‘ഓപ്പറേഷൻ തൂഫാൻ’! സംസ്ഥാനത്ത് 137 അറസ്റ്റ്; 104 കേസുകൾ രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വ്യാപനത്തിനെതിരെ പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി തുടരുന്നു. ഇന്ന് നടത്തിയ വ്യാപകമായ തിരച്ചിലിൽ 137 പേർ അറസ്റ്റിലായി. വിവിധ പോലീസ് സ്റ്റേഷനുകളിലായി 104 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഏകദേശം 500 ഗ്രാം എംഡിഎംഎ പിടിച്ചെടുക്കാൻ പോലീസിന് സാധിച്ചു. കൊച്ചി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നാണ് വാണിജ്യ അളവിൽ ലഹരിമരുന്ന് കണ്ടെത്തിയത്.അന്തർസംസ്ഥാന തലത്തിലും പരിശോധനകൾ കർശനമാക്കുമെന്നും, ഇതിനായി അയൽ സംസ്ഥാനങ്ങളുമായി ചർച്ചകൾ നടത്തുമെന്നും സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. ലഹരി കടത്തിലെ പ്രധാന കണ്ണികളെ പിടികൂടാൻ ബുദ്ധിമുട്ട് നേരിടാറുണ്ട്. എന്നാൽ ഇത്തവണ അവരെ കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ. എംഡിഎംഎ പ്രധാനമായും എത്തുന്നത് ബംഗളൂരുവിൽ നിന്നാണ്. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് ഏകദേശം 30 ലക്ഷം രൂപയോളം വിപണി വില വരും, അദ്ദേഹം പറഞ്ഞു.
പോലീസുകാരുടെ സ്ഥലംമാറ്റ നടപടികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. മലപ്പുറം ജില്ലയിൽ കരിപ്പൂരിലും തിരൂരിലുമായിരുന്നു പ്രധാന ലഹരിവേട്ട. കരിപ്പൂർ അറഫാ വില്ലയിൽ അസ്ഫാക്കിനെ (28) 16 ഗ്രാം എംഡിഎംഎയുമായി പിടികൂടി. തിരൂരിലെ ആശാൻ പടി, പടിഞ്ഞാറക്കര, അഴിമുഖം എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമായി വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന അഞ്ഞൂറിലധികം ഹാൻസ് പാക്കറ്റുകളും പോലീസ് കണ്ടെടുത്തു.