടി ഇ-മെയിൽ വഴി വിശദീകരണം നൽകിയിരിക്കുന്നത്. ലക്ഷ്‌മിപ്രിയ, ടിനി ടോം എന്നിവർക്കെതിരെ താൻ ഉന്നയിച്ച വിഷയങ്ങൾ തികച്ചും വ്യക്തിപരമാണെന്നും അതിൽ സംഘടനയ്ക്ക് ഇടപെടേണ്ട കാര്യമില്ലെന്നും അൻസിബ കത്തിൽ ചൂണ്ടിക്കാണിക്കുന്നു.തനിക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള അച്ചടക്ക ലംഘനം എന്താണെന്ന് കൃത്യമായി അറിയിക്കാൻ സംഘടന തയ്യാറാകണമെന്ന് അൻസിബ ആവശ്യപ്പെട്ടു. കൃത്യമായ ഒരു മറുപടി സമർപ്പിക്കാൻ കഴിയുന്ന തരത്തിൽ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത നൽകേണ്ടതുണ്ട്. 'അമ്മ' ബൈലോകളുടെ ആർട്ടിക്കിൾ 5 പ്രകാരമുള്ള ഏത് വകുപ്പാണ് താൻ ലംഘിച്ചതെന്നും ആരോപിക്കപ്പെടുന്ന ലംഘനത്തിൻ്റെ കൃത്യമായ സ്വഭാവം എന്താണെന്നും സംഘടന വ്യക്തമാക്കണമെന്നും നടി ആവശ്യപ്പെടുന്നു.ലക്ഷ്‌മിപ്രിയ, ടിനി ടോം എന്നിവരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇരുവർക്കുമെതിരെ പരാതികൾ ഉണ്ടായിരുന്നിട്ടും 'അമ്മ' ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അൻസിബ കത്തിൽ കുറ്റപ്പെടുത്തുന്നു