നടി ഗൗതമി എഐഎഡിഎംകെ യിൽനിന്ന് രാജിവെച്ചു

നടി ഗൗതമി  എഐഎഡിഎംകെ യിൽനിന്ന് രാജിവെച്ചു

ചെന്നൈ: പ്രശസ്‌ത തെന്നിന്ത്യൻ നടി ഗൗതമി  എഐഎഡിഎംകെ പാർട്ടിയിൽനിന്ന് രാജിവെച്ചു. നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് പാർട്ടിയുടെ പ്രാഥമിക അംഗത്വവും ഡെപ്യൂട്ടി പ്രചാരണ സെക്രട്ടറി പദവിയും രാജിവെക്കുകയാണെന്ന് നടി വ്യക്തമാക്കി. എഐഎഡിഎംകെയുടെ ഡെപ്യൂട്ടി പ്രൊപ്പഗാണ്ട സെക്രട്ടറിയായി സേവനമനുഷ്‌ഠിച്ചിരുന്ന നടി ഗൗതമി തടിമല്ല തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്.എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിക്ക് അയച്ച കത്തിൽ, നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത്, സാധാരണക്കാരുമായി കൂടുതൽ സമ്പർക്കം പുലർത്താനും സാമൂഹിക സേവന രംഗത്ത് കൂടുതൽ ഊർജത്തോടെ സജീവമാകാനും വേണ്ടിയാണ് രാജിയെന്നും ഇതിന് പിന്നിൽ മറ്റ് താൽപ്പര്യങ്ങളില്ലെന്നും അവർ കൂട്ടിച്ചേർത്തു. എഐഎഡിഎംകെയിൽ ചേർന്ന ദിവസം മുതൽ എല്ലാ വിധത്തിലും തന്നോട് സഹകരിച്ച മുൻ എഐഎഡിഎംകെ മന്ത്രിമാർ, പാർട്ടി മുതിർന്ന പ്രവർത്തകർ, കേഡർമാർ എന്നിവരോടും നടി നന്ദി പറഞ്ഞു.എഐഎഡിഎംകെയിൽ ചേരുന്നതിന് മുമ്പ് രണ്ട് പതിറ്റാണ്ടിലേറെയായി ബിജെപിയിൽ ദീർഘകാല അംഗമായിരുന്നു ഗൗതമി. വ്യക്തിപരമായ കാര്യങ്ങളിൽ പാർട്ടി നേതൃത്വത്തിൻ്റെ പിന്തുണയില്ലെന്ന് ചൂണ്ടിക്കാട്ടി 2023 ഒക്ടോബറിൽ ഗൗതമി ബിജെപി വിട്ടു. ഗൗതമിയുടെ പണം തട്ടിയെടുത്ത സി അഴകപ്പന്‍ എന്നയാളെ ബിജെപി നേതാക്കള്‍ പിന്തുണച്ചു എന്നാരോപിച്ചാണ് അവര്‍ ബിജെപി വിട്ടത്. പ്രതിസന്ധി ഘട്ടത്തില്‍ ബിജെപിയില്‍ നിന്ന് പിന്തുണ ലഭിച്ചില്ലെന്നും രാജപാളയം നിയമസഭാ മണ്ഡലത്തില്‍ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് ചതിക്കപ്പെട്ടുവെന്നും ഗൗതമി ആ സമയത്ത് ആരോപിച്ചിരുന്നു.

2024 ഫെബ്രുവരിയിൽ പളനിസ്വാമിയുടെ സാന്നിധ്യത്തിൽ എഐഎഡിഎംകെയിൽ ചേരുകയും പിന്നീട് ആ വർഷം ഒക്ടോബറിൽ പാർട്ടിയുടെ ഡെപ്യൂട്ടി പ്രൊപ്പഗാണ്ട സെക്രട്ടറിയായി നിയമിക്കപ്പെടുകയും ചെയ്‌തു. 2026 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഗൗതമി സംസ്ഥാനത്തുടനീളം എഐഎഡിഎംകെ, എൻഡിഎ സഖ്യത്തിനായി സജീവമായി പ്രചാരണം നടത്തി.