ഇടിമിന്നലേറ്റ് വില്ലേജ് ഓഫീസ് ജീവനക്കാരിക്ക് ദാരുണാന്ത്യം, ഭർത്താവുൾപ്പെടെ രണ്ടുപേർക്ക് പരിക്ക്

ഇടിമിന്നലേറ്റ് വില്ലേജ് ഓഫീസ് ജീവനക്കാരിക്ക്  ദാരുണാന്ത്യം, ഭർത്താവുൾപ്പെടെ രണ്ടുപേർക്ക് പരിക്ക്

കണ്ണൂർ: ജില്ലയിൽ മലയോര മേഖലയിലുണ്ടായ കനത്ത ഇടിമിന്നലിൽപ്പെട്ട് യുവതി ദാരുണമായി മരണപ്പെട്ടു  ചെറുപുഴ സ്വദേശിനിയും പുളിങ്ങോം വില്ലേജ് ഓഫീസിലെ ജീവനക്കാരിയുമായ അഞ്ജു മാത്യു (31) ആണ് മരിച്ചത്. ആലക്കോട് കാപ്പിമല മഞ്ഞപ്പുല്ലിൽ വെച്ചാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം ഉണ്ടായത്.അപകടത്തിൽ അഞ്ജുവിനൊപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് ഇടിമിന്നലേറ്റ് പരിക്കേറ്റിട്ടുണ്ട്. അഞ്ജുവിന്റെ ഭർത്താവ് സോനു സെബാസ്റ്റ്യൻ, ഫോറസ്റ്റ് വാച്ചറായ സനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. എന്നാൽ ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കാപ്പിമല മഞ്ഞപ്പുൽ മേഖലയിൽ ഉണ്ടായ ശക്തമായ കാറ്റിലും കനത്ത ഇടിമിന്നലിലുമാണ് ഇവർക്ക് അപകടം സംഭവിച്ചത്. ജോലി സംബന്ധമായ ആവശ്യത്തിനോ യാത്രയ്ക്കോ ഇടയിലാണ് അപകടമെന്നാണ് സൂചന. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി