18 വയസിന് മുകളിലുള്ളവര്‍ക്ക് ഇനി ആധാര്‍ കാര്‍ഡ് ഇല്ല; തീരുമാനവുമായി അസം സര്‍ക്കാര്‍

ഗുവഹാത്തി: 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ആധാര്‍ കാര്‍ഡുകള്‍ നല്‍കേണ്ടതില്ലെന്ന് അസം സര്‍ക്കാര്‍. മുഖ്യമന്ത്രി ഹിമന്തബിശ്വ ശര്‍മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് തീരുമാനം. അനധികൃത കുടിയേറ്റക്കാര്‍ക്ക് അധാര്‍ കാര്‍ഡ് ലഭിക്കാതിരിക്കാനാണ് നടപടിയെന്നാണ് വിശദീകരണം.അസാധാരണമായ കേസുകളില്‍ ഒഴികെ പ്രായപൂര്‍ത്തിയായവര്‍ക്ക് ഇനി ആധാര്‍ കാര്‍ഡുകള്‍ നല്‍കില്ലെന്ന് കാബിനറ്റ് യോഗത്തിന് ശേഷം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു. പതിനെട്ട് വയസിന് മുകളിലുള്ളവര്‍ ആധാറിനുള്ള അപേക്ഷകള്‍ ജില്ലാ കലക്ടര്‍ വഴി അയക്കേണ്ടതുണ്ടെന്നും, ഇത് അംഗീകാരത്തിനായി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അപേക്ഷകന്‍ ആധാര്‍ കാര്‍ഡിന് യോഗ്യനാണോ എന്ന് അതിനുശേഷം സര്‍ക്കാര്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.നിലവിലെ ജനസംഖ്യ അനുസരിച്ച് അധാര്‍ കാര്‍ഡ് വിതരണം ഏതാണ്ട് നൂറ് ശതമാനം പൂര്‍ത്തിയായതായി മുഖ്യമന്ത്രി പറഞ്ഞു. ചില ജില്ലകളില്‍ ജനസംഖ്യയെക്കാള്‍ കുടുതല്‍ അധാര്‍ അപേക്ഷകള്‍ ലഭിക്കുന്നുണ്ടെന്നും ഇത് ബംഗ്ലാദേശി കുടിയേറ്റക്കാരാണെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. അപേക്ഷ നല്‍കുന്നവര്‍ ആരാണെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അനധികൃത ബംഗ്ലാദേശികളാരും ആധാര്‍ കാര്‍ഡ് കൈക്കലാക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഈ നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, തോട്ടം തൊഴിലാളി സമൂഹത്തിലെയും പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെയും പലര്‍ക്കും ഇനിയും ആധാര്‍ ലഭിക്കാനുള്ളതിനാല്‍ അവര്‍ക്ക് കാര്‍ഡുകള്‍ നല്‍കുന്നത് തുടരുമെന്ന് ശര്‍മ്മ പറഞ്ഞു. ഇവര്‍ക്ക് 2027 മാര്‍ച്ച് 31 വരെ സമയം അനുവദിക്കും. ഏപ്രില്‍ 1 മുതല്‍ ഈ വിഭാഗങ്ങളില്‍ പെട്ട 18 വയസ്സിന് മുകളിലുള്ളവര്‍ക്കും ആധാര്‍ കാര്‍ഡുകള്‍ നല്‍കുന്നത് നിര്‍ത്തലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.