3പേരുടെ മരണത്തിനിടയാക്കിയ ഗോവിന്ദപുരി തീപിടിത്തം ആസൂത്രിതം

3പേരുടെ മരണത്തിനിടയാക്കിയ  ഗോവിന്ദപുരി തീപിടിത്തം ആസൂത്രിതം

ന്യൂഡൽഹി: ഡൽഹിയിലെ ഗോവിന്ദപുരിയിലുണ്ടായ വൻ തീപിടിത്തത്തിന് പിന്നിൽ ആസൂത്രിതമായ ക്രിമിനൽ ഗൂഢാലോചനയെന്ന് പൊലീസ്. മൂന്ന് പേരുടെ മരണത്തിനും എട്ട് പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ തീപിടിത്തം മനഃപൂർവം വരുത്തിവെച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 17 വയസ്സുകാരി ഉൾപ്പെടെ നാല് പേരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സരിത, നിരഞ്ജൻ, രാജ്‌കുമാർ എന്നിവരെ പൊലീസ് ചോദ്യം ചെയ്‌തു വരുന്നു. വിദഗ്‌ധമായ പരിശോധനയ്‌ക്കൊടുവിലാണ് പൊലീസ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.

ഭാരതീയ ന്യായ സംഹിത പ്രകാരം (ബിഎൻഎസ്) ​ഗൂഢാലോചന, കൊലപാതകശ്രമം, മനഃപൂർവമല്ലാത്ത നരഹത്യ, അതിക്രമിച്ചു കടക്കൽ തുടങ്ങിയ കടുത്ത വകുപ്പുകൾ പ്രതികൾക്കെതിരെ പൊലീസ് പുതുതായി ചുമത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള സരിത, നിരഞ്ജൻ, രാജ്കുമാർ എന്നിവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.ആദ്യം സാധാരണ തീപിടിത്തമെന്ന നിലയിലാണ് കേസെടുത്തതെങ്കിലും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. തീപിടിത്തത്തിന് തൊട്ടുമുമ്പ് ഒരു യുവതി കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പൊലീസ് തിരിച്ചറിഞ്ഞതും കസ്റ്റഡിയിലെടുത്തതും. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റ് മൂന്ന് പേരെയും അറസ്‌റ്റ് ചെയ്‌തതെന്ന് ഡിസിപി ഹേമന്ത് തിവാരി വ്യക്തമാക്കി.

പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്‌തതിലൂടെയാണ് പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. കെട്ടിടത്തിലെ അഞ്ചാം നിലയിൽ താമസിക്കുന്ന ദീപക് എന്നയാളുമായി ഉണ്ടായ പണമിടപാട് തർക്കത്തെത്തുടർന്ന് സരിത (27) എന്ന സ്ത്രീയാണ് തീ വെയ്ക്കാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പ്രേരണ നൽകിയത്. ദീപക്കിൻ്റെ സ്കൂട്ടർ കത്തിക്കാനായി സരിത തന്നെയാണ് പെൺകുട്ടിക്ക് പെട്രോളും തീപ്പെട്ടിയും എത്തിച്ചു നൽകിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. സ്കൂട്ടറിന് വെച്ച തീ പിന്നീട് കെട്ടിടത്തിലേക്ക് പടരുകയായിരുന്നു.

വ്യക്തിവൈരാഗ്യം തീർക്കാനായി ഈ ഗൂഢാലോചന പൂർണമായും ആസൂത്രണം ചെയ്തത് ഗോവിന്ദപുരി സ്വദേശികളായ നിരഞ്ജൻ (33), സഹോദരൻ രാജ്കുമാർ (27) എന്നിവരാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇവരെയും പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

ദാരുണമായ സംഭവം 

ഗോവിന്ദ്‌പുരി തുഗ്ലക്കാബാദ് എക്‌സ്‌റ്റൻഷനിലെ ബഹുനില കെട്ടിടത്തിൽ ജൂൺ 12 ന് പുലർച്ചെ 2.20 ഓടെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിൻ്റെ താഴത്തെ നില മുതൽ അഞ്ചാം നില വരെ തീ ആളിപ്പടരുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. ഇവരെ ചികിത്സയ്ക്കായി എയിംസ് ട്രോമ സെൻ്ററിലേക്കും സഫ്‌ദർജംഗ് ആശുപത്രിയിലേക്കും മാറ്റി. പങ്കജ് പാണ്ഡെ, സഹോദരി സോണിയ, മാതൃമ്മ സുശീല ദേവി എന്നിവർ ചികിത്സയ്ക്കിടെ മരിച്ചു. അഗ്നിശമന സേനയും പൊലീസും എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.