സുരേഷ്‌ഗോപി വാക്കുപാലിച്ചു : ഗംഗയ്ക്കിനി കൂലിപ്പണിക്ക് പോകേണ്ട

സുരേഷ്‌ഗോപി വാക്കുപാലിച്ചു : ഗംഗയ്ക്കിനി കൂലിപ്പണിക്ക് പോകേണ്ട

ഇടുക്കി: ബൈസണ്‍വാലി സ്വദേശി ഗംഗയ്ക്ക് ഓട്ടോറിക്ഷ വാങ്ങി നല്‍കി വാക്കു പാലിച്ച്‌ സുരേഷ് ഗോപി. സ്വയംതൊഴില്‍ പദ്ധതിക്ക് ലോണ്‍ അനുവദിക്കാത്ത ബാങ്കിനെ കുറിച്ച്‌ പരാതി പറഞ്ഞ ഗംഗയ്ക്ക് മന്ത്രി ഓട്ടോ തന്നെ വാങ്ങി നല്‍കുക ആയിരുന്നു.ബൈസണ്‍വാലി മുട്ടുകാട് അമ്പാട്ട് ഗംഗ ഋഷികേശിനാണ് അതിജീവനത്തിനായി മന്ത്രി ഓട്ടോറിക്ഷ വാങ്ങി നല്‍കിയത്. ഭര്‍ത്താവ് കിടപ്പിലായതോടെ ഗംഗയ്ക്ക് കൃത്യമായി ജോലിക്ക് പോകാന്‍ കഴിയുന്നില്ല. 

ഈ സാഹതര്യത്തിലാണ് സ്വയം തൊഴില്‍ എന്ന ആശയത്തിലേക്ക് എത്തിയത്. ഇതിനായി മുദ്രാ ലോണിന് അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. ഇതോടെയാണ് മന്ത്രിയെ കണ്ട് പരാതി പറഞ്ഞത്. എന്നാല്‍ സുരേഷ് ഗോപി ലോണിന് പകരം ഓട്ടോ തന്നെ വാങ്ങി നല്‍കുക ആയിരുന്നു.രണ്ട് പതിറ്റാണ്ടിലധികമായി ഏലത്തോട്ടങ്ങളില്‍ കൂലിപ്പണിക്ക് പോയാണ് ഗംഗ കുടുംബം പുലര്‍ത്തുന്നത്. ബസ് ഡ്രൈവറായിരുന്ന ഭര്‍ത്താവ് ഋഷികേശിന് ജീവിതശൈലീ രോഗങ്ങളെത്തുടര്‍ന്ന് 13 വര്‍ഷമായി ജോലിക്ക് പോകാനാകുന്നില്ല. ഇതോടെ ഗംഗയുടെ കഷ്ടപ്പാടുകള്‍ ഇരട്ടിയായി. ഇതോടെയാണ് സ്വയംതൊഴില്‍ കണ്ടെത്തി കുടുംബം മുന്നോട്ടു കൊെണ്ടുപോകണമെന്ന് ആഗ്രഹിച്ചത്. ഇതിനായി ഏഴു വര്‍ഷം മുന്‍പ് ദേശസാല്‍കൃത ബാങ്കില്‍ മുദ്ര ലോണിന് അപേക്ഷിച്ചെങ്കിലും അങ്ങനെയാെരു പദ്ധതിയില്ലെന്നായിരുന്നു അന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞത്.

അങ്ങനെയിരിക്കെയാണ് 2025 സെപ്റ്റംബര്‍ 30ന് മൂലമറ്റത്ത് നടക്കുന്ന കലുങ്ക് സൗഹൃദ സംഗമത്തില്‍ സുരേഷ് ഗോപി പങ്കെടുക്കുന്നതായി ഗംഗ അറിയുന്നത്. തുടര്‍ന്ന് 130 കിലോമീറ്ററോളം സ്‌കൂട്ടര്‍ ഓടിച്ച്‌് ഗംഗ മൂലമറ്റത്തെത്തി. വീട്ടുവിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ സുരേഷ് ഗോപിയോട് മുദ്ര ലോണ്‍ നിഷേധിച്ചതിനെ കുറിച്ച്‌ പറഞ്ഞപ്പോള്‍ ഓട്ടോറിക്ഷ വാങ്ങി നല്‍കാമെന്നാ കേന്ദ്ര മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പിഎ ഗംഗയെ ഫോണില്‍ വിളിച്ച്‌ കമ്പനിയിലേക്ക് പണം നല്‍കിയിട്ടുണ്ടെന്നും അടിമാലിയിലെ ഷോറൂമില്‍ നിന്ന് ഓട്ടോറിക്ഷ എടുക്കാമെന്നും അറിയിക്കുകയായിരുന്നു.അടുത്ത ദിവസം മുതല്‍ ഓട്ടോറിക്ഷ ഓടിച്ചു തുടങ്ങാമെന്ന പ്രതീക്ഷയിലാണ് ഗംഗ. ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടിന്റെ നിര്‍മാണം നടക്കുമ്പോഴാണ് കേന്ദ്ര മന്ത്രിയുടെ സമ്മാനമായി ഓട്ടോറിക്ഷ ഗംഗയുടെ വീട്ടിലെത്തിയത്. വിഡിയോ കോളില്‍ വിളിച്ച സുരേഷ് ഗോപിയോട് ഗംഗ നന്ദിയറിയിച്ചു.