"ബജറ്റിലെ മദ്യനയവും കരിമണൽ ഖനനവും പിൻവലിക്കണം" ; വി.എം. സുധീരൻ

"ബജറ്റിലെ മദ്യനയവും കരിമണൽ ഖനനവും പിൻവലിക്കണം" ;  വി.എം. സുധീരൻ

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ച യു.ഡി.എഫ് സർക്കാരിന്റെ കന്നി ബജറ്റിലെ വിവാദ നിർദ്ദേശങ്ങൾ അടിയന്തിരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയച്ചു .സംസ്ഥാനത്ത് മദ്യവ്യാപനത്തിനും സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിനും വഴിയൊരുക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങളിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്തിരിയണമെന്ന് സുധീരൻ കത്തിൽ ശക്തമായി ആവശ്യപ്പെട്ടു.യു.ഡി.എഫിന്റെ പ്രഖ്യാപിത ഉദ്ദേശലക്ഷ്യങ്ങൾക്കും മദ്യവർജ്ജന നയങ്ങൾക്കും തികച്ചും വിപരീതവും സമൂഹത്തിൽ മദ്യപാനത്തെ പരസ്യമായി പ്രോത്സാഹിപ്പിക്കുന്നതുമായ ഈ പുതിയ നിർദ്ദേശവുമായി സർക്കാർ ഒരുകാരണവശാലും മുന്നോട്ടുപോകരുതെന്ന് സുധീരൻ കത്തിൽ വ്യക്തമാക്കി. ലഹരിമുക്ത കേരളമെന്ന യു.ഡി.എഫ് വാഗ്ദാനത്തിന് വിരുദ്ധമാണ് കന്നി ബജറ്റിലെ ഈ മദ്യനയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനൊപ്പം ആലപ്പുഴ തീരദേശത്തെ ജനജീവിതത്തിനും പരിസ്ഥിതിക്കും അങ്ങേയറ്റത്തെ ആഘാതം വരുത്തിവയ്ക്കുന്ന കരിമണൽ ഖനനത്തിന് അവസരമൊരുക്കുന്ന ബജറ്റ് നിർദ്ദേശവും പൂർണ്ണമായി പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വൻകിട കരിമണൽ കർത്താക്കൾക്ക് ആലപ്പുഴയുടെ തീരം തീറെഴുതാനുള്ള ഒരു നീക്കവും നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും, ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും സുധീരൻ കത്തിലൂടെ അഭ്യർത്ഥിച്ചു.