പ്രതിപക്ഷ ഉപനേതാവ് പദവി; സി.പി.ഐ-സി.പി.എം തർക്കം മുറുകുന്നു, നിലപാടിലുറച്ച് ബിനോയ് വിശ്വം

പ്രതിപക്ഷ ഉപനേതാവ് പദവി; സി.പി.ഐ-സി.പി.എം തർക്കം മുറുകുന്നു, നിലപാടിലുറച്ച് ബിനോയ് വിശ്വം

തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് ഇടതുമുന്നണിക്കുള്ളിൽ തർക്കം തുടരുന്നു. എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം ചേരുന്നതിന് മുൻപ് തന്നെ വിഷയത്തിൽ തീരുമാനമുണ്ടാകണമെന്ന ആവശ്യവുമായി സി.പി.ഐ രംഗത്തെത്തി. ഇത് സംബന്ധിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഔദ്യോഗികമായി കത്തുനൽകി.പ്രതിപക്ഷ ഉപനേതാവ് പദവി ഔദ്യോഗിക സ്ഥാനമല്ലെന്നും അതിനാൽ സി.പി.ഐക്ക് അത് വിട്ടുനൽകേണ്ടതില്ലെന്നുമാണ് സി.പി.എമ്മിന്റെ പ്രാഥമിക നിലപാട്. ഇതിന്റെ ഭാഗമായി കെ.എൻ. ബാലഗോപാലിനെ സി.പി.എം ഈ ചുമതലയിലേക്ക് നിയോഗിക്കുകയും നിയമസഭാ സമ്മേളനത്തിൽ അദ്ദേഹത്തിന് പ്രതിപക്ഷ ഉപനേതാവിന്റെ സീറ്റ് നൽകുകയും ചെയ്തിരുന്നു. സി.പി.എമ്മിന്റെ ഈ നടപടിയിൽ സി.പി.ഐക്ക് കടുത്ത അതൃപ്തിയുണ്ട്. എങ്കിലും തർക്കങ്ങൾ ഒഴിവാക്കി മുന്നണിക്കുള്ളിൽ ചർച്ചയിലൂടെ പരിഹാരം കാണാനാണ് നേതൃത്വം ശ്രമിക്കുന്നത്.വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി എം.വി. ഗോവിന്ദൻ രംഗത്തെത്തി. പ്രതിപക്ഷ ഉപനേതാവ് പദവി നിശ്ചയിച്ച കാലം മുതൽ എൽ.ഡി.എഫിൽ ഈ സ്ഥാനം സി.പി.എമ്മിനാണ് ലഭിച്ചുവരുന്നതെന്നും, അതൊരു കീഴ്വഴക്കമാണെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

എന്നാൽ, തങ്ങളുടെ ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് ബിനോയ് വിശ്വം തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ഭിന്നതയിലേക്കോ സംഘർഷത്തിലേക്കോ പോകാതെ മുന്നണിക്കുള്ളിൽ തന്നെ വിഷയം ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നണിയിലെ പ്രധാന കക്ഷികൾ തമ്മിലുള്ള ഈ അഭിപ്രായവ്യത്യാസം വരും ദിവസങ്ങളിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കും.