"പ്രത്യേക പാക്കേജുകൾ കൊണ്ടുവരും " : അടയ്‌ക്ക കര്‍ഷകരുടെ പ്രതിസന്ധികള്‍ പരിഹരിക്കാനൊരുങ്ങി സര്‍ക്കാര്‍

"പ്രത്യേക പാക്കേജുകൾ കൊണ്ടുവരും " : അടയ്‌ക്ക കര്‍ഷകരുടെ  പ്രതിസന്ധികള്‍ പരിഹരിക്കാനൊരുങ്ങി സര്‍ക്കാര്‍

വയനാട്: അടയ്ക്ക കൃഷിയെ ബാധിക്കുന്ന ഗുരുതര പ്രതിസന്ധികള്‍ പഠിച്ച് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാർ രംഗത്ത്. കാർഷിക വിദഗ്‌ധരും ശാസ്ത്രജ്ഞരും ഉൾപ്പെടുന്ന ജില്ലാതല ടാസ്‌ക്‌ ഫോഴ്‌സുകൾ രൂപീകരിക്കാൻ തീരുമാനം. കർഷകരുടെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം.മഞ്ഞളിപ്പ്, കുമിൾ രോഗം തുടങ്ങി വിവിധ രോഗങ്ങൾ കാരണം വയനാട് ജില്ലയിൽ അടക്കം പലയിടങ്ങളിലും അടയ്ക്ക കൃഷി കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഉത്‌പാദന ക്ഷമത പല സ്ഥലങ്ങളിലും നാലിലൊന്നായി കുറഞ്ഞ സാഹചര്യമാണ് നിലവിലുള്ളത്. ഈ പശ്ചാത്തലത്തിൽ മന്ത്രി ടി സിദ്ദീഖിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം ജില്ലാതല ടാസ്‌ക്‌ ഫോഴ്‌സുകൾ രൂപീകരിക്കാൻ തീരുമാനിച്ചു.സ്‌പെഷല്‍ പാക്കേജുകള്‍ കൊണ്ടുവരും: നല്ല രോഗ പ്രതിരോധ ശേഷിയുള്ള വിത്തിനങ്ങളെ വാര്‍ത്തെടുക്കാനും നിലവില്‍ ഉള്ളതിനെ ശക്തിപ്പെടുത്താനുമുള്ള നടപടി ഉള്‍പ്പെടെയുണ്ടാകുമെന്നും മന്ത്രി. കേന്ദ്ര സര്‍ക്കാരിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും സ്‌കീമുകളും മറ്റ് സ്‌കീമുകളും സംയോജിപ്പിച്ചിട്ടുള്ള ഒരു മിഷന്‍ ഇക്കാര്യത്തില്‍ ഉണ്ടാകും. സ്‌പെഷല്‍ പാക്കേജുകളെ പോലെ തന്നെയുള്ള പ്രത്യേക സമീപനം ഇതിനുണ്ടാകും. വിലയില്‍ വലിയ കൂപ്പുകുത്തലാണ് ഉണ്ടായിട്ടുള്ളത്. ഇതിനായി പ്രത്യേക മിഷന്‍ കൊണ്ടുവരികയാണ്. അതോടൊപ്പം മുഴുവന്‍ ഫാമുകളും സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.കാസർകോട് മുതൽ പാലക്കാട് വരെയും ചില തെക്കൻ ജില്ലകളിലും അടയ്ക്ക കർഷകർ നേരിടുന്ന പ്രതിസന്ധി പ്രത്യേകം പഠിക്കാനാണ് തീരുമാനം. രോഗ ബാധയ്ക്കും ഉത്‌പാദന കുറവിനും പിന്നിലെ യഥാർഥ കാരണങ്ങൾ കണ്ടെത്തി പരിഹാര നിർദേശങ്ങൾ സമർപ്പിക്കാനാണ് ടാസ്‌ക്‌ ഫോഴ്‌സുകൾക്ക് ചുമതല നൽകിയിരിക്കുന്നത്.